Home » ന്യൂസ് & വ്യൂസ് » ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഭവവികാസങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിവരം. നിയന്ത്രണങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചതല്ലെന്നും മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് ഗവര്‍ണറെ കണ്ടതാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മറ്റുമായി നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇതിനിടയില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കണ്ടത്. ശബരിമലയിലെ പ്രത്യേക സ്ഥിതിവിശേഷവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. കൂടിക്കാഴ്ചയില്‍, ശബരിമല പൊലീസ് നടപടിയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച പരാതികള്‍ ചര്‍ച്ചാവിഷയമായി. പൊലീസ് നടപടികളെക്കുറിച്ച് കേന്ദ്രമന്ത്രി ഉന്നയിച്ച പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

ശബരിമലയിലെ പൊലീസ് നടപടികളെക്കുറിച്ച് ഉയര്‍ന്ന പരാതികളും, സിആര്‍പിസി സെക്ഷന്‍ 144 അനുസരിച്ച് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായി. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളും ചര്‍ച്ചയായി. പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്നും, വേഗത്തില്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതാണ് സൂചന.

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ശബരിമലയിലെ നിയന്ത്രണങ്ങളും അസൗകര്യങ്ങളും സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ശബരിമല കര്‍മ സമിതിയും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്നലെ കെ.എം.മാണി എംഎല്‍എയും ഗവര്‍ണറെ കണ്ടിരുന്നു.

Leave a Reply