സംസ്ഥാനത്ത് ഇലക്ട്രിക്കല്‍ ഓട്ടോറിക്ഷ-ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും. വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് ഗ്രീന്‍ ഓട്ടോകള്‍ വിപണിയിലിറക്കുന്നത്.
ഓട്ടോകള്‍ നിരത്തിലിറക്കുന്നതിന് മുമ്പുള്ള പരിശോധനയ്ക്കായി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് (എആര്‍എഐ) സമര്‍പ്പിച്ചു. കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആര്‍എഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. പരിശോധന അവസാന ഘട്ടത്തിലായതിനാല്‍ അടുത്ത മാസം അനുമതി ലഭിച്ച് ജൂണില്‍ ഗ്രീന്‍ ഇ ഓട്ടോകള്‍ വിപണിയിലിറക്കാനാകുമെന്നാണ് വ്യവസായവകുപ്പിന്റെ പ്രതീക്ഷ.
പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഇലക്ട്രിക്കല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കെഎഎല്‍ ഇ ഓട്ടോറിക്ഷ നിര്‍മ്മാണത്തിലേക്ക് കടന്നത്. ഇതിനായി സര്‍ക്കാര്‍ പത്തു കോടി രൂപയാണ് അനുവദിച്ചത്. നാലു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഗ്രീന്‍ ഓട്ടോറിക്ഷയ്ക്ക് രണ്ടര ലക്ഷം രൂപയാണ് വില. നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ ഓടാനാകും. ഒരു കിലോ മീറ്ററിന് വെറും 50 പൈസയാണ് ചെലവ്. സാങ്കേതിക വിദ്യ, രൂപ കല്‍പ്പന എന്നിവ ഉള്‍പ്പെടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഗ്രീന്‍ഓട്ടോ. ഓട്ടോസ്റ്റാന്‍ഡുകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കെഎഎല്‍ സ്ഥാപിക്കും.
വൈകാതെ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇ റിക്ഷകള്‍ പുറത്തിറക്കും. ഒന്നര ലക്ഷം രൂപയാണ് വില. പിന്നാലെ സിഎന്‍ജി ഓട്ടോയും നിര്‍മ്മിക്കും. നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഇന്ത്യയില്‍ ഇ ഓട്ടോകള്‍ നിര്‍മ്മിക്കുന്നത്.