അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടന തങ്ങള്‍ക്കൊപ്പം നിന്നില്ലെന്ന് ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്മപ്രിയ, രേവതി, പാര്‍വ്വതി, റീമാ കല്ലിങ്ങൽ, അഞ്ജലി മേനോൻ, ബീന പോൾ , രമ്യാനമ്പീശന്, ദീദി ദാമോദരൻ തുടങ്ങിയ ചലച്ചിത്രപ്രവർത്തകരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് അഭിനേത്രിമാർ വാർത്താസമ്മേളനത്തിന് എത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്നും ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഡബ്ല്യ.സി.സി കുറ്റപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ‘നടിമാര്‍’ എന്ന് ഞങ്ങളെ പരിചയപ്പെടുത്തി. ഞങ്ങളുടെ മൂന്നുപേരുടെ പേര് പറയാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അത് അപമാനിക്കലാണ്. ഓഗസ്റ്റില്‍ ‘അമ്മ’ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതന് സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള് പുറത്താണ്. ഇതാണോ നീതിയെന്നും നടി രേവതി ചോദിച്ചു. എക്സിക്യീട്ടീവ് യോഗത്തില്‍ നടന് ബാബുരാജ് ആക്രമത്തിനിരയായ നടിയെ ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’യെന്ന് വിശേഷിപ്പിച്ചത് ഞങ്ങളെ നിരാശരാക്കിയെന്ന് നടി പാര്‍വ്വതി പറഞ്ഞു. ജനറല്‍ ബോഡി യോഗത്തില്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചിരുന്നില്ലയെന്നും തങ്ങളെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള സംസാരമായിരുന്നു മീറ്റിംഗില്‍ നടന്നിരുന്നതെന്നും നടിമാര്‍ വ്യക്തമാക്കി.