വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ചെന്നൈയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായതു മൂലം ഷാനവാസ് അതീവ ഗുരുതര അവസ്ഥയില്‍ ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യമുണ്ടായത്.
ഏറെക്കാലമായി വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസാദ്യം കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്ടിനായിരുന്നു കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് എം.പി വിധേയനായത്. ശസ്ത്രക്രിയ്ക്ക് ശേഷം രണ്ടു ദിവസത്തിനുള്ളില്‍ അണുബാധയുണ്ടായതാണ് ആരോഗ്യനില മോശമാകുന്നത് കാരണമായത്.
പിതാവ് ഇബ്രാഹിംകുട്ടി അഭിഭാഷകനായിരുന്നു. 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്ത് ജനിച്ച ഷാനവാസ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസിലെ സജീവ സാന്നിധ്യമായി മാറുന്നത്. കാലിക്കട്ട് യൂണിവേഴ്സിറ്റി ചെയര്മാന്,യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണയായി വയനാടിനെ പ്രതിനീധികരിച്ച് പാർലമെന്റിലെത്തിയിരുന്നു.
ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെഎംആര്‍എല്‍), തെസ്ന.