കേക്കില്ലാതെ എന്താഘോഷം! പിറന്നാളാഘോഷം മുതല്‍ മറ്റെന്താഘോഷങ്ങള്‍ക്കും കേക്ക് പ്രധാനമാണ്. ബ്ലാക്ക് ഫോറസ്റ്റ്, ചൈനീസ് കേക്ക്, റെഡ് വെല്‍വറ്റ്, ബ്ലൂ വെല്‍വെറ്റ് തുടങ്ങി അങ്ങനെ നീണ്ടുകിടക്കുന്നു വെറൈറ്റി കേക്കുകള്‍. എന്നാല്‍ നമ്മുടെ ആഗ്രഹത്തിനൊത്തും മനസ്സിനിണങ്ങുന്നതുമായ കേക്ക് കിട്ടാന്‍ ക്ഷാമമല്ലേ, എന്നാല്‍ കോഴിക്കോട്ടുണ്ട് അത്തരത്തിലുള്ള കേക്കുകള്‍. കേക്ക് വാങ്ങിക്കാനായി കോഴിക്കോട്ടു വരണമെന്നുമില്ല, ഫെയ്സ്ബുക്കിലെ ‘ഷുഗര്‍ സിസ്റ്റേഴ്സ്’ പേജൊന്ന് തുറന്നാലും മതി!
‘യു നെയിം ഇറ്റ് വി ബേക്ക് ഇറ്റ്’ – കാപ്ഷന്‍ പോലെ തന്നെ, പേരുപറഞ്ഞാല്‍ മതി കേക്ക് റെഡി.
കോഴിക്കോട്ടെ കല്ലായിക്കടുത്താണ് ‘ഷുഗര്‍ സിസ്റ്റേഴ്സ്’ എന്ന പേരില്‍ ആവശ്യക്കാരന്റെ താത്പര്യം അനുസരിച്ച് ഏത് മോഡല്‍ കേക്ക് വേണമെങ്കിലും ഉണ്ടാക്കി കൊടുക്കുന്ന രണ്ടു സഹോദരിമാര്‍. ഷെമാലയും ഷുറൂഖുമാണ് ആ ഷുഗര്‍ സിസ്റ്റേഴ്സ്. ചെറുപ്പം മുതലേ ഉമ്മയുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ കണ്ടുവളര്‍ന്ന ഇവര്‍ക്ക് അന്നുമുതലേ പല വര്‍ണ്ണത്തിലും ഡിസൈനിലുമുള്ള കേക്കുകള്‍ ഉണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. ആഗ്രഹം സാക്ഷാത്കരിക്കാനായാണ് ‘ഷുഗര്‍ സിസ്റ്റേഴ്സ്’ എന്ന പേരില്‍ ആരംഭിച്ച സംരംഭം.
കഴിഞ്ഞ വര്‍ഷത്തിലാണ് ‘ഷുഗര്‍ സിസ്റ്റേഴ്സ്’ എന്ന പേരില്‍ ഫേസ്ബുക്ക് പേജിന് ഇരുവരും ചേര്‍ന്ന് തുടക്കമിട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളുടെ എണ്ണം കൂടി ഇപ്പോള്‍ 7000 കവിഞ്ഞു. ആവശ്യക്കാരന്റെ നിര്‍ദേശപ്രകാരം വീട്ടിലിരുന്നാണ് കേക്കുണ്ടാക്കികൊടുക്കുന്നത്.
ഏത് മോഡല്‍ മധുരപലഹാരങ്ങള്‍ വേണമെങ്കിലും ഉണ്ടാക്കി കൊടുക്കും എന്നതാണ് ഇവരുടെ പ്രത്യേകത. പലഹാരം ഏതാണെന്ന് മാത്രം പറഞ്ഞാല്‍ മതി, ആഗ്രഹിച്ച രീതിയില്‍ നമ്മുടെ മുന്നിലെത്തിക്കും ഈ ഷുഗര്‍ സിസ്റ്റേഴ്സ്. ഇവര്‍ക്ക് പ്രോത്സാഹനവുമായി ഉമ്മ അമലും ഒപ്പമുണ്ട്. ഹോം ഡെലിവറിയും ആയതോടെ ഇത് കൂടുതല്‍ ഹിറ്റായി.
സ്വദേശത്തിനുപുറമെ വിദേശത്തും എത്തിയിരിക്കുകയാണ് പലവര്‍ണ്ണത്തിലും ഡിസൈനിലുമുള്ള ഇവരുടെ കേക്കുകള്‍..