കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. എന്‍. കെ തുളസീധരന്റെയും ഭാര്യ ഡോ. ബി. മിനിയുടെയും വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണത്തില്‍ ഏറെ അസ്വഭാവികത. ഒരു സാധാരണ മോഷണമായി തള്ളിക്കളയാനാവാത്തതാണ് ഡോക്ടര്‍ ദമ്പകിമാരുടെ വീട്ടില്‍ നടന്നതെന്നാണ് പോലീസ് പറയുന്നത്. സാധാരണ ദിവസങ്ങളിലേത് പോലെ തന്നെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രിയും ദമ്പതികള്‍ ഉറങ്ങാന്‍ കിടന്നത്. സാധാരണ രാവിലെ അഞ്ചരയോടെ ഇരുവരും ഉണരാറാണ് പതിവ്. എന്നാല്‍ പിറ്റേന്ന് പതിവില്ലാതെ ഉറക്കം ഉണരാന്‍ ഏറെ വൈകി. സാധാരണയില്‍ കൂടുതല്‍ ഉറക്ക ക്ഷീണവും അന്ന് അനുഭവപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. കിടപ്പു മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് അപകടം മനസിലായത്. കിടപ്പുമുറി പുറത്തു നിന്നും പൂട്ടിയിട്ടുണ്ടായിരുന്നു. വീടിന്റെ താഴത്തെ നിലയില്‍ ഡോക്ടര്‍ ദമ്പതിമാരും വേലക്കാരിയും മാത്രമാണ് ഉണ്ടായിരുന്നത്. കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്ന് നിലത്തുവച്ചിരുന്ന സേഫില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അടുത്ത മുറിയിലെ സേഫ് കുത്തിതുറന്ന് സാധനങ്ങള്‍ വലിച്ച് വാരിയിട്ടുണ്ട്. മുപ്പത്തിയഞ്ച് പവന് സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മൂന്നു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണത്തിന് ശേഷം ഡോക്ടറുടെ പരിശോധാനാ മുറിയില്‍ ട്രെയിന്‍ ടോയ്ലറ്റുകളില് കാണാറുള്ളതു പോലെ അശ്ലീല ചിത്രങ്ങളും മോഷ്ടാക്കള്‍ വരച്ചിട്ടുണ്ട്. ഇതിനൊപ്പം ഹിന്ദിയോട് സാമ്യമുള്ള അക്ഷരങ്ങളില്‍ ചില വാക്കുകളും എഴുതിയിട്ടുണ്ട്. പരിശോധനാ മുറിയില്‍ ഉണ്ടായിരുന്ന സ്കെച്ച് പേന ഉപയോഗിച്ചാണ് ഇത്തരത്തില്‍ വരച്ചിട്ടിരിക്കുന്നത്. ഡോക്ടര്‍ ദമ്പതിമാരെ എന്തെങ്കിലും രാസവസ്തു ഉപയോഗിച്ച് മയക്കി കിടത്തിയ ശേഷമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് എന്താണെന്ന് മാത്രം വ്യക്തമായിട്ടില്ല. ചുമരില്‍ ചിത്രം വരച്ചിട്ടത് അന്വേഷണം വഴിതെറ്റിക്കാനായിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. രാത്രി മോഷണം നടത്തിയ ശേഷം പുലര്‍ച്ചയോടെ പുറത്തു കടക്കാന്‍ തീരുമാനിച്ച സംഘം ഇതിനായി സമയം ചെലവഴിക്കാനായിരിക്കാം ചിത്രം വരച്ചിട്ടതെന്നും പോലീസ് കരുതുന്നുണ്ട്. പരിശോധനാ മുറിയില്‍ അശ്ലീല ചിത്രങ്ങള്‍ വരച്ചിട്ടതിന് പിന്നില്‍ ഡോക്ടര്‍മാരോട് മുന്‍വൈരാഗ്യം ഏതെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മോഷണ ദിവസം ദമ്പതികള്‍ക്ക് പുറമെ മരുമക്കളും പേരക്കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ വീടിന്‍രെ മുകള്‍ നിലയിലാണ് താമസിച്ചിരുന്നത്. മോഷ്ടാക്കള്‍ ആദ്യം വീടിന്റെ അടുക്കള വാതില്‍ വഴി അകത്തു കടക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടര്‍ന്ന് തീന് മേശയോട് ചേര്‍ന്ന വാതില്‍ തുറന്നാണ് അകത്തു കടന്നതെന്ന് കരുതുന്നു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ മകളുടെ വിവാഹത്തിനായി കരുതിയിരുന്നതാണ്. നോര്‍ത്ത് അസി. കമ്മിഷണര്‍ ജോസി ചെറിയാന്രെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
