Home » കലാസാഹിതി » ‘ദ വെൽ’ രംഗ ചാരുതയാർന്ന ഒരു മനോഹര കവിത

‘ദ വെൽ’ രംഗ ചാരുതയാർന്ന ഒരു മനോഹര കവിത

(തൃശൂർ അന്താരാഷ്ട്ര നാടകോത്സവത്തിൽ-itfok 2019- അരങ്ങേറിയ നാടകത്തെക്കുറിച്ച് ഡോ.കെ.കെ.അബ്ദുല്ല)

പ്രമുഖ ഇറാനിയൻ നടനും സംവിധായകനുമായ അബ്ബാസ് അബൊൽ ഹസനിയുടെ ഋജുവും ലളിതവുമായ നാടകമാണ് ദ വെൽ. പരസ്പരം അറിയാൻ വൈകുന്ന പങ്കാളികളുടെ മോഹങ്ങളും യാതനകളും
വീടിന്റെ പിന്നാമ്പുറത്തിരുന്ന് ഓർത്തെടുക്കുന്നു, നാടകകൃത്തായ അലി റെസ തവാനയുടെ കഥാപാത്രങ്ങൾ, മറിയവും ഖലീലും.

പൂന്തോട്ടത്തിൽ ഏറെ നേരം കാത്തു നിന്നതും മഴയുള്ള ഒരു രാത്രിയിൽ വീടിന്റെ വാതിലിൽ വരെ ഖലീൽ എത്തിയതും, ജനൽപ്പാളികൾ തുറന്ന് മറിയം നോക്കി നിന്നതും അവരുടെ സാന്ദ്രമായ ഓർമ്മകൾ.

‘ഞാൻ പേരു ചോദിച്ചപ്പോൾ എത്ര നേരമെടുത്താണ്
നീയെനിക്കു മറുപടി തന്നത്?’
എന്ന് മറിയം. ഖലീലിനെ നാണം പൊതിയുകയും
തീവ്ര പ്രണയത്തിന്റെ പുളകങ്ങൾ പകർന്നൊഴുകുകയും അവസരത്തിലാണ് നമ്മൾ ഒരു സത്യം മനസ്സിലാക്കുന്നത്; മറിയവും ഖലീലും എന്നേ മരണപ്പെട്ടവരാണെന്ന്.

കവിയും അദ്ധ്യാപകനും സ്വതന്ത്ര ചിന്തകനുമായിരുന്ന ഖലീലിന്റെ
പോരാട്ടങ്ങൾക്ക് ഉറച്ച പിന്തുണ മറിയം കൊടുക്കുന്നുണ്ടെങ്കിലും, ഇരുവർക്കുമിടയിൽ പൊരുത്തക്കേടുകൾ പൊട്ടി മുളക്കുന്നു. ഈ അവസരത്തിൽ തന്നെയാണ്
വിമതനെന്നു മുദ്രകുത്തപ്പെട്ട് അയാൾ കാരാഗ്രഹത്തിലടക്കപ്പെടുന്നതും.

‘നിങ്ങളെവിടെയായിരുന്നു ഖലീൽ ഇക്കാലമത്രയും?’ എന്ന് മറിയം.
ടെഹ്റാൻ പോലീസ് ജയിലിലായിരുന്നെന്ന് ഖലീൽ.

വീട്ടിൽ തിങ്ങിനിറഞ്ഞ ഖലീലിന്റെ പുസ്തകങ്ങളിലൂടെയാണ് അയാളെ മറിയം കുടുതൽ അടുത്തറിയുന്നത്. അപ്പോഴേക്കും അയാൾവധിക്കപ്പെട്ടെന്ന വിവരമാണ് മറിയത്തിന് ലഭിക്കുന്നത്‌.
വീടിനരികെയുള്ള കിണറ്റിലേക്കിറങ്ങിച്ചെല്ലുന്ന അവൾ തിരിച്ചു വരുന്നില്ല. മറിയത്തെക്കാണാനുള്ള ആവേശത്താൽ മാപ്പെഴുതിക്കൊടുത്ത് ജയിലിൽ നിന്ന് വരുന്ന ഖലീലിനും ഇനി ജീവിതമെന്തിന്?

വീടിന്റെ പിന്നാമ്പുറത്ത് മരണത്തിനപ്പുറവും കണ്ടുമുട്ടിയ മറിയവും ഖലീലും വീണ്ടും ജീവിതത്തെ ഓർമ്മിച്ചെടുക്കുന്നത് തുടർന്നു കൊണ്ടേയിരിക്കുന്നു….

സ്ക്കൂൾ കുട്ടികളുടെ ആരവവും നനുത്ത് പെയ്യുന്ന മഴയുടെ കുളിരും സൃഷ്ടിക്കപ്പെടുന്നത് മൃദുവായ പശ്ചാത്തല സംഗീതത്താലാണ്. ഏക രംഗത്തിൽ രണ്ടു ബെഞ്ചുകളും ഒ രൂഞ്ഞാലും ഒരുക്കി ലളിതമായ സ്റ്റേജ് സെറ്റിംഗ്. ഇരുവരുടെയും ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിലേക്കാണ് ഈ ഊഞ്ഞാൽ നമ്മളെയും കൂട്ടി ആടുന്നത്. വെളിച്ചവും നിഴലും വേണ്ടത്ര അനുപാതത്തിൽ സന്നിവേശിച്ചുള്ള രംഗസജ്ജീകരണം. അയത്നലളിതമായ സംഭാഷണശൈലിയിലൂടെ, സ്വാഭാവികമായ അഭിനയത്തികവിലൂടെ മറിയവും ഖലീലും ജീവിക്കുക തന്നെ ചെയ്യുന്നു.

നൂതനമായ കഥ പറച്ചിലിലൂടെ കാണികളെ മുഴുവൻ സമയവും പങ്കെടുപ്പിക്കുന്ന ഈ നാടകാനുഭവം യഥാർത്ഥ സംവാദത്തിലൂടെ ജീവിതത്തെ വിശകലനം ചെയ്യലാണ് സാദ്ധ്യമാക്കുന്നത്. ജീവിതവും മരണവും ചേർത്തുവെച്ച്,
ശരിതെറ്റുകളെ വിചാരണ ചെയ്ത് കാണികളെ മുഴുവൻ സമയവും അതിൽ പങ്കെടുപ്പിക്കുമ്പോൾ ഈ നാടകാനുഭവം നല്ലൊരു കവിതയായി മാറുന്നു, ലാളിത്യമാർന്ന വരികളാൽ കുറിക്കപ്പെട്ട രംഗചാരുതയാർന്ന ഒരു മനോഹര കവിത.

Leave a Reply