മലബാറിന്റെ രുചിയേറുന്ന ഭക്ഷണം ആരെയും ആക്രാന്തം കൊള്ളിക്കുന്നതാണെന്നാണ് തെക്കരുടെയും മറ്റെല്ലാവരുടെയും വെപ്പ്. എന്നാല്‍ ഇതൊരു വെപ്പ് മാത്രമല്ലെന്നും മലബാറന് ഭക്ഷണം കഴിക്കാനാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ലെന്നത് പകല്‍ പോലെ സത്യമാണ്. തലശ്ശേരി ബിരിയാണി മുതല്‍ എന്തിനുപറയുന്നു പൊറോട്ട യും ചിക്കന്‍കറിയും വരെ മലബാറിന്റെ സ്പെഷ്യലാണ്.
മലപ്പുറത്തെ ഭക്ഷണമാണെങ്കില്‍ അതിലും കേമം. മലപ്പുറത്തേക്ക് യാത്ര ചെയ്യുന്ന വഴി എവിടെ നോക്കിയാലും ഇപ്പോള്‍ കാണുന്നത് കുഴിമന്തിയുടെ ബോര്‍ഡുകളാണ്. കുഴിമന്തി എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അതെന്താണെന്ന് അറിയണമെങ്കില്‍ മലപ്പുറത്തു തന്നെ വരണം.
മറ്റെല്ലാ ജില്ലയിലും മന്തിയുണ്ടെങ്കിലും രുചിയുടെ കാര്യത്തിലും നിര്‍മ്മാണത്തിലും മലപ്പുറം കുഴിമന്തി ഒന്നുവേറെ തന്നെ. അറബ് ഭക്ഷണത്തിന്റെ ലിസ്റ്റുകള്‍ നിരത്തിയ ഹോട്ടലുകളാണ് മലപ്പുറത്തിന്റെ പ്രത്യേകത. വെന്ത കോഴി റൈസില്വെച്ച് പൂഴ്ത്തിയാല്‍ കുഴിമന്തിയായി – ഇതാണ് കുഴിമന്തിയുടെ ചുരുക്കം. പക്ഷേ കോഴിയുടെ വേവ് നോക്കുന്നതിലും, അരിവേവുന്നതിലും ശ്രദ്ധിക്കുന്നിടത്താണ് മന്തി ഉണ്ടാക്കുന്നവന്റെ കഴിവ്.
സൗദി സ്റ്റൈലിലാണ് ഇവിടെ കുഴിമന്തി ഉണ്ടാക്കുന്നത് എന്നാണ് ഭക്ഷണപ്രിയരെ ഏറെ ഇങ്ങോട്ടടിപ്പിക്കുന്നത്. ഒന്നര മീറ്റര്‍ നീളവും, നാല്പ്പതിഞ്ച് വ്യാസവുമുള്ള ഇഷ്ടികകൊണ്ട് കെട്ടിയ കുഴിയിലാണ് മന്തി പാകം ചെയ്യുക. കുഴിയില്‍ കനലിട്ട് കത്തിച്ചതിലേക്ക് ഇറച്ചി നിരത്തിവെച്ച തട്ടോടുകൂടിയ അരിച്ചെമ്പ് ഇറക്കിവെക്കും. ഇറച്ചിയില്‍ നിന്നും എണ്ണ ഒലിച്ചു ചോറില്‍ ചേര്‍ന്നാല്‍ കുഴിമന്തി റെഡി.
കനലിന്റെ അളവ് നോക്കിയാണ് മന്തിയുടെ വേവറിയുന്നത്. ഈ വേവറിയുന്നിടത്താണ് പാചകക്കാരന്റെ കഴിവ്. മസാല ചേര്‍ന്ന ചുവന്ന നിറത്തോടുകൂടിയ പാകമായ ഇറച്ചിയും ചോറും കൂടി മിക്സായാല്‍ ഉണ്ടാകുന്ന മണം ആരെയും കുഴിമന്തിയിലേക്ക് ആകര്‍ഷിക്കുന്നതാണ്. ചിക്കനുപുറമെ ആടിനെയും മന്തിയാക്കാറുണ്ട്.
അറബികളുടെ ഭക്ഷണമായ കുഴിമന്തി ഇന്ന് മലയാളിയുടെ ഇഷ്ടവിഭവങ്ങളിലൊന്നായി തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുഴിമന്തി ഉണ്ടാക്കുന്ന ഹോട്ടലുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഭക്ഷണപ്രിയരില്‍ പ്രധാനികളായ മലബാറികള്‍ കുഴിമന്തിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കുഴിമന്തിയെ നമുക്കു പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് യഥാര്‍ത്ഥത്തില്‍ നിതാഖത്തില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തിയ ആളുകള്‍ക്കാണ്. മറ്റുജോലികളില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ആരുടെയോ ബുദ്ധി പ്രവര്‍ത്തിച്ചതാണ് കുഴിമന്തി മലപ്പുറത്തെത്തിയതിനു പിന്നിലെ കഥ. എന്തായാലും കുഴിമന്തി ഇവിടെ ക്ലിക്കായി!