കോഴിക്കോട്ടെ പോലീസ് ഇപ്പോള്‍ ചരിത്രം ചികയുകയാണ്. നഗരത്തിന്റെയോ ഏതെങ്കിലും കേസിന്റെയോ ചരിത്രമല്ല. മറിച്ച് പോലീസിന്റെ തന്നെ ചരിത്രമാണ് ഉദ്യോഗസ്ഥര്‍ ചികയുന്നതെന്ന് മാത്രം. അതിന് പൊതുജനങ്ങളുടെ സഹായവും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ചരിത്രം ഉള്‍കൊള്ളിക്കുന്ന ജില്ലാ പൊലീസ് മ്യൂസിയത്തിനാണ് ജനങ്ങളുടെ വിലയേറിയ സംഭാവനകള്‍ പോലീസുകാര്‍ ആവശ്യപ്പെടുന്നത്. പൊലീസ് മ്യൂസിയത്തിനായി സാമ്പത്തിക സഹായമല്ല മറിച്ച് പോലീസുമായി ബന്ധമുള്ള ചരിത്ര വസ്തുക്കളാണ് ആവശ്യം.
സിറ്റിയില്‍ പോലീസ് കണ്ട്രോള് റൂമിനു സമീപമുള്ള കെട്ടിടമാണ് പൊലീസ് മ്യൂസിയമാക്കി മാറ്റുന്നത്. ജില്ലയിലെ പോലീസ് ഡിപ്പാര്ട്ടിമെന്റുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ ഈ മ്യൂസിയത്തില്‍ പോയാല്‍ അറിയാന്‍ പറ്റും. ബ്രിട്ടീഷ് ഭരണകാലത്തിനും മുമ്പും അതിനു ശേഷവുമുള്ള ജില്ലയിലെ പൊലീസ് ചരിത്രം അനാവൃതം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് മ്യൂസിയം എന്ന ആശയത്തിന് രൂപം നല്‍കുന്നത്. പഴയ കാലം മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, കോഴിക്കോട് പോലീസ് വകുപ്പിന് നേതൃത്വം നല്‍കിയിരുന്ന പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍. യൂണിഫോം രീതി, തുടങ്ങിയ എല്ലാ വിവരങ്ങളും മ്യൂസിയത്തില്‍ നിന്നും ലഭിക്കും. പറ്റാവുന്നിടത്തോളം ചരിത്ര ശേഷിപ്പുകള്‍ ശേഖരിക്കാനുള്ള നടപടിയിലാണ് പേലീസുദ്ദ്യോഗസ്ഥര്.
പൊതുജനങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നും പോലീസുമായി ബന്ധപ്പെട്ട അപൂര്‍വ്വവും അമൂല്യവുമായ വസ്തുക്കള്‍, രേഖകള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ നല്കാന് ആവശ്യപ്പെടുന്നത്. ഇതിനായി ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസിറ്റന്റ് കമ്മിഷണറെ സമീപിക്കാം. അല്ലെങ്കില്‍ 9497990108 എന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യാം.