34-മത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളിന് കൊടുവള്ളി നഗരസഭാ മിനി സ്റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. കൊടുവള്ളി നഗരസഭാ ഉപാധ്യക്ഷന്‍ എ.പി.മജീദ് മാസ്റ്റര്‍ അധ്യക്ഷതയില്‍ വിഎം ഉമ്മര്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി.
ഫുട്ബോള്‍ പ്രേമിയായിരുന്ന കൊയപ്പ അഹമ്മദ് കുഞ്ഞിയുടെ സ്മരണാര്‍ത്ഥം 1974 ല്‍ പ്രാദേശിക ടീമുകളെ ഉള്‍പ്പെടുത്തി തുടങ്ങിയ ടൂര്‍ണ്ണമെന്റ് 1996-ലാണ് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളായി മാറിയത്. കൊല്‍ക്കത്തയിലും മറ്റും നടക്കുന്ന പ്രധാനപ്പെട്ട എല്ലാ കളികളും അവിടെ പോയി കാണുകയും ശേഷം നാട്ടില്‍ തിരിച്ചെത്തി കളിയുടെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുക എന്നത് കൊയപ്പ അഹമ്മദ് കുഞ്ഞിയുടെ സവിശേഷതയായിരുന്നു. ഇതാണ് ടൂര്‍ണ്ണമെന്റിനെ അഖിലേന്ത്യാതലത്തിലേക്ക് ഉയര്‍ത്തുന്നതിന് സംഘാടകരെ പ്രേരിപ്പിച്ചത്.
കേരളത്തിനകത്തും പുറത്തുമുള്ള 24 ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്. മിക്ക ടീമുകളിലും വിദേശകളിക്കാരുടെ സാന്നിധ്യമുണ്ട് എന്നത് ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നു.
നൈജീരിയ, കാമറൂണ്‍,ഘാന, സുഡാന്, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ കളിക്കാര്‍ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്. കൊടുവള്ളി ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ലബ്ബാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.
ആദ്യ മത്സരത്തില്‍ ഫിറ്റ്വെല് കോഴിക്കോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സബാന് കോട്ടക്കലിനെ പരാജയപ്പെടുത്തി. കളിയുടെ 25-ാം മിനിറ്റില്‍ ഫിറ്റ്വെല് കോഴിക്കോടിന്റെ നിജാസാണ് ആദ്യ ഗോള്‍ നേടിയത്. ഇന്ന് ഫിറ്റ് വെല്‍ കോഴിക്കോട് എ.വൈ.സി ഉച്ചാരക്കടവിനെ നേരിടും. മത്സരം വൈകിട്ട് 7.30 ന് ആരംഭിക്കും.