Home » ന്യൂസ് & വ്യൂസ് » മഴയുടെ ശക്തി കുറയുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴയുടെ ശക്തി കുറയുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലക്ഷദ്വീപിനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെയാണ് കേരളത്തില്‍ മഴ കുറഞ്ഞത്. ന്യൂനമര്‍ദ്ദം 87 കിലോമീറ്ററിലേറെ വേഗം കൈവരിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. മഴ കുറഞ്ഞതോടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് യെല്ലോ അലര്‍ട്ടാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ച് യെല്ലോ അലര്‍ട്ടാക്കി. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.

അതേസമയം, മഴ മാറിയെങ്കിലും ഇന്നും നാളെയും കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിലേക്കുള്ള യാത്രാനിയന്ത്രണം തുടരും. ദുരന്തസാദ്ധ്യത കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചിരുന്നു. പൊലീസ്, അഗ്‌നിശമന സേന എന്നിവര്‍ നാളെയും ജാഗ്രത തുടരണം എന്നും അറിയിപ്പുണ്ട്. തൃശൂരില്‍ രണ്ടും കോഴിക്കോട്, പാലക്കാട്, മലപ്പുറം, ഇടുക്കി,വയനാട് ജില്ലകളില്‍ ഓരോ ടീമിനെയുമാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ഇവര്‍ ഒരു ദിവസം കൂടി അതാത് സ്ഥലങ്ങളില്‍ തുടരും.

കനത്ത മഴയും പ്രളയസാധ്യതയും കണക്കിലെടുത്ത് ജലവിഭവ വകുപ്പിന്റെ 16 അണക്കെട്ടുകളുള്‍പ്പെടെ സംസ്ഥാനത്തെ 42 ഡാമുകള്‍ തുറന്നിരുന്നു. പെരിയാറിലെ ഭൂതത്താന്‍കെട്ടും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം ജില്ലകളിലെ എല്ലാ ഡാമുകളും തുറന്നിരുന്നു.

അതേസമയം ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവര്‍ഷത്തിനു തുടക്കമായേക്കും. അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇതു കാരണമാകും. സാധാരണ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കു കിഴക്കന്‍ മഴയ്ക്ക് നേരത്തേ കളമൊരുക്കുന്നത്. അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയില്‍ ക്രമീകരിക്കാനാണ് ആലോചന.

Leave a Reply