ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസ് കോഴിക്കോടിനും ഭീഷണിയാകുന്നു. ലോകാരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്കിയ സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോടും വൈറസ് ബാധക്ക് സാധ്യത. നഗരത്തില്‍ നാഗ്ജി ഫുട്ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി നടപടികള്‍ സ്വീകരിച്ചു.
ബ്രസീല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുന്ന നാഗ്ജി ഫുട്ബോള്‍ കോഴിക്കോട് നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനായി പ്രത്യേക നിരീക്ഷണ സംഘം ഉണ്ടെങ്കിലും വലിയ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പനിയുമായി ചികിത്സ തേടുന്നവരുടെ രണ്ടാഴ്ചത്തെ യാത്രാ വിവരങ്ങള്‍ പരിശോധിക്കും. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഇത്തരം കൊതുകിന്റെ സാന്നിധ്യം ഭീഷണിയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
തെക്കേ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ആളിലാണ് വൈറസ് കണ്ടെത്തിയത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ പ്രവശ്യയായ ഗാന്സ്യാന് സ്വദേശിയ 34 കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഫെബ്രുവരി ആറുമുതല്‍ ഇയാള്‍ ആശുപത്രി നിരീക്ഷണത്തിലാണ്.
സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യയും രോഗ ഭീഷണിയിലാണ്. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. ഇന്ത്യയില്‍ വളരെയധികം കണ്ടു വരുന്ന ഡെങ്കി വൈറസും ഈഡിസി കൊതുകു വഴിയാണ് സിക വൈറസും പകരുന്നത്. അതിനാല്‍ തന്നെ ഇന്ത്യയും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യയിലെ വൃത്തിഹീനമായ പരിസരവും പകര്‍ച്ച വ്യാധിക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതേ സമയം കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.