ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വെള്ളപ്പൊക്ക ദുരിതവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സമ്മേളനത്തിനെത്തിയത്. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
അതേസമയം, പ്രതിഷേധം അതിരു കടക്കരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്കി. പ്രതിഷേധം എന്തിനാണെന്ന് വ്യക്തമാക്കാമോ എന്നും സ്പീക്കര്‍ ചോദിച്ചെങ്കിലും മുദ്രാവാക്യം വിളി മാത്രമായിരുന്നു മറുപടി. പിസി ജോര്‍ജ്, ഒ. രാജഗോപാല്‍ എന്നിവര്‍ ശബരിമ വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധസൂചകമായി കറുപ്പുടുത്താണ് നിയമസഭയിലെത്തിയത്.
എംഎല്‍എ സ്ഥാനത്തിന് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം നിയമസഭയിലെത്തിയ മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ കയ്യടികളോടെ പ്രതിപക്ഷം വരവേറ്റു.