Home » ഇൻ ഫോക്കസ് » അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി അല്ല: അനിൽ കുമാർ തിരുവോത്ത്

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി അല്ല: അനിൽ കുമാർ തിരുവോത്ത്

“അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി അല്ല”
നിഘണ്ടുക്കളിൽ ഇങ്ങനെ കാണുന്നു:
നൈഷ്ഠിക ബ്രഹ്മചാരി: ആജീവനാന്തം ബ്രഹ്മചര്യം അനുഷ്ഠിക്കുമെന്ന് വ്രതമെടുത്ത് ആധ്യാത്മിക ജീവിതം നയിക്കുന്നവൻ, ബ്രഹ്മചാരി എന്നതിന്, ബ്രഹ്മത്തെ, വേദത്തെ, ചരിക്കുന്നവൻ ( ജ്ഞാനം സമ്പാദിക്കുന്നവൻ ),പൂണൂലിട്ട് വേദം അഭ്യസിക്കുന്ന ബ്രാഹ്മണ കുമാരൻ, വിവാഹം ചെയ്യാത്തവൻ, ശിവൻ, സുബ്രഹ്മണ്യൻ, കാട്ടരയാല്.

ശബരിമലയെ സംബ്ബന്ധിച്ച സുപ്രീംകോടതിവിധി,യുവതികളായ സ്ത്രീകൾക്കും അയ്യപ്പദർശനം നടത്താം എന്നാണ്. വിധിയെ എതിർക്കുന്ന ‘വിശ്വാസി’കളായ സ്ത്രീ / പുരുഷന്മാർ എതിർവാദം നടത്തുന്നത് അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരിയാണ്, ആയതിനാൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കരുത് എന്നാണ്. അവർ ആർത്തവമുള്ളവരും, ആർത്തവം അശുദ്ധിയാണെന്നുമാണ് ന്യായം. ഇതിൽ രണ്ട് മണ്ടത്തരമുണ്ട്.ഒന്ന്, അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും ആർത്തവമുണ്ട് എന്ന് ഗൈനക്കോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു, രണ്ട്, ആർത്തവം ഒരു അശുദ്ധിയല്ല എന്നത്. സാധാരണഗതിയിൽ ഏതൊരു ജീവജാലത്തിനുമുള്ള മലമൂത്രാദി വിസർജ്ജ്യങ്ങളെയാണ് അശുദ്ധിയായി കാണുന്നത്.ആർത്തവും ഒരു വിസർജ്ജ്യമല്ല. ശരീരം അനുദിനം ഉല്പാദിപ്പിക്കുന്നതുമല്ല. അത് സ്ത്രീകളിൽ അനുഗ്രഹീതമാംവിധം പ്രകൃതി ചുമത്തിയ ഒരു അധികബാധ്യതയുടെ തെളിവ് മാത്രമാണ് ആർത്തവം. അതിന് അയ്യപ്പന്റെ എന്നല്ല,യാതൊരാളുടെയും ബ്രഹ്മചര്യവുമായി ഒരു ബന്ധവുമില്ല. ഇനി മറിച്ച് ചിന്തിച്ചാൽ ഗാർഹികന്മാരായ പുരുഷൻമാരുടെ ബ്രഹ്മചര്യത്തിന് ഏറ്റവും അനുകൂലമായ സമയം സ്ത്രീകളുടെ ആർത്തവകാലമാണ്. യഥാർത്ഥത്തിൽ സ്ത്രീകൾ ശബരിമലയിൽ പോകേണ്ടത് ആർത്തവകാലത്താണ്. തിന്ന് ദഹിച്ച് ഉണ്ടാകുന്ന മലത്തേക്കാൾ എന്ത് കൊണ്ടും – ഗർഭധാരണം, പ്രസവം എന്നിവയാൽ ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട്- ശുദ്ധവും പവിത്രവുമാണ് ആർത്തവം.മലമൂത്രവിസർജ്ജനവും ശുക്ലസ്ഖലനവും എല്ലാമുള്ള പുരുഷന് ശബരിമലയിൽ പ്രവേശിക്കാമെങ്കിൽ തീർച്ചയായും ആർത്തവമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം. ചില ‘ശുദ്ധി’യാത്മാക്കൾ ഉത്ക്കണ്ഠപ്പെടുന്നപോലെ പതിനെട്ടാം പടിക്ക് താഴെ ക്യൂനിൽക്കുമ്പോൾ പാഡ് മാറ്റണമെന്ന് തോന്നിയാലോ എന്ന പ്രശ്നം മെൻസ്ട്രുവൽ കപ്പ് വെച്ച് സ്ത്രീകൾ പരിഹരിച്ചുകഴിഞ്ഞു, അത് ഡേ ലോങ്ങ് പ്രൊട്ടക്ഷനാണ് വാഗ്ദാനം ചെയ്യുന്നത്.

പൊതുവെ, ശാരീരികമായ അശുദ്ധിയെക്കുറിച്ച് ഇത്രമേൽ ഉത്ക്കണ്ഠപ്പെടുന്ന ഒരു ദൈവം സ്ത്രീയുടെ അശുദ്ധിയെക്കുറിച്ച് മാത്രം ബോധവാനായിരിക്കാൻ സാദ്ധ്യതയില്ല. അത് ലിംഗവിവേചനമാണെന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഏത് ദൈവത്തിനുമുണ്ടാവും.മേൽപ്പറഞ്ഞപോലെ മല/മൂത്ര/ ശുക്ലാദികൾ ശരീരത്തിൽ വഹിക്കുന്ന ഏത് പുരുഷനും ശരിയായ അശുദ്ധമായ വിസർജ്ജ്യങ്ങളുടെ വാഹകനാകയാൽ, ഭക്തനാണെങ്കിലും ആ പുരുഷൻ അയ്യപ്പദർശനം നടത്താൻ പാടില്ലാത്തതാണ്. അതിനേക്കാൾ പ്രധാനമാണ്, ആ നിലയക്ക്, അയ്യപ്പപൂജ നടത്തുന്ന ശാന്തിക്കാരായ പുരുഷന്മാരുടെ കാര്യം. ഇതേ അശുദ്ധിയോടെയാണ് അവർ പൂജാദികർമ്മങ്ങൾ ചെയ്യുന്നത്.ഇതിന് ഉന്നയിക്കാവുന്ന മറുവാദം, അവരും മറ്റു ഭക്തരും കഠിന വ്രതമനുഷ്ഠിച്ചാണ് അയ്യപ്പസേവ ചെയ്യുന്നത് എന്നാണ്. വ്രതം എന്നത് താല്കാലികമായ, സമയബന്ധിതമായി അനുഷ്ഠിക്കുന്ന ചില നീക്കുപോക്കുകളാണ്. മത്സ്യമാംസാദികൾ ഉപേക്ഷിക്കുന്നു, സ്ത്രീസംസർഗ്ഗം ഉപേക്ഷിക്കുന്നു, മദ്യപേയങ്ങൾ ഒഴിവാക്കുന്നു, പ്രഭാതത്തിലേ കുളിതേവാരങ്ങൾ ചെയ്യുന്നു… എന്നിങ്ങനെ ചില അച്ചടക്കങ്ങൾ മാത്രമാണ് വ്രതം എന്ന് പറഞ്ഞ് ആചരിക്കുന്നത്.ഇത് പുരുഷന്മാരേക്കാൾ വൃത്തിയായി എല്ലാദിവസവും ആചരിക്കുന്നവരോ, ആചരിക്കാൻ കഴിയുന്നവരോ ആണ് സ്ത്രീകൾ. അപ്പോൾ ജന്മനാ അശുദ്ധരായ പുരുഷശാന്തിക്കാർ ശ്രീകോവിലിൽ കയറി പൂജചെയ്യുന്ന ശബരിമലയിൽ, ജന്മനാ അശുദ്ധരായ ഭക്തപുരുഷന്മാർ ദർശനം നടത്തുന്ന ശബരിമലയിൽ സ്ത്രീകൾക്ക് മാത്രം എന്താണ് പ്രത്യേകത? അവർക്ക്മാത്രം എന്താണ് ഇത്ര അശുദ്ധി?വ്രതകാലങ്ങളിൽ ശരീരത്തിനകത്ത് മലമൂത്രശുക്ലാദി അശുദ്ധികൾ ഉല്‌പാദിപ്പിക്കുന്നത് തടയാൻ ഒരു അയ്യപ്പൻ വിചാരിച്ചാലും നടക്കുകയില്ല.എന്നാൽ ആർത്തവം നീട്ടിവെക്കാൻ ഒരു ഗൈനക്കോളജിസ്റ്റിനു കഴിയും.
ശബരിമലയിലെ ശാന്തി ‘പുറപ്പെടാ ശാന്തി’മാരല്ല. അവർക്ക് ആരാധനാദിവസങ്ങളിൽപ്പോലും അയ്യപ്പന്റെ കണ്ണുവെട്ടിച്ച് പുറത്തേക്ക് പോകാവുന്നതാണ്.അങ്ങനെ പുറപ്പെട്ടുപോയ ഒരു മേൽശാന്തി പോയിപ്പോയി എറണാകുളത്തെ ഒരു ഫ്ലാറ്റിലെത്തിയതും, വിവാദമായതും നമുക്കറിയാവുന്നതാണ്.അത്രമാത്രം അശുദ്ധിയിൽപ്പെടാവുന്ന പുരുഷന്മാർ മേയുന്ന ശബരിമലയിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ വിലക്കുന്നതിൽ യാതൊരു യുക്തിയുമില്ല. ആ ഫ്ലാറ്റ് മേൽശാന്തിയെപ്പോലെ സ്ഥൈര്യമില്ലാത്തയാളാണ് അയ്യപ്പൻ എന്ന് വെറുതെ തെറ്റിദ്ധരിക്കല്ലേ.

ഇനി ഈ കുറിപ്പിന്റെ പ്രധാന ഉദ്ദേശ്യത്തിലേയ്ക്ക് വരാം: നൈഷ്ഠികബ്രഹ്മചാരി എന്നതിന് ആജീവനാന്തം ബ്രഹ്മചര്യം അനുഷ്ഠിക്കുമെന്ന് വ്രതമെടുത്ത് ആദ്ധ്യാത്മികജീവിതം നയിക്കുന്നവൻ എന്നാണ് അർത്ഥമെന്ന് മുകളിൽ സൂചിപ്പിച്ചു.അങ്ങനെ നോക്കുമ്പോൾ അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരി അല്ല. കാരണം,മാളികപ്പുറത്തമ്മയുമായുള്ള അയ്യപ്പന്റെ ബന്ധം വിശദമാക്കുന്ന കഥയിൽ, കന്നിഅയ്യപ്പൻമാർ വരാത്ത ഒരു കാലത്ത് ഞാൻ നിന്നെ വിവാഹം കഴിച്ചുകൊള്ളാം എന്നൊരു വാക്ക് അവർക്ക് കൊടുത്തതായി കാണുന്നു.ഒരു നൈഷ്ഠികബ്രഹ്മചാരിക്ക് നൽകാൻ കഴിയുന്നതല്ല ആ വാഗ്ദാനം. പി. എസ്.സി അപ്പോയ്ൻമെൻറ് ആയശേഷം നിന്നെ വിവാഹം ചെയ്തുകൊള്ളാം എന്നൊരു വാക്ക് കാമുകൻ കാമുകിക്ക് കൊടുക്കുന്നത് പോലെയാണത്. നൈഷ്ഠികബ്രഹ്മചര്യത്തിൽ ഇങ്ങനെയൊരു ഉപാധിയോടെയുള്ള വാക്ക് സാധ്യമല്ലതന്നെ.അതിൽ ആജീവനാന്തബ്രഹ്മചര്യം എന്നൊരു നിഷ്ഠ കാണുന്നില്ല. വിവാഹം നീട്ടിക്കൊണ്ടുപോകാനുള്ള ഒരു ഉപാധി മാത്രമേ അതിലുള്ളു. ‘ആ കാര്യം’ നടന്നാൽ വിവാഹം നടത്താം എന്ന് ഉപാധി വെക്കുന്ന ഒരാൾക്ക് എങ്ങനെ നൈഷ്ഠികബ്രഹ്മചാരി ആകാനാവും? ദൈവത്തിന്റെ വാക്ക് അലംഘനീയമായിരിക്കെ, കന്നിഅയ്യപ്പന്മാർ വരാത്ത ഒരു കാലമുണ്ടായാൽ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചല്ലേ പറ്റൂ? അത് അസാധ്യമായ കാര്യമാണെന്ന് അറിഞ്ഞ്കൊണ്ടാണ് അങ്ങനെ പറഞ്ഞതെങ്കിൽ, അത് വിവാഹവാഗ്ദാനത്തിട്ടിപ്പല്ലേ?ധാർമ്മികമായും നിയമപരമായും അത് കുറ്റകരമല്ലേ?അപ്പോൾ, സുപ്രീംകോടതി വിധിയിൽ ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ച അയ്യപ്പനുള്ള ശിക്ഷകൂടി അടങ്ങിയിട്ടില്ലേ? ഒന്നല്ല, ഒരായിരം മാളികപ്പുറത്തമ്മമാർക്ക് അയ്യപ്പനെ പതിനെട്ടാംപടി കേറിച്ചെന്ന് ഘരാവോ ചെയ്യാനുള്ള അവകാശമില്ലേ? ബ്രഹ്മചര്യം എന്ന അൺമാരീഡ് ലൈഫ് ഏതുനിമിഷവും അവസാനിപ്പിക്കാനുള്ള സാധ്യത അയ്യപ്പന് നിലനിൽക്കേ എന്തിനാണ് പെണ്ണുങ്ങൾ അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം എന്ന ഇല്ലാവചനത്തിന് കാവൽ നിൽക്കുന്നത്?ഇക്കണ്ടകാലമത്രയും വെയിലത്തുനിന്ന മാളികപ്പുറത്തമ്മയെപ്പോലെ നിങ്ങളുമെന്തിന് വെയിലത്തു നില്ക്കണം?

സാമൂഹ്യ മാധ്യമാധിപത്യകാലത്ത് ഒന്നാഞ്ഞ്പിടിച്ച് ഈ വർഷം കന്നി അയ്യപ്പന്മാർ ശബരിമല ചവിട്ടരുത് എന്നൊരു ക്യാമ്പയിൻ സംഘടിപ്പിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ. Muhurtham between 11.30-12 എന്നൊരു കത്തടിച്ച് അതങ്ങ് നടത്തിക്കൂടെ?ആലോചിക്കാവുന്നതാണ്

അനുബന്ധം:
തന്റെ നെഞ്ചിൽ ചവിട്ടിയേ ശബരിമലയിൽ സ്ത്രീകൾ കയറൂ എന്നൊരു ശപഥം രാഹുൽ ഈശ്വർ ചെയ്തിട്ടുണ്ട്. ഇപ്പോൾ ശബരിമലയിൽ ഒരു ആചാരമുണ്ട്, വാവരുസ്വാമിയെ ദർശിച്ചേ അയ്യപ്പനെ ദർശിക്കാവൂ എന്ന്. ഇനി വാവരെ കണ്ട്, രാഹുൽ ഈശ്വറിന്റെ നെഞ്ചിൽ ചവിട്ടിയേ അയ്യപ്പനെ കാണാവൂ എന്നൊരു ആചാരം വന്നാൽ ഭക്തർക്ക് ബുദ്ധിമുട്ടാവില്ല.പല ആചാരങ്ങളും മാറി വന്നിട്ടുണ്ടല്ലോ?

Leave a Reply