Home » ഇൻ ഫോക്കസ് » മലയാളത്തിന്റെ മധ്യവർഗ്ഗക്കൂട്ടത്തെ മതേതരപുരോഗമന കാഴ്ചപ്പാടിൽ പിടിച്ചുനിർത്താനായി എന്നിടത്താണ് കമൽറാം എന്ന കംപ്ലീറ് എഡിറ്ററുടെ രാഷ്ട്രീയവിജയം

മലയാളത്തിന്റെ മധ്യവർഗ്ഗക്കൂട്ടത്തെ മതേതരപുരോഗമന കാഴ്ചപ്പാടിൽ പിടിച്ചുനിർത്താനായി എന്നിടത്താണ് കമൽറാം എന്ന കംപ്ലീറ് എഡിറ്ററുടെ രാഷ്ട്രീയവിജയം

വി. അബ്ദുൽ ലത്തീഫ്

ഉള്ളതാണോ എന്നറിയില്ല, ഒ.എൻ.വി.ക്കുറുപ്പിന്റെ ഒരു കവിത അടിച്ചുവന്ന പേജിൽത്തന്നെ കമൽറാം മൂലക്കുരുമരുന്നിന്റെ പരസ്യം കൊടുത്തതായി കേട്ടിട്ടുണ്ട്. പിന്നെ കുറേ കാലത്തേക്ക് ഓ.എൻ.വി. മാതൃഭൂമിയിലേക്ക് കവിതകൾ അയച്ചില്ലത്രേ..!

ആഴ്ചപ്പതിപ്പിന്റെ രൂപഭാവങ്ങളിൽ ബോധപൂർവ്വം മാറ്റം വരുത്താൻ ശ്രമിച്ച് മിത്രങ്ങളേക്കാൾ ശത്രുക്കളെ സൃഷ്ടിച്ച എഡിറ്ററായിരുന്നു കമൽറാം സജീവ്. മാതൃഭൂമിയുടെ താളിൽനിന്ന് കമൽറാം കാലത്ത് അപ്രത്യക്ഷനായ ഒരാൾ മദനനാണ്. മദനന്റെ വരേണ്യവരയുടെ സ്ഥാനത്തേക്ക് കയറിവന്നത് കെ.ഷെരീഫിന്റെ വാരിത്തേപ്പുകൾ. ആ മാറ്റം വലിയൊരു കൂട്ടം വായനക്കാരെ ആകർഷിച്ചിരുന്നു എന്നതിനു തെളിവാണ്. കമൽറാം മാറിയപ്പോഴുള്ള വലിയ ചർച്ചകൾ.

കമലിനെക്കുറിച്ച് കേട്ട പരാതികളിൽ കഴമ്പുണ്ടെന്ന് തോന്നിയ ഒന്ന് ഗൗരവമുള്ള സാഹിത്യസാംസ്കാരിക വാരിക എന്ന നിലയിൽനിന്ന് മാതൃഭൂമിയെ ഒരു പോപ്പുലർ ജേണലാക്കി മാറ്റി എന്നതായിരുന്നു. കഥകൾ കവറാകുന്നു എന്ന പരസ്യവാചകത്തോടൊപ്പം മികച്ച സാഹിത്യപഠനങ്ങൾ കമൽറാംകാലത്ത് മാതൃഭൂമിയിൽ കുറവായിരുന്നു എന്നുകൂടി വായിക്കേണ്ടതുണ്ട്. വീക്കിലിജേണലിസത്തിന്റെ മേഖലയിൽനിൽക്കുന്നവർ കംപ്ലീറ്റ് എഡിറ്റർ എന്നു വിശേഷിപ്പിച്ച കമൽറാമിന് മാതൃഭൂമിയെ ശക്തമായ സാഹിത്യസാംസ്കാരികവാരികയായി കൊണ്ടുനടക്കാൻ അറിയാഞ്ഞിട്ടാവില്ല. ട്രെന്റ് സെറ്റിംഗ് കഥകളും അഭിമുഖങ്ങളും പോപ്പുലർ സയൻസ് ലേഖനങ്ങളും കണ്ടെത്തുന്ന പത്രാധിപർക്ക് സ്പിൻ ഡോക്ട്രിൻ എന്താണെന്ന് തിരിയാത്തതല്ല കാര്യം. അദ്ദേഹം പണിയെടുത്ത കാലം വീക്കിലി ജേണലിസത്തെ സംബന്ധിച്ച് തകർച്ചയുടെ കാലമായിരുന്നു എന്ന തിരിച്ചറിവിൽനിന്നേ പതിനഞ്ചുവർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിനെ പ്രൈംഫോക്കസിൽ നിലനിർത്തിയ എഡിറ്ററുടെ പ്രതിഭ മനസ്സിലാക്കാൻ കഴിയൂ. മാതൃഭൂമിയിൽ വരുന്നതിനുമുമ്പ് മാധ്യമത്തിലും മനോരമയിലും ഇന്ത്യാടുഡേയിലും ജോലി ചെയ്തപോലെ കൈരളി ചാനലിലും മികച്ച മാധ്യമപ്രവർത്തകൻ എന്ന് കമൽ പേരെടുത്തിരുന്നു. കരിയറിന്റെ ആരംഭത്തിൽ കമൽ പയറ്റി മാറ്റു തെളിയിച്ച ആ മീഡിയ സോഷ്യൽമീഡിയയും ഓൺലൈൻ മീഡിയയുമായി വളർന്ന കാലത്താണ് മനുഷ്യന്റെ ദൃശ്യബോധത്തോടും ഉടൻപ്രസാധനസംവിധാനങ്ങളോടും സർഗ്ഗാത്മകമായി മത്സരിച്ച് മാതൃഭൂമി പിടിച്ചുനിന്നത്. ആഴത്തിനു പ്രാധാന്യംകൊടുക്കാൻ നിന്നാൽ വീക്കിലി തകർന്ന് മൂലക്കിരുന്നേനെ. ശരാശരി എഴുപതിനായിരം കോപ്പികൾ വിറ്റുപോയിരുന്ന മാതൃഭൂമിയ്ക്ക് പോലും വരിക്കാരെക്കൊണ്ടുമാത്രം വരവും ചെലവും കൂട്ടിമുട്ടിക്കാനാകാത്ത സാഹചര്യമായിരുന്നെന്ന് പറഞ്ഞു കേട്ടിരുന്നു. ഹൈസ്കൂൾ, ഹയർസെക്കണ്ടറി അധ്യാപകർ, ഒരു വിഭാഗം കോളേജധ്യാപകർ, സാഹിത്യവിദ്യാർത്ഥികൾ, വായനാകൗതുകമുള്ള മധ്യവർഗ്ഗം എന്നിവരിലൂന്നിയായിരുന്നു മാതൃഭൂമി മുന്നോട്ടു പോയത്. മലയാളത്തിന്റെ പൊതുബോധനിർമ്മിതിയിൽ മുഖ്യകർതൃത്വമുള്ള ഈ മധ്യവർഗ്ഗക്കൂട്ടത്തെ മതേതരപുരോഗമന കാഴ്ചപ്പാടിൽ പിടിച്ചുനിർത്താനായി എന്നിടത്താണ് കമൽറാമിന്റെ രാഷ്ട്രീയവിജയം. ആഴത്തിൽ ചിന്തിക്കുന്നവർക്കോ പഠനം നടത്തുന്നവർക്കോ തീർച്ചയായും മാതൃഭൂമി പ്രധാനപ്പെട്ട വായനാ വിഭവമായിരുന്നില്ല. മണിപ്രവാളത്തോട് ഗോത്രബന്ധം പുലർത്തിയ സവർണ്ണസാഹിത്യത്തെ ഭാഷയിലും സാഹിത്യരൂപത്തിലും അകറ്റിനിർത്തിയതുകൊണ്ട് വായനയിലെ സവർണ്ണലോകവും കമൽറാമിനെ കൈവിട്ടിരുന്നു. എല്ലാ തുറയിലും പ്രാന്തവൽക്കരിക്കപ്പെട്ട ഒരുപാടെഴുത്തുകാരെ അവരുടെ എഴുത്തിന്റെ സാധരണത്വത്തോടെ ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കത്തിലേക്കും കവറിലേക്കും കൊണ്ടുവന്നും സോഷ്യൽമീഡിയയിൽനിന്ന് ഒരുകൂട്ടം എഴുത്തുകാരെ അച്ചടിമലയാളത്തിലെത്തിച്ചും എല്ലാറ്റിനുമപ്പുറം പുതുകാലത്തിന്റെ ദൃശ്യത തിരച്ചറിഞ്ഞുമാണ് കമൽറാം ഇതിനെ മറികടന്നത്. മലയാളത്തിൽ ബ്ലോഗുകൾ സജീവമായ കാലത്ത് ബ്ലോഗന എന്നൊരു പംക്തി ആരംഭിച്ച് സിറ്റിസൺജേണലിസത്തിന്റെയും സാഹിത്യമെഴുത്തിന്റെയും ആദ്യഘട്ടത്തിൽത്തന്നെ കമൽ സോഷ്യൽമീഡിയയെ അച്ചടിമാധ്യമത്തോടു ചേർത്തുനിർത്താൻ ശ്രമിച്ചിരുന്നു. സവർണ്ണകാവ്യഭാവുകത്വത്തെ അരുക്കാക്കി പുതിയ എഴുത്തുകൾ വന്നപ്പോഴും എല്ലാവർക്കുമൊന്നും പ്രാതിനിധ്യം കിട്ടിയിട്ടില്ല. മലയാളത്തിൽ മികച്ച വായനക്കാരുള്ള പുതുതലമുറക്കവികളിൽ മിക്കവരും അച്ചടിക്ക് കാത്തുനിൽക്കാത്തവരാണ് എന്നതും ഈ പ്രാതിനിധ്യക്കുറവിനോട് ചേർത്തു വായിക്കണം.

ഓഫർ ചെയ്യപ്പെട്ട ഇരട്ടി ശമ്പളവും സ്ഥാനക്കയറ്റവും ഗൗനിക്കാതെ സെക്കുലർ ഇന്ത്യ നീണാൾ വാഴട്ടെയെന്ന് ഉറക്കെപ്പറഞ്ഞ് പടിയിറങ്ങിയ ഒരു പത്രാധിപർ വീക്കിലിജേണലിസത്തിന്റെ മോശം കാലത്തും സാമാന്യമലയാളിയെ പുരോഗമനരാഷ്ട്രീയത്തോടൊപ്പം നിർത്തിയ ആർജ്ജവംകൊണ്ടുതന്നെയാണ് ഇങ്ങനെ ചർച്ചയാകുന്നത്.

കമലിനോളം വലിപ്പമുള്ള മനില സി.മോഹനും മാതൃഭൂമിയുടെ പത്രാധിപസമിതിയിൽനിന്ന് രാജിവെച്ചു. നവംബറോടെ മാധ്യമത്തിൽനിന്ന് വി.മുസഫർ അഹമ്മദ് വിട്ടുപോയി. ഏതാനും മാസങ്ങൾക്കു മുമ്പ് ചന്ദ്രികയിൽനിന്ന് ശിഹാബുദ്ദീൻ പൊയ്തുംകടവ് പുറത്തുപോയി.
സിദ്ദാർത്ഥ് വരദരാജന്റെ ദ വയർ പോലെ ശ്രദ്ധേയമായ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ ഇനി ഇവരെയൊക്കെ കാണാനാണ് ആഗ്രഹം.

വീക്കിലി ജേണലിസത്തെ രാഷ്ട്രീയ മൂല്യമുള്ള സർഗാത്മക പ്രവർത്തനമാക്കി മാറ്റി അന്തസ്സോടെ പടിയിറങ്ങിയ പ്രിയ എഡിറ്റർമാർക്ക് അഭിവാദ്യങ്ങൾ

Leave a Reply