Home » ന്യൂസ് & വ്യൂസ് » ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും; വിമാനത്താവളത്തില്‍ വന്‍ പ്രതിഷേധം

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും; വിമാനത്താവളത്തില്‍ വന്‍ പ്രതിഷേധം

ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചിയിലെത്തി. പുലര്‍ച്ചെ 4.30 നാണ് തൃപ്തി ദേശായി വിമാനത്താവളത്തിലെത്തിയത്. ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലെത്തിയ തൃപ്തിക്ക് കനത്ത പ്രതിഷേധം കാരണം വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ല.

ബിജെപിയുടെ നേതൃത്വത്തില്‍ വന്‍സംഘമാണ് നാമജപ പ്രതിഷേധവുമായി വിമാനത്താവളത്തിനു പുറത്ത് നില്‍ക്കുന്നത്. ടാക്‌സിക്കാരും ഓണ്‍ലൈന്‍ ടാക്‌സിക്കാരും തൃപ്തിയെ കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇവരെ കൊണ്ടു പോയാല്‍ പ്രതിഷേധക്കാരുടെ ആക്രമണത്തിന് ഇരയാകുമെന്ന ഭയമാണ് ടാക്‌സിക്കാരെ അലട്ടുന്നത്.

പക്ഷെ എന്തു വന്നാലും പിന്നോട്ടില്ലെന്നാണ് തൃപ്തിയുടെ നിലപാട്. ദര്‍ശനം നടത്താതെ മടങ്ങില്ല. കൊച്ചിയില്‍ പോലും തന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ദൗര്‍ഭാഗ്യകരം. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. നേരത്തെ തൃപ്തിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന അതേ സുരക്ഷ തന്നെ തൃപ്തിക്കും നല്‍കും. ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്നും തനിക്കും ഒപ്പം വരുന്നവര്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് നയം വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നത്.

ആറ് സ്ത്രീകളുമായാണ് താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്ച നട തുറക്കുമ്പോള്‍ തന്നെ മല കയറാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്. സ്ത്രീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് തൃപ്തിയുടെ നിലപാട്.

Leave a Reply