മതത്തിന്റെ പേരില്‍ വാക്ക് പോരും കയ്യാങ്കളിയും വരെ എത്തിനില്‍ക്കുന്ന സമൂഹത്തില്‍ നിന്ന് മതസൗഹാര്‍ദ്ദത്തിന്റെ അസുലഭ നിമിഷങ്ങളും ഇടയ്ക്ക് ഉണ്ടാവാറുണ്ട്. അത്തരം ഒരു അസുലഭ സന്ദര്‍ഭമാണ് കൊണ്ടോട്ടി മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്. നാലു ശതാബ്ദത്തിലേറെ പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കുമ്പോള്‍ ആദ്യ സഹായവുമായി എത്തിയത് ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെ മുസ്ലീം സുഹൃത്തുക്കള്‍. ഇപ്പോഴിതാ ക്ഷേത്രം പുനരുദ്ധരിച്ച് മേല്‍ക്കൂരയിലെ ചെമ്പു മേയലിനുള്ള ചെലവ് പ്രവാസിയായ കിഴിശേരിയിലെ കെപി സുലൈമാന്‍ ഹാജിയും ഏറ്റെടുത്തു കഴിഞ്ഞു. നിര്‍ധരരായ യുവതികളുടെ വിവാഹം നടത്തിയതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുലൈമാന്‍ ഹാജി നടത്തിയിട്ടുണ്ട്.
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പുനരുദ്ധാരണത്തിന്റെ അവസാനഘട്ടത്തിലെത്തിലാണ് ഇപ്പോള്‍. മേല്‍ക്കൂരയുടെ ഏറ്റവും മുകളിലുള്ള ഭാഗം ചെമ്പിലാണ് പണിയുന്നത്. ഇതിന് മാത്രം ഒരു ലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുക മുഴുവന്‍ നല്‍കുമെന്ന് കെപിഎസ് ഗ്രൂപ്പ് ചെയര്‍മാനും അഹ്ബാദ് അല്‍ മൊഹിബ സ്കൂളുകളുടെ ചെയര്‍മാനുമായ സുലൈമാന്‍ ഹാജി അറിയിച്ചു കഴിഞ്ഞു. ഇതോടെ പുനരുദ്ധാരണത്തിന് പുതു ജീവന് ലഭിച്ചിരിക്കുകയാണ്. പരമാവധി വേഗത്തില്‍ പണി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് പ്രസിഡന്റ് ചന്ദ്രന് പുല്ലിത്തൊടിയുടെ നേതൃത്വത്തിലുള്ള സമിതി.