കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റ് വിലയില്‍ വമ്പന്‍ കുറവ് പ്രഖ്യാപിച്ച് കമ്പനികള്‍. നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിന് പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സും, ഗോ എയറും രാജാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത്. കഴിഞ്ഞ മാസം കണ്ണൂര്‍-അബുദാബി നിരക്ക് 30,000 രൂപയായിരുന്നു. അതേസമയം, 6099 രൂപ മുതല്‍ ടിക്കറ്റ് നിരക്ക് ഇട്ടാണ് ഗോ എയര്‍ ബുക്കിങ് തുടങ്ങിയത്. മടക്കത്തിന് 7999 രൂപയാണ് നിരക്ക്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാര്‍ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയിരുന്നു. കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
മസ്ക്കത്തിലേക്കും കുറഞ്ഞ നിരക്കിലാണ് ഗോ എയര്‍ ടിക്കറ്റ് വില്പന തുടങ്ങിയത്. കണ്ണൂര്‍ മസ്ക്കത്ത് റൂട്ടില്‍ 4999 രൂപ മുതലും മസ്ക്കത്ത് കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. മാര്‍ച്ച് 1 മുതല്‍ ആഴ്ചയില്‍ 4 ദിവസം വീതമാണു ഗോ എയര്‍ അബുദാബിയിലേക്കു സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈത്തിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് തുടങ്ങും.