Home » കലാസാഹിതി » അഹിന്ദുവിന്റെയും പെണ്ണിന്റെയും കർണ്ണാടിക് സംഗീതം

അഹിന്ദുവിന്റെയും പെണ്ണിന്റെയും കർണ്ണാടിക് സംഗീതം

കുന്നക്കുടി മസ്താനും അബ്രഹാം പണ്ഡിതരും വിലപ്പെട്ട സംഭാവനകൾ നല്‍കിയ കർണ്ണാടകസംഗീതം ഹിന്ദുവിന്റെതായി മാറിയതെങ്ങനെയാണ്?


ബ്രാഹ്മണ സ്ത്രീക്കുപോലും പ്രവേശനമില്ലാത്ത ആണുങ്ങളുടെ സംഗീതലോകത്തിൽ എം എസ് സുബ്ബലക്ഷ്മിയും ഡി കെ പട്ടാമ്മാളും താരപദവി നേടിയത് ഏതുവിധമാണ്?


200 വർഷം മാത്രം പഴക്കമുള്ള ഇന്നത്തെ കർണ്ണാടകസംഗീതലോകം രണ്ടായിരം വർഷം പഴക്കമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നതെങ്ങനെ?


സുന്ദരമായ സംഗീതത്തിന്റെ ദാരുണവശങ്ങളിലേക്ക് വെളിച്ചമെത്തിച്ചു, കോഴിക്കോട്ട് സമാപിച്ച കേരള സാഹിത്യോത്സവത്തിൽ സുപ്രസിദ്ധ കർണ്ണാടിക് സംഗീതകാരൻ ടി എം കൄഷ്ണയുമായി ഗീതാ ഹരിഹരൻ നടത്തിയ സംവാദ൦.


സംവാദത്തെ അവലോകനംചെയ്യുന്നു, സംഗീതജ്ഞൻ മുകുന്ദനുണ്ണി

ടി എം കൃഷ്ണയും ഗീതാ ഹരിഹരനും ചേർന്ന് നടത്തിയ ‘കർണ്ണാടക സംഗീതവും സാമ്പ്രദായിക വാദവും’ എന്ന സംഭാഷണം ‘എഴുത്തുപുര’ വേദിയിൽ സംഗീതത്തേയും അതിന്റെ രാഷ്ട്രീയ സാമൂഹിക താത്പര്യങ്ങളേയും വിശദമായി പരിശോധിക്കുന്ന അവസരമായി.

കർണ്ണാടകസംഗീതവും ഹിന്ദു മതവും

കർണ്ണാടകസംഗീതവും ഹിന്ദു മതവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള സംഭാഷണത്തിൽ കൃഷ്ണ പറഞ്ഞത്, യഥാർഥത്തിൽ അവ തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെങ്കിലും ചെറിയ തോതിലെങ്കിലും ഹിന്ദുവാകാതെ, ഏറ്റവും കുറഞ്ഞത് വിയോജിപ്പ് പുലർത്താതിരിക്കുകയെങ്കിലും ചെയ്യാതെ, ഒരു അഹിന്ദുവിന് കർണ്ണാടക സംഗീത ലോകത്ത് വിഹരിക്കാൻ പ്രയാസമുള്ള അവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നാണ്.  ഈ അവസ്ഥ സംഗീതത്തിന്റെ പ്രശ്‌നമല്ല.  മറിച്ച്  കർണ്ണാടക സംഗീതം എന്ന രാഷ്ട്രീയ-സാമൂഹിക നിർമ്മിതിയുടെ പ്രശ്‌നമാണ്.  ദേശീയ പ്രസ്ഥാനത്തിന്റേയും ബ്രാഹ്മണമേധാവിത്തത്തിന്റേയും ഉല്‍പ്പന്നമാണ് ഈ നിർമ്മിതി. 

കുന്നക്കുടി മസ്താൻ എന്ന സൂഫി ഗായകൻ സൗരാഷ്ട്രം തുടങ്ങിയ കർണ്ണാട്ടിക രാഗങ്ങളിലാണ് അള്ളായെക്കുറിച്ച്  പാടിയത്.  നൂറു വർഷം മുന്‍പ് അബ്രഹാം പണ്ഡിതർ കർണ്ണാടക സംഗീതത്തിന് ഗ്രന്ഥരൂപത്തിലും അവതരണത്തിലും നല്‍കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.  എന്നിട്ടും കർണ്ണാടക സംഗീതം ഹിന്ദുവിന്റെയായി മാറുന്നത് ഒരു പ്രത്യേക രാഷ്ട്രീയ-സാമൂഹിക പദ്ധതിയുടെ സാംസ്‌കാരിക ഉല്‍പാദനത്തിന്റെ ഫലമാണ്.

അന്നും ഇന്നും ആണുങ്ങളുടെ സംഗീത൦

കർണ്ണാടക സംഗീതവും സ്ത്രീകളും എന്ന വിഷയത്തെ സ്പർശിച്ച് കൃഷ്ണ പറയുന്നത് കർണ്ണാടക സംഗീതം അന്നും ഇന്നും ആണുങ്ങളുടെ സംഗീതമാണ് എന്നാണ്.  ഏതെങ്കിലും സ്ത്രീകൾ കർണ്ണാടക സംഗീതത്തിന്റെ മുഖ്യധാരയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് പലതരം കീഴ്‌പ്പെടലുകളിലൂടെയോ തന്ത്രങ്ങൾ പയറ്റുന്നതിലൂടേയോ ആണ്.  എം എസ് സുബ്ബലക്ഷ്മി അസാമാന്യമായ കഴിവുകൾ കൊണ്ട് മാത്രം സ്വീകരിക്കപ്പെട്ടതല്ല. ബ്രാഹ്മണസ്ത്രീ അല്ല എന്ന ഒരു കടമ്പകൂടിയുണ്ടായിരുന്നു അവർക്ക്.  ആദ്യമായി അവർക്ക് ചാരിത്ര്യവതിയായ ഒരു ബ്രാഹ്മണ സ്ത്രീയുടെ പ്രതിരൂപത്തിലേയ്ക്ക് സ്വയം മാറേണ്ടിവന്നു.  രണ്ടാമതായി, മീരാഭജനുകൾ പാടി അവർക്ക് ഭക്ത മീരയുടെ പ്രതിരൂപം സ്വായത്തമാക്കേണ്ടിവന്നു.  ഭക്തമീര ദേശീയ പ്രസ്ഥാനത്തിന്റെ ഒരു ബിംബമാണ്.  ആ പ്രതിരൂപത്തെക്കൂടി ഏറ്റുവാങ്ങിയാണ് ഒടുവിൽ എം എസ് സുബ്ബലക്ഷ്മി ഇന്നു നാം അറിയുന്ന താരമായി മാറിയത്.

ബ്രാഹ്മണ സ്ത്രീയായാലും ആണുങ്ങളുടെ സംഗീത ലോകത്തിലേയ്ക്ക് പ്രവേശനമില്ല.  പാട്ടുകാരിയായ ഡി കെ പട്ടാമ്മാൾ കച്ചേരി രംഗത്തേയ്ക്ക് പ്രവേശിച്ചത് മറ്റൊരു തന്ത്രത്തിലൂടെയാണ്.  അന്ന് സ്ത്രീകൾ സ്റ്റേജിൽ കയറി പാടുമായിരുന്നില്ല.  ദേവദാസികളുടെ സദിര് നടക്കുന്ന വേദിയായതുകൊണ്ട് ബ്രാഹ്മണ സ്ത്രീകൾ സ്റ്റേജിൽ കയറുന്നത് മ്ലേച്ഛമായി കരുതപ്പെട്ടിരുന്നു.  അതുകൊണ്ട് ബ്രാഹ്മണ സ്ത്രീകൾ നവരാത്രി കാലത്ത് ബൊമ്മക്കൊലുവിനായിരുന്നു പാടുക പതിവ്.  എന്നാൽ പട്ടാമ്മാൾ ആണുങ്ങളുടെ പാട്ട് സ്വീകരിച്ചു.  പാടാൻ വേണ്ടി ആണായതുപോലെ.  വളരെ സങ്കീർണ്ണമായ ദീക്ഷിതർ കൃതികളും ഗഹനമായി പാടേണ്ട രാഗങ്ങളും അവതരിപ്പിച്ച് ആണുങ്ങളുടെ സംഗീതത്തിൽ ചേർന്നു.  ക്രമേണ ആണുങ്ങളുടെ പെൺസങ്കല്‍പ്പത്തെ ഭേദിച്ച് അംഗീകരിക്കപ്പെട്ട ഗായികയായി; മുഖ്യധാരാ സംഗീതജ്ഞയായി.

ഗീത ഹരിഹരൻ

ഗീത ഹരിഹരൻ

ദേവദാസികൾക്കൊപ്പം ഇല്ലാതായ സ്ത്രീസംഗീതം

കേരളത്തിലെ അവസ്ഥയും കൃഷ്ണ വിഷയമാക്കി.  കേരളത്തിൽ സ്ത്രീകൾ പാടുന്നത് വിരളമാണ്.  ഇപ്പോഴാണ്, അവർക്ക് 75 വയസ്സ് കഴിഞ്ഞതിനു ശേഷമാണ്, പാറശ്ശാല പൊന്നമ്മാൾ വലിയ ഗായികയാണെന്ന് അംഗീകരിക്കുന്നത്.

കൃഷ്ണയുടെ അഭിപ്രായത്തിൽ ദേവദാസികളിലൂടെയായിരുന്നു സ്ത്രീകളുടെ സംഗീതത്തിന്റെ വഴി.  ദേവദാസികളുടെ സദിര്‍ ഇല്ലാതായത് സ്ത്രീകളുടെ സംഗീതത്തിന് ഏറ്റ തീരാനഷ്ടമായാണ് കൃഷ്ണ കരുതുന്നത്.

ഇന്നും സ്ത്രീ ഗായികമാർക്ക് പക്കമേളം വായിക്കാത്തവരുണ്ട്.  താരങ്ങളായിട്ടുള്ള ഗായികമാർപോലും പ്രതിഷേധിക്കാറില്ല.  കേൾക്കാൻ വരുന്നവർ തങ്ങളുടെ വിഷമം തീർക്കാനുള്ള ഒരു സൗന്ദര്യാനുഭവമായി മാത്രം കണ്ട് ആസ്വദിച്ചു ഇറങ്ങിപ്പോവുകയാണ്. സുന്ദരമായ സംഗീതത്തിന്റെ ദാരുണവശങ്ങൾ അവർ ശ്രദ്ധിക്കാൻ മെനക്കെടുന്നില്ല.

നരേന്ദ്ര മോദി പ്രിയപ്പെട്ടവനാകുന്നത് ഇങ്ങനെയൊക്കെ

പാശ്ചാത്യ ഉപകരണങ്ങൾ കർണ്ണാടക സംഗീതം സ്വാ൦ശീകരിച്ചതിലും ജാതി ലാഭത്തിന്റേതായ അബോധവാഞ്ഛകളുണ്ടെന്ന് കൃഷ്ണ നിരീക്ഷിച്ചു.  ബ്രിട്ടീഷുകാരുടെ കയ്യിൽനിന്ന് വന്നതുകൊണ്ടാണ് ബ്രാഹ്മണന്മാർ സ്വീകരിച്ചത്.

ഇന്ന് കാണുന്ന കർണ്ണാടക സംഗീതത്തിന് 200 വർഷം പഴക്കമേയുള്ളൂ.  എന്നാൽ കർണ്ണാടകസംഗീത ലോകം രണ്ടായിരം വർഷം പഴക്കമുണ്ടെന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്.  അങ്ങിനെ തോന്നിപ്പിക്കുന്നത് ഈ നിർമ്മിതിയുടെ അജണ്ടയാണ്.  ബ്രാഹ്മണരും ദേശീയ പ്രസ്ഥാനത്തിലെ വരേണ്യരും തിയോസഫിക്കൽ സൊസൈറ്റിയും എല്ലാം ചേർന്നുള്ള ഒരു സാംസ്‌കാരിക നിർമ്മാണത്തിന്റെ ഫലമാണ് ഇന്നത്തെ കർണ്ണാടകസംഗീതം.

എല്ലാവരും പാട്ടു പഠിക്കുക, ഗീതാ ക്ലാസിൽ പോവുക എന്നിങ്ങനെ സനാതന ധർമ്മങ്ങൾ വളർ ത്തുന്ന പ്രവണത ഇതേ രാഷ്ട്രീയ സാമൂഹിക നിർമ്മാണത്തിന്റെ ഭാഗമാണ്.  പ്രവാസി പണക്കാർ ഈ സനാതനധർമ്മത്തെ പരിപോഷിപ്പിക്കുന്നുണ്ട്.  ഇതേ കാരണംകൊണ്ടാണ് അവർക്ക് നരേന്ദ്ര മോദി പ്രിയപ്പെട്ടവനാകുന്നത്.

ആധുനികമെന്നത് സാമ്പ്രദായികതയിൽനിന്ന് മാറിനില്‍ക്കുന്ന ഒന്നല്ല.  അവ കൈ കോർത്ത് നടക്കുന്നവയാണ്.

ജാസ് ക്ലാസിക്കലല്ല?

കർണ്ണാടകസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും മാത്രമാണ് ക്ലാസിക്കൽ എന്ന് വിളിക്കപ്പെടുന്നത്.  ഇവ രണ്ടും ആർട്ട് സംഗീതങ്ങളാണ്.  ജാസും ആർട്ട് സംഗീതമാണ്.  പാശ്ചാത്യസംഗീതം ധാരാളം ജാസ് സംഗീതത്തിൽ നിന്ന് കടംകൊണ്ടിട്ടുണ്ട്.  ക്ലാസിക്കൽ എന്ന ഒരു പദവിയാണ് ആർട്ട് സംഗീതമായ ജാസിനെ പുറത്തു നിർത്തുന്നത്.

Leave a Reply