Home » ന്യൂസ് & വ്യൂസ് » കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്‌ യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങി

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്‌ യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ പൊലീസ് സംഘം യുവതികളുമായി മല ഇറങ്ങി. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചി സ്വദേശിനിയായ രഹന ഫാത്തിമയും നടപ്പന്തലിന് സമീപം വന്നത്. ദേവസ്വം മന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചതോടെ പൊലീസ് പിന്മാറുന്നതിന് തീരുമാനിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് പൊലീസിനോട് പിന്മാറുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

ബലം പ്രയോഗിച്ച് സന്നിധാനത്ത് നിന്നും പ്രതിഷേധക്കാരെ മാറ്റുന്നതിന് സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് യുവതികളും പിന്മാറിയത്. ശബരിമലയുടെ പരിപാവനതയ്ക്ക് കളങ്കം വരുന്ന രീതിയിലുള്ള നടപടിയൊന്നും പാടില്ലെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിരാവിലെയാണ് പൊലീസ് യുവതികളുമായി മല കയറാന്‍ തുടങ്ങിയത്. പൊലീസിന്റെ സുരക്ഷാസംഘത്തെ ഐ ജി ശ്രീജിത്ത് നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഇരുമുടി കെട്ടുമായിട്ടാണ് കൊച്ചി സ്വദേശിനി രഹന ഫാത്തിമ യാത്ര നടത്തിയത്.

സന്നിധാനത്ത് യാതൊരു കാരണവശാലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് നിലപാടുമായി പരികര്‍മ്മികളും രംഗത്ത് വന്നിരുന്നു. ശബരിമല സന്നിധാനത്ത് മേല്‍ശാന്തിയുടെയും തന്ത്രിയുടെയും മഠത്തിലുള്ള പരികര്‍മ്മികള്‍ 18-ാം പടിക്ക് താഴെയിരുന്ന് പ്രതിഷേധിച്ചിരുന്നു. പൂജാകര്‍മ്മങ്ങള്‍ നിന്ന് വിട്ടു നിന്നു കൊണ്ടാണ് പരികര്‍മ്മികളുടെ പ്രതിഷേധം.

Leave a Reply