Home » ഇൻ ഫോക്കസ് » സാഹിത്യോത്സവം: ചില കടലോര കുറിപ്പുകൾ

സാഹിത്യോത്സവം: ചില കടലോര കുറിപ്പുകൾ

‘ചീത്ത ജേണലിസം നല്ല നോവൽ ആകില്ല’


വിഭ്രമിപ്പിക്കാൻ മാത്രം പ്രയോഗിക്കുന്ന ഭാഷാമുഷ്കുകൾ ജൈവമായതിലെല്ലാം രാസവിഷം കലർത്തു൦.


വരട്ട് ചിന്തകൾ ചിലപ്പോൾ ഫാസിസത്തെക്കാൾ ഭയാനക൦.


‘കവിതയുടെ രാഷ്ട്രീയ൦’ നേരായി കാട്ടിത്തന്നത് പി എൻ ഗോപീകൃഷ്ണൻ മാത്ര൦.


കോഴിക്കോട്ട് സമാപിച്ച കേരള സാഹിത്യോത്സവത്തിന്റെ ആദ്യദിനാനുഭവം നോവലിസ്റ്റ് എം നന്ദകുമാറും കവി ജി എസ് ശുഭയും കൂട്ടുകാരായ ഉദയൻ, മാളവിക, രാജേഷ് എന്നിവരും ചേർന്ന ആസ്വാദകസംഘം പങ്കുവെക്കുന്നു.

കേരള ലിറ്ററേചർ ഫെസ്റ്റിവലിന്റെ ഒന്നാം ദിവസം ‘സത്യത്തിന്റെ തുറമുഖത്തിൽ ‘ ആഘോഷപൂർവ്വം ആസ്വദിച്ചതിൽ നിന്നുള്ള ചില കുറിപ്പുകൾ പങ്ക് വെക്കുന്നു.

‘തൂലിക’ വേദിയിൽ നടന്ന ‘ഭാഷയും അനുഭവവും’ മുഖാമുഖം ഞങ്ങളെ ഊർജ്ജസ്വലരാക്കി. സച്ചി മാഷുടെ ചോദ്യങ്ങളിലെ ചിന്തകളുടെ ആഴം, പെണ്ണെഴുത്തിനെക്കുറിച്ച് വിവിധ വീക്ഷണങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങൾ, സാറ  ടീച്ചറുടെ  മറുപടികളിലെ  നേരിന്റെ ആർജ്ജവം, തീക്ഷ്ണത…. അതെല്ലാം എഴുത്തിന്റെ മാത്രമല്ല, സമകാലികജീവിതത്തിന്റെയും  രാഷ്ട്രീയസമസ്യകളെ അഭിമുഖീകരിച്ചു. ഒത്തുതീർപ്പുകൾ ഒഴിവാക്കിയുള്ള സംവാദം, ആശയങ്ങളുടെ സുഗമമായ ഒഴുക്കിന്  വഴി വെട്ടി.

സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾ ഏകദേശം പ്രതീക്ഷിച്ചതു തന്നെ. വിരുദ്ധധ്രുവങ്ങളിൽ  എന്ന് തോന്നിപ്പിക്കുമെങ്കിലും, യഥാർഥത്തിൽ ഒന്നുതന്നെയായ മതാന്ധതകളുടെ അസ്വാരസ്യങ്ങൾ .. പുരുഷന്  സ്ത്രീയെ  അപേക്ഷിച്ച് പ്രകൃതി നല്കിയ കായികശേഷി ( സ്ഥിരം ‘പൂവൻകോഴി’  ഉദാഹരണസഹിതം). കുടുംബസമാധാനം തകർക്കുന്ന സ്ത്രീ ‘സ്വാതന്ത്ര്യം’ എന്ന മട്ടിൽ…

സാറാ ജോസഫ്‌ നല്കിയ ഉത്തരങ്ങളിൽ അവശ്യം വേണ്ട പരിഹാസവും സങ്കടവും ജീവിതത്തിൽ അതിവേഗം ഇല്ലാതാകുന്ന ഒട്ടേറെ ‘തുല്യത’കളെ  ഓർമപ്പെടുത്തുന്നവയായി.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധികൾ ആലോചിക്കുന്ന ചർച്ചയിൽ ‘മതേതരത്വം എന്ന ഫണ്ടമെന്റലിസം’ എന്നൊരു ജടില പ്രയോഗം കേൾക്കുകയുണ്ടായി (സിവിക്  ചന്ദ്രൻ). പൊതുവെ സങ്കീർണമായ നമ്മുടെ കാലത്ത്, വിഭ്രമിപ്പിക്കാൻ മാത്രം പ്രയോഗിക്കുന്ന ഭാഷാമുഷ്കുകൾ ജൈവമായതിലെല്ലാം രാസവിഷം കലർത്തുമെന്നതിനു ഉത്തമോദാഹരണം! വരട്ട് ചിന്തകൾ ചില നേരങ്ങളിൽ ഫാസിസത്തെക്കാൾ ഭയാനകമാണ്. തമ്മിൽ ഭേദം, ദെക്കാർത്തിയൻ യുക്തികളുടെ ചിലന്തി വലയിൽ കുടുങ്ങി കിടക്കുന്ന ‘ആധുനിക’ വ്യക്തിയുടെ ദുഖവും പ്രത്യാശയും തന്നെ (ആനന്ദ് ).

രാവിലത്തെ നോവൽ ചർച്ചകളിൽ മോഡറേറ്റർ ( പി കെ രാജശേഖരൻ) അനുഭവിച്ച ജ്ഞാനഭാരം അല്പം കൂടിപ്പോയോ? ഏതായാലും, മിഖായിൽ ബാക്തിൻ (റഷ്യൻ ചിന്തകൻ) പറയുന്ന വിഭിന്നമായ ബഹുസ്വരങ്ങൾ (heteroglossia)   മലയാളത്തിൽ എത്ര നോവലുകളിൽ കേൾക്കാനാകും എന്ന്  വേദിക്ക്  പുറത്ത് ഞങ്ങൾ ചായക്കൊപ്പം ചിന്തിച്ചു. സി വി രാമൻ പിള്ളയുടെ കൃതികൾ, ഖസാക്കിൽ രവിയുടെ അസ്തിത്വസന്ദേഹങ്ങൾക്ക് മുന്നിൽ അപ്പുക്കിളിയുടെ കൊഞ്ഞൽ…ഏതാനും എണ്ണങ്ങളേ പെട്ടെന്ന്  ഓർമയിൽ വരുന്നുള്ളൂ. ബാക്കി മിക്കതും, എഴുത്തുകാരൻ കുറെ കഥാപാത്രങ്ങളിലൂടെ  സ്വയം പിറുപിറുക്കുന്ന ആത്മഭാഷണങ്ങൾ ആയി അനുഭവപ്പെടും.

‘സ്ത്രീയുടെ സാഹിത്യം’  ചർച്ച അത്തരം  അന്തസ്സാരശൂന്യമായ monologue നു അരങ്ങായി ( കെ. ആർ മീര, അനിത നായർ ). കൂട്ടുകാരന്റെ, ഐ ഐ ടിയിൽ പഠിക്കുന്ന മകൾ സദസ്സിൽ നിന്ന് വേഗം പുറത്ത് ചാടി: ‘ചീത്ത ജേണലിസം നല്ല നോവൽ ആകില്ല’ എന്ന അരിശത്തോടെ.

കവിയരങ്ങിൽ നല്ലതും ഭേദപ്പെട്ടതും മോശവും കാവ്യാലപനങ്ങൾ ഉയർന്നു. കൂടുതൽ നന്നായത് വീരാൻകുട്ടിയുടെ ‘നാവടക്ക’വും  രാമന്റെ കവിതകളും ആണെന്ന് തോന്നി. ‘കവിതയുടെ രാഷ്ട്രീയത്തിൽ’  പി എൻ ഗോപീകൃഷ്ണൻ മാത്രമാണ് കാര്യം നേരായി കാട്ടിത്തന്നത് – ജയശീലന്റെ ഒരു കവിതയിലെ പൂക്കളുടെ ഉപമാനത്തിലൂടെ. വേദിയിൽ അലങ്കരിക്കാനായി മുറിച്ച് മാറ്റപ്പെട്ട പൂക്കൾ, പൂപ്പാത്രത്തിൽ ചിരിച്ചുല്ലസിക്കുന്നു – ഉള്ളിൽ സാവകാശം ബാധിക്കുന്ന ഉണക്കത്തെക്കുറിച്ച് അറിയാതെ.

ഉദ്ഘാടനദിവസം പ്രശസ്ത ഫുഡ്‌ ബ്ലോഗർ  മരിയ ഗോരെറ്റിയുടെ പാചകം രസമുള്ള കിച്ചൻ ഓർക്കെസ്ട്രയായി – കാണികളുടെ വെള്ളമൂറുന്ന നാവുകളെ തൃപ്തിപ്പെടുത്താൻ വിഭവം വിളമ്പിയില്ലെങ്കിലും.

തൊട്ടടുത്ത വേദിയിൽ ഷൗക്കത്ത്, നാരായണഗുരുവിന്റെ ആത്മോപദേശകശതകം വ്യാഖാനിക്കുന്നതുകേട്ട് ഞങ്ങൾ തല്ക്കാലം ശാന്തരായി: “അവനവനിലേക്ക്‌ സ്വയം അമർന്നു ചേർന്ന്   ശാന്തമാകുക.” (എതിർപാഠം: വെള്ളാപ്പിള്ളിയുടെ ദുരാഗ്രഹ നളപാകത്തിൽ നിന്നും വിടുതി നേടുക.)

ഏതായാലും രണ്ടാം ദിവസം സാഹിത്യോത്സവേദികളിലേക്ക് കടക്കുമ്പോൾ ഞങ്ങൾ ചൊല്ലിയ ഈരടി: ‘അപ്പം വേണം, അടയും വേണം
മുട്ടാതെന്നും മധുപർക്കം വേണം’

Leave a Reply