Home » ന്യൂസ് & വ്യൂസ് » ശബരിമല സ്ത്രീ പ്രവേശനം; റിവ്യൂ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം

ശബരിമല സ്ത്രീ പ്രവേശനം; റിവ്യൂ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസിന്റെ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗം തലസ്ഥാനത്ത് ഇന്ന് ചേരും. ഈ യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും.

ഈ യോഗത്തില്‍ തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചി എന്നീ ദേവസ്വം ബോര്‍ഡുകളിലെ മുന്‍ പ്രസിഡന്റുമാരും അംഗങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി വേണ്ടെന്ന് തീരുമാനിച്ച ശേഷമാണ് കോണ്‍ഗ്രസ് പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.

കോണ്‍ഗ്രസിന് വേണ്ടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനായിരിക്കും സുപ്രീംകോടതിയെ സമീപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനാണ് കോണ്‍ഗ്രസ് ഇന്ന് യോഗം ചേരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കോടതി വിധി മറികടക്കുന്നതിനായി പുതിയ നിയമനിര്‍മ്മാണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply