Home » ന്യൂസ് & വ്യൂസ് » നാഗ്ജിയും കൊയപ്പയും കൊമ്പുകോര്‍ക്കുന്നുണ്ടോ?

നാഗ്ജിയും കൊയപ്പയും കൊമ്പുകോര്‍ക്കുന്നുണ്ടോ?

കോഴിക്കോട് നഗരത്തിന്റെ വൈകുന്നേരം ഇപ്പോള്‍ ആസ്വദിക്കുന്നത് ഫുട്‌ബോള്‍ ലഹരിയാണ്. നാഗ്ജി ഫുട്‌ബോള്‍ മത്സരവും കൊയപ്പ സെവന്‍സ് ടൂര്‍ണമെന്റും ഗാലറികളെ ഇളക്കി മറിക്കുന്നു. ഫെബ്രുവരി അഞ്ചിന് 22 വര്‍ഷത്തിന് ശേഷം നാഗ്ജി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വീണ്ടും തുടക്കമായി. 34-മത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റ് ഞായറാഴ്ചയും ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും ടീമുകള്‍ അണിനിരക്കുന്നു നാഗ്ജിയ്ക്ക് ഉദ്ഘാടനത്തോടെ അല്‍പം ശോഭ കെട്ടോ എന്ന സംശയം ഇന്നലത്തെ മത്സരത്തോടെ ചിലരുടെ ഉള്ളിലെങ്കിലും ഉടലെടുത്തിട്ടുണ്ടാകാം. ഗാലറിയിലെ കാണികളുടെ ദൗര്‍ലഭ്യം തന്നെയാണ് ഇത്തരമൊരു സംശയത്തിന് കാരണം. കഴിഞ്ഞ 34 വര്‍ഷമായി കോഴിക്കോടുകാര്‍ നെഞ്ചേറ്റിയ കൊയപ്പ ടൂര്‍ണമെന്റിന് കൊടുവള്ളി ഫ്ലഡ് ലിറ്റ്  മിനി സ്റ്റേഡിയത്തില്‍ പന്തുരുളാന്‍ തുടങ്ങിതോടെ നാഗ്ജിയുടെ ആവേശം കൊടുവള്ളിയിലേക്ക് ചോര്‍ന്നോ എന്ന ന്യായമായ സംശയം. നാഗ്ജിയും കൊയപ്പയും കൊമ്പുകോര്‍ക്കുകയാണോ എന്ന് പ്രശസ്ത ഫുട്‌ബോള്‍ താരം വാഹിദ് സാലി പറയുന്നു.
സംഘാടന മികവുകൊണ്ടും പ്രാദേശിക ഫുട്‌ബോള്‍ ആരാധകരുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ സെവന്‍സ് ടൂര്‍ണമെന്റാണ് കൊയപ്പ സെവന്‍സ്. അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റില്‍ ഇന്ന് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫുട്‌ബോള്‍ മത്സരമാണ് കൊയപ്പ ഫുട്‌ബോള്‍ മത്സരം. മത്സരത്തിനായി എത്തുന്ന ഭൂരിഭാഗം പേരും കോഴിക്കോട്ടുാര്‍ക്ക് വ്യക്തിപരമായി പരിചയമുള്ളവരായിരിക്കാം. നാല്‍പതിനും അന്‍പതിനും ഇടയില്‍ മാത്രമാണ് കൊയപ്പയുടെ ടിക്കറ്റ് നിരക്കും. ഇതൊക്കെ തന്നെ ഫുട്‌ബോള്‍ ആരാധകരെ കൊയപ്പ മത്സരത്തിലേക്ക് എത്തിക്കുന്ന പ്രധാന ഘടകമാണ്. ചെലവ് കുറഞ്ഞ സംഘാടനം ആയതിനാല്‍ ടിക്കറ്റിന് ഇത്രയും ചെറിയ നിരക്ക് തന്നെ കൊയപ്പയുടെ നടത്തിപ്പിന് മതിയാവും. മത്സരത്തിനായി എത്തുന്നത് മിക്കതും പ്രാദേശിക ടീമുകളായതിനാല്‍ പ്രതിഫലവും കൊയപ്പ ടൂര്‍ണമെന്റ് സംഘാടകര്‍ക്ക് ബാധ്യതയാവുന്നില്ല. ഞായറാഴ്ച മത്സരം ആരംഭിച്ചതോടെ മുന്‍കാലങ്ങളിലേത് പോലെ തന്നെ കാണികളുടെ പങ്കാളിത്തം വളരെ വലുതാണ് എന്നത് കൊയപ്പയുടെ പ്രത്യേകതയാണ്.
ജനുവരി അവസാന വാരം ആരംഭിക്കേണ്ടിയിരുന്ന നാഗ്ജി ടൂര്‍ണമെന്റ് ദേശീയ സ്‌കൂല്‍ ഗെയിംസ് അടക്കമുള്ള കാരണങ്ങളാല്‍ സ്‌പോണ്‍സര്‍മാരുടെ ആവശ്യപ്രകാരം ഫെബ്രുവരി ആദ്യവാരത്തിലേക്ക് മാറ്റി വയക്കുകയായിരുന്നു. ഇപ്പോള്‍ മത്സരത്തിനായി എത്തിയ ടീമില്‍ ഒന്നു രണ്ടെണ്ണം മുമ്പ് നിശ്ചയിച്ചവയുമായിരുന്നില്ല. മുന്‍കാലങ്ങളിലേതു പോലെ പ്രാദേശിക ടീമുകളുടെ പങ്കാളിത്തം തീരെയില്ലാതായത് നാഗ്ജി മത്സരങ്ങളെ ബാധിച്ചേക്കാം. എന്നാല്‍ ഫുട്‌ബോളിന് രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ അതിര്‍വരമ്പുകള്‍ ഇല്ല എന്നത് തന്നെയാണ് നാഗ്ജി മത്സരങ്ങള്‍ക്ക് തുടക്കം മുതലേ കിട്ടുന്ന ആവേശം വ്യക്തമാക്കുന്നത്.
നാഗ്ജി പോലെ ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിനെ കൊയപ്പ സെവന്‍സ് ടൂര്‍ണമെന്റുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. നാഗ്ജി ഫുട്‌ബോള്‍ മത്സരം കാണുന്ന അതേ കാണികള്‍ തന്നെയാണ് കൊയപ്പയും കാണുന്നത് എന്നത് താരതമ്യത്തിനുള്ള മാനദണ്ഡമല്ല. കൊയപ്പ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിന്റെ പേരില്‍ നാഗ്ജി മാറ്റി വയ്കാകനുമാവില്ല. എന്നാല്‍ കൊയപ്പ ഫുട്‌ബോള്‍ ഓര്‍ഗനൈസേഷന്‍ കമ്മറ്റിയുമായി ചര്‍ച്ച ചെയ്ത് നാഗ്ജിയ്ക്ക് ശേഷം നടത്താനുള്ള ശ്രമം നടത്താമായിരുന്നു. അതായിരുന്നു നാഗ്ജിയുടെ സംഘാടകര്‍ ചെയ്യേണ്ടിയിരുന്ന പ്രധാന കാര്യം. അതായിരുന്നു പ്രാവര്‍ത്തികമാക്കാന്‍ പറ്റുമായിരുന്ന ഏക കാര്യം. കൊയപ്പ വളരെ കാലങ്ങളായി സ്ഥിരമായി നടക്കുന്ന ടൂര്‍ണമെന്റാണ്. അതിന്റെ സംഘാടന മികവ് ഏടുത്ത് പറയേണ്ടതുമാണ്. അതിനാലാവാം കൊയപ്പയ്ക്ക് നാഗ്ജിയെക്കാന്‍ കാണികളുടെ പിന്തുണ ലഭിക്കുന്നത്. ടിക്കറ്റ് ചാര്‍ജ്ജ് ആരാധകര്‍ക്ക് തിരിച്ചടിയായി എന്ന് പറയാനാവില്ല. വിദേശ ടീമുകളെ അണി നിരത്തി ടൂര്‍ണമെന്റ് സംഘടിപ്പിക്കുമ്പോള്‍ അത് വലിയ ചെലവ് തന്നെയാണ് ഉണ്ടാക്കുന്നത്. അതായിരിക്കാം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതും കളിക്കാര്‍ക്ക് സീസണ്‍ പാസ് നല്‍കാന്‍ സംഘാടകര്‍ തയ്യാറാകാത്തതും. ടിക്കറ്റ് വില്‍പന കൊണ്ട് മാത്രം ചെലവായ തുക തിരിച്ച് പിടിക്കാനും സംഘാടകര്‍ക്ക് സാധിക്കില്ല. മത്സരം ആരംഭിച്ചേയുള്ളൂ. കൊയപ്പയും നാഗ്ജിയും കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചിലേക്ക് ആവേശത്തിന്റെ ഗോളടിക്കുക തന്നെ ചെയ്യും. അത് കാത്തിരുന്നു കാണാം.

Leave a Reply