അരയടത്തുപാലത്തെ വാഹനങ്ങളുടെ കൂട്ടിയിടിക്കു ശേഷവും നഗരത്തില്‍ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ അവസാനിച്ചിട്ടില്ല. ഇന്നലെയും ബസ്സുകളുടെ മരണപ്പാച്ചില്‍ മൂലം നഗരത്തില്‍ അപകടം നടന്നിരുന്നു. അമിതവേഗത്തില്‍ എത്തിയ ബസ് കാറിലിടിച്ചു കാറിന്റെ പിന്‍വശം തകരുകയാണ് ചെയ്തത്. ബസ്സുകളുടെ ഈ മത്സരയോട്ടത്തിന് തടയിടാനായി മഫ്തി പോലീസ് രംഗത്ത് എത്തിയിട്ടുണ്ട് ബസ് അമിതവേഗത്തില്‍ പോകുന്നുണ്ടെന്നു പരാതി കിട്ടുകയാണെങ്കില്‍ മഫ്തി പോലീസ് നേരിട്ട് ബസ്സില്‍ കയറുകയും കയ്യോടെ പിടികൂടുകയും ചെയ്യും. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനക്കായി പോലീസ് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ട്രാഫിക് എസി എ കെ ബാബു അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച അരയടത്തുപാലം മേല്‍പ്പാലത്തില്‍ അപകടം വരുത്തിയ ഫാത്തിമാസ് ബസ് കഴിഞ്ഞയാഴ്ച കുറ്റിക്കാട്ടൂരും അപകടം വരുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞിരുന്നു.
ബസ് കാറിലിടിച്ചുണ്ടായ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവ് ബസ്സിന്റെ ഡ്രൈവറോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ 1000 രൂപ തരാമെന്നും അല്ലാത്തപക്ഷം കേസിനു പൊയ്ക്കൊള്ളാനുമാണ് പറഞ്ഞത്. അരയടത്തുപാലത്തില് അപകടം വരുത്തിയതിനു മൂന്നു ദിവസം മുന്‍പായിരുന്നു ഇത്. നഗരത്തെ ഞെട്ടിച്ച അപകടത്തില്‍ 38 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു യുവാവിന്റെ കാല് മുറിച്ചുമാറ്റുകയും ചെയ്തു. കുറ്റിക്കാട്ടൂരും സമാനമായ രീതിയിലാണ് ബസ് മറികടന്നത്. അന്ന് എതിരെ വന്ന ഓട്ടോറിക്ഷ വെട്ടിച്ചിറക്കിയതിനാല് അപകടം ഒഴിവാവുകയായിരുന്നു.
അപകടങ്ങള്‍ എത്രതന്നെ ഉണ്ടായാലും സ്വകാര്യബസ്സുകളുടെ മത്സരയോട്ടത്തിന് ഒട്ടും കുറവില്ലാതിരിക്കുകയാണ്. ബസ് മറ്റൊരു വാഹനത്തിനെ ഇടിച്ചാല്‍ എത്ര വലിയ പരുക്കാണെങ്കിലും ഇവര്‍ നല്കുന്ന നഷ്ട പരിഹാരം വെറും 1000 രൂപ മാത്രമാണ്. പരാതി നല്കാന് പോകുകയാണെങ്കില്‍ പരാതിക്കാരന് എത്തുന്നതിനും മുന്‍പ് തന്നെ ഒത്തു തീര്‍പ്പിനായി ഒരു സംഘം ആളുകള്‍ സ്റ്റേഷനിലെത്തുകയും പരാതിക്കാരന് തനിച്ചാണെങ്കില്‍ ഭീഷണിപ്പെടുത്തലും ഉണ്ടാവും. ഇത് സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്നതാണ്. ഇനി കേസിനു പോകുകയാണെങ്കില്‍ ഇവര്‍ക്ക് കോടതിയില്‍ കെട്ടിവക്കേണ്ട തുക 1500 രൂപയാണ്. കേസാക്കുകയാണെങ്കില്‍ രണ്ട് ദിവസം ബസ്സിന്റെ ട്രിപ്പ് മുടങ്ങും. കേസാക്കിയില്ലെങ്കില് ഒരു ദിവസവും. ഇങ്ങനെയുള്ള കേസുകള്‍ക്ക് ചുമത്തുന്ന പിഴ 1500 രൂപയായതിനാല്‍ കൃത്യം നടത്തുന്നയാള്‍ക്ക് കേസിനു പോയാലും വലിയ നഷ്ടമൊന്നുമില്ല എന്ന് സാരം.
ഇങ്ങനെ അപകടങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ അമിത വേഗത്തില്‍ പായുന്ന ബസ്സിനെ പിടികൂടാനായി മഫ്തി പോലീസെത്തുന്നത്.