Home » നമ്മുടെ കോഴിക്കോട് » പേരിലെ മൂടുപടം വലിച്ചെറിഞ്ഞു..സായ ഇനിയെന്നും ആയിഷ

പേരിലെ മൂടുപടം വലിച്ചെറിഞ്ഞു..സായ ഇനിയെന്നും ആയിഷ

അതിര്‍ത്തി കടന്ന് ഇന്ത്യയിലും പിന്നീട് ദൈവത്തിന്റെ സ്വന്തം നാട്ടിലുമെത്തിയതൊന്നും ആ ബംഗ്ലാദേശി പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ആകെ അറിഞ്ഞത് നാല് ചുമരുകള്‍ക്കുള്ളില്‍ അവള്‍ക്ക് നേരിടേണ്ടി വന്ന പീഡന പരമ്പരകള്‍ മാത്രം. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് താന്‍ വില്‍പന ചരക്ക് ആകുന്നുണ്ടെന്നത് മാത്രം. പീഡന പരമ്പര സഹിക്കാനാവാതെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്‌ലാറ്റില്‍ നിന്നും രക്ഷപ്പെട്ട് ഓടുമ്പോള്‍ അവള്‍ കേരളത്തെ ഒന്നടങ്കം ശപിച്ചിട്ടുണ്ടാകാം. പക്ഷെ കേരളത്തിലെ സുമനസുകള്‍ അവളെ ചേര്‍ത്തുപിടിച്ചു. പുതിയ ജീവിതം നല്‍കി. സായ എന്ന പേരില്‍ അവള്‍ അവളുടെ ജീവിതം എഴുതി. വേദനകള്‍ മറന്നു. ഇനി സായ എന്ന പേരിന്റെ മൂടുപടം ആയിഷ സിദ്ധിക്കിയ്ക്ക് ആവശ്യമില്ല. കാരണം സ്വപ്‌നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ട് വില്‍പ്പനചരയ്ക്കായി മാറുന്ന അനേകം സ്ത്രീകള്‍ക്ക് കരുത്തു പകരാന്‍ ആയിഷ ഇപ്പോള്‍ പ്രാപ്തയാണ്. പിന്നെന്തിന് വെറുമൊരു പേരിന്റെ മൂടുപടം? ലൈംഗിക പീഡനത്തിനും ചൂഷണത്തിനും ഇരയായ, ഈ രാജ്യത്തെ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം എന്ന ആഗ്രഹമാണ് ഇനി ആയിഷയ്ക്ക് പൂര്‍ത്തിയാക്കാനുള്ളത്. ബംഗ്ലാദേശിലെ ഡെയ്‌ലി സ്റ്റാര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിഷ തന്റെ ഉറച്ച തീരുമാനം വ്യക്തമാക്കി. പീഡനത്തിന് ശേഷം രക്ഷപെട്ട് റസ്‌ക്യു ഹോമിലെത്തപ്പെട്ട ആയിഷ കുത്തിക്കുറിച്ച കവിതകള്‍ മൊഴിമാറ്റം ചെയ്ത് പുസ്തകമാക്കിയിരുന്നു. അവള്‍ നിറം പകര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. അതോടെ കണ്ണീരൊലിച്ചിറങ്ങിയ ചുണ്ടുകളില്‍ പുഞ്ചിരി വിടരാന്‍ തുടങ്ങി. സ്വന്തം നാട്ടിലേക്ക് പോയി ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കഴിഞ്ഞു. എന്നാല്‍ ബംഗ്ലാേശിലെത്തിയപ്പോള്‍ ബന്ധുക്കള്‍ പോലും തന്നെ അവഞ്ജയോടെയാണ് കാണുന്നതെന്ന് ആയിഷ പറയുന്നു. ഉമ്മയും തന്റെ മക്കളുമല്ലാതെ മറ്റാരും തന്നോടു നന്നായി സംസാരിക്കാതെയായി. എല്ലാവരുടെയും കണ്ണില്‍ താന്‍ പിഴച്ചവളാണ്. തന്റെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോലും അയല്‍വീട്ടിലെ കുട്ടികളെ മാതാപിതാക്കള്‍ സമ്മതിക്കാറില്ല. പക്ഷെ അതൊന്നും തന്നെ തളര്‍ത്തില്ലെന്ന് ആയിഷ പറയുന്നു. കോഴിക്കോട്ടെ സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യാഗസ്ഥരുമാണ് തനിക്ക് ഈ ധൈര്യം പകര്‍ന്നതെന്നാണ് ആയിഷ അഭിമുഖത്തില്‍ പറയുന്നു. ‘ഞാന്‍ എന്ന മുറിവ്’ എന്ന തന്റെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങിയ ആംസ് ഓഫ് ജോയ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ ജി. അനൂപിനെകുറിച്ചും ആയിഷ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ബംഗ്ലാദേശിലെ ജെസ്സോര്‍ ജില്ലയിലെ കച്വാ ഗ്രാമത്തില്‍ വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ആയിഷ 12ാം വയസിലാണ് വിവാഹിതയായത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ആയിഷ പിന്നീട് തയ്യല്‍ പഠിച്ച് പരിശീലകയായി. മൂന്ന് കുഞ്ഞുങ്ങളുമുണ്ടായിരുന്ന ആയിഷ 2014ല്‍ ഭര്‍ത്താവുമായി പിരിഞ്ഞ് വീട് വിട്ടിറങ്ങി. അപ്പോഴാണ് ചങ്ങാത്തം നടിച്ച് എത്തിയ രണ്ട് പേര്‍ മയക്കുമരുന്ന് നല്‍കി ഇന്ത്യയിലേക്ക് കടത്തിയത്. പല തവണ കൈ മറിഞ്ഞ് ഒടുവില്‍ കോഴിക്കോട്ടെത്തി. കോഴിക്കോട് എത്തിയതോടെ ആയിഷയുടെ ജീവിതം മാറി മറിഞ്ഞു. തനിക്ക് നഷ്ടപെട്ടതെല്ലാം തിരിച്ചു തന്ന നഗരമായാണ് കോഴിക്കോടിനെ ആയിഷ വിശേഷിപ്പിക്കുന്നത്. ശരീരം മാത്രമല്ല പെണ്ണ് എന്ന് ബോധ്യപ്പെടുത്തിയ നഗരം. തന്നിലെ ചിത്രകാരിയെയും കവയത്രിയെയും തിരിച്ചറിഞ്ഞ് ആദരിച്ച നഗരം. ഇനി ഒരു ആഗ്രഹം കൂടി ആയിഷയുടെ മനസില്‍ ബാക്കിയാണ്. ഇന്ത്യയില്‍ 2000 കോപ്പി വിറ്റഴിഞ്ഞ തന്‍രെ പുസ്തകം ബംഗാളിയില്‍ കൂടി പ്രസിദ്ധീകരിക്കണമെന്ന്. ഇതെല്ലാം സംഭവിച്ചതിനാല്‍ ഈ ചെറിയ ആഗ്രഹവും തീര്‍ച്ചയായും നടക്കുമെന്ന് ആയിഷയ്ക്ക് അറിയാം.

Leave a Reply