മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 245 പേര് വോട്ട് ചെയ്തു, എതിര്‍ത്തത് 11 പേരാണ്. കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും ഇടതുപാര്‍ട്ടികളും എസ്പിയും ഇറങ്ങിപ്പോയി. ഓര്‍ഡിനന്‍സിന് പകരമായി ഇറക്കിയ ബില്ലാണ് പാസാക്കിയത്.
പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം തള്ളി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളി. പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധരായെങ്കിലും ബില്ലിനോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന്റെ മൂര്‍ച്ചയേറിയതായിരുന്നു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ബിജെപിയുടെ നിലപാടിലെ വൈരുധ്യം ഉന്നയിക്കപ്പെട്ടു. ശബരിമല വിഷയത്തെയും മുത്തലാഖിനെയും ഒരുപോലെ കാണരുതെന്നായിരുന്നു ബിജെപിയുടെ മറുപടി. ബില്‍ ഏതെങ്കിലും മതത്തിനെതിരല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സിലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.
മുത്തലാഖ് ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ചര്‍ച്ചകള്‍ തുടങ്ങുംമുന്പ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന് അംഗീകരിച്ചില്ല. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്ക്കുറ്റമാക്കുന്നതിനെയാണ് പ്രതിപക്ഷം പ്രധാനമായും എതിര്‍ത്തത്. കൂടുതല്‍ പഠനം വേണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും കോണ്‍ഗ്രസിന്റെ ആവശ്യത്തോട് യോജിച്ചു. അണ്ണാഡിഎംകെ, സിപിഎം, സമാജ്!വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും ബില്‍ തുറന്നെതിര്‍ത്തു. റഫാല്‍ ഇടപാല്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസും എസ്പിയും ഉന്നയിച്ചു. ബില്‍ ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ലെന്നും സ്ത്രീകളുടെ നീതിയുടെ പ്രശ്നമാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബില്ലിെന എന്‍കെ പ്രേമചന്ദ്രനും എതിര്‍ത്തു.
ശബരിമല വിഷയത്തിലും മുത്തലാഖ് ബില്ലിന്റെ കാര്യത്തിലും ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന് അസദുദീന് ഒവൈസിയാണ് ആരോപിച്ചത്. ശബരിമല വിഷയത്തെയും മുത്തലാഖിനെയും ഒരുപോലെ കാണരുതെന്നായിരുന്നു മീനാക്ഷി ലേഖി പറഞ്ഞത്.