Home » ഇൻ ഫോക്കസ് » ഗജ ചുഴലിക്കാറ്റ് കേരളത്തിലേക്കെത്തി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഗജ ചുഴലിക്കാറ്റ് കേരളത്തിലേക്കെത്തി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരളത്തിലേക്കെത്തി ചുഴലിക്കാറ്റ് കാരണം എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും ഇന്ന് ലഭിച്ചേക്കും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ സംബന്ധിയായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (16-11-2018) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ചുഴലിയെ തുടര്‍ന്ന് ഇടുക്കിയില്‍ കനത്തമഴയും ഉരുള്‍പൊട്ടലും ഉണ്ടായി. വട്ടവടയിലും നേര്യമംഗലത്തും നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വട്ടവടയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല് വീടുകള്‍ തകര്‍ന്നു, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മൂന്നാറിലും കനത്ത മഴ തുടരുകയാണ്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറില്‍ നിന്നും ദേശിയ പാതയില്‍ വെള്ളം കയറി, മുതിരപ്പുഴയാറില്‍ നേരിയ തോതില്‍ വെള്ളം ഉയരുന്നു.ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ദേശീയപാതയില്‍ വെള്ളം കയറിയെങ്കിലും മൂന്നാറില്‍ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മാട്ടുപ്പെട്ടി ഡാമിനു സമീപം റോഡില്‍ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു. മൂന്നാര്‍ മറയൂര്‍ റൂട്ടുകളെ ബന്ധിപ്പിക്കുന്ന പെരിയവരൈയിലെ താല്‍ക്കാലിക പാലം തകര്‍ന്നു.

മണ്ണിടിഞ്ഞ് പന്നിയാര്‍കുട്ടിയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലയിലും കനത്ത മഴയാണ്. തോടുകള്‍ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. നേര്യമംഗലം തട്ടേക്കണ്ണിയില്‍ ഉരുള്‍പൊട്ടി വാഹനഗതാഗതം തടസപ്പെട്ടു. ചേലച്ചുവട് വണ്ണപ്പുറം റൂട്ടില്‍ പഴയരിക്കണ്ടം റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പരിസരങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പഴയരിക്കണ്ടത് ഗതാഗതം നിലച്ചു.

ചുഴലിക്കാറ്റായി തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഗജ ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുമുണ്ട്. എല്ലാ താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

തമിഴ്‌നാട്ടില്‍ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ഥത്തില്‍ ഗജ എന്നാണ് കാറ്റിന് പേരിട്ടത്. സംസ്‌കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം.

ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമര്‍ദമായി മാറി കേരള തീരത്തിലെത്തി ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

Leave a Reply