Home » സാമൂഹികം » പശുരാഷ്ട്രത്തിലെ ഇടയകുലം: കൃഷ്ണന്റെ കുലത്തിന് ‘രാമരാജ്യം’ തൊഴിൽരക്ഷയൊരുക്കുമോ?
രാജസ്ഥാനിലെ ഇടയന്മാർ (Photo: CAZRI JodhpurI)

പശുരാഷ്ട്രത്തിലെ ഇടയകുലം: കൃഷ്ണന്റെ കുലത്തിന് ‘രാമരാജ്യം’ തൊഴിൽരക്ഷയൊരുക്കുമോ?

ന്ത്യയുടെ മഹത്തായ ദേശീയപാരമ്പര്യത്തിൽ ബിജെപി സർക്കാരിനുള്ള താൽപര്യം എത്രത്തോളം ഉണ്ട്? വനവാസകാലത്ത് രാമന്റെ വിവരങ്ങൾ, ദേശത്ത് കാതോർത്തിരുന്ന ജനതയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന കുലത്തിന് അഭിനവ രാമരാജ്യക്കാർ നൽകുന്ന മൂല്യം എന്താണ്?

 

 

ന്ത്യൻ ഗ്രാമ ജീവിതത്തിന് സഹസ്രാബ്ദങ്ങളായി ഉപജീവനമൊരുക്കുന്ന ഒരു തൊഴിലിന് പതിയെ അന്ത്യം കുറിക്കപ്പെടുകയാണ്. ഇടയവൃത്തിയെന്ന, ഏതാണ്ട് മനുഷ്യരാശിയുടെ ആരംഭത്തോളം പഴക്കമുള്ള ഈ തൊഴിലിന് സംരക്ഷണം ആവശ്യപ്പെട്ട് തെക്കനേഷ്യൻ രാജ്യങ്ങളിലെ ഇടയന്മാരുടെ പ്രതിനിധികൾ രാജസ്ഥാനിലെ ഉദയ്പൂരിൽ സംഗമിച്ചു.

എന്താണ് ഇടയവൃത്തി?

മനുഷ്യകുലം വേട്ടയാടി ജീവിക്കലിൽനിന്ന് കാർഷികവൃത്തിയിലേക്ക് മാറുന്നതിന്റെ ഒരു പ്രധാന ഘട്ടമായി ആരംഭിച്ച തൊഴിലാണ് ഇടയവൃത്തി. ഗോപാലകനായിരുന്ന ശ്രീകൃഷ്ണന്റെ കുലം. ഇംഗ്ലീഷ് ചിത്രങ്ങളിലെ കൗബോയ്സിന്റെയും കുലം.

കാട്ടുമൃഗമായിരുന്ന കുതിരയെ ഇണക്കാനുള്ളതു പോലത്തെ അറിവുകൾ മനുഷ്യകുലത്തിന് ഈ വംശത്തിന്റെ സംഭാവനയാണ്. കുതിരകൾ, ആടുകൾ, ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, പശുക്കൾ ഇങ്ങനെ വിവിധ വളർത്തു മൃഗങ്ങളുടെ പരിപാലനവൃത്തി ചെയ്തുവരുന്ന ഗോത്രമാണ് ഇടയന്മാരുടെത്. മധ്യേഷ്യയിൽ കിർഗിസ്ഥാൻ, മംഗോളീയ തുടങ്ങിയ രാജ്യങ്ങളിലും, തെക്കനേഷ്യയിൽ അഫ്ഘാനിസ്ഥാൻ,  ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പരന്നുകിടക്കുന്നു ഈ പ്രകൃതിജീവന്മാരുടെ കുലം.

കൊളോണിയൽ കെണി

ഇവർ ഏറ്റവുമധികമുള്ള തെക്കനേഷ്യൻ രാജ്യങ്ങളിൽ പെടുന്നു, ഇന്ത്യ. ബ്രിട്ടീഷുകാരുടെ സെൻസസ് കെണിയിൽ പ്രാക്തനമായ ഈ കുലവും പെട്ടു. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങളിലായി ഇവർ കള്ളി തിരിക്കപ്പെട്ടു.ഇവർക്ക് ഉപജീവനമൊരുക്കുന്ന, രാജ്യത്തെ വിശാലമായ മേച്ചിൽ നിലങ്ങളുടെ സംരക്ഷണത്തിന് ഒരു ദേശീയനിയമവും ബ്രിട്ടീഷുകാർ ഉണ്ടാക്കിയില്ല. ഇന്നും നിലവിലില്ല. ഇവരുടെ തൊഴിലാകട്ടെ, നിയമപരമായി, ഒരു തൊഴിലായി സ്വതന്ത്ര ഇന്ത്യ അംഗീകരിച്ചിട്ടു പോലുമില്ല.

2011ൽ ഈ കുലത്തിനുവേണ്ടി സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ആദ്യമായൊരു ഇടപെടലുണ്ടായി. മേച്ചിൽ നിലങ്ങളുടെ കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും നയരൂപീകരണം നടത്തണമെന്ന് ഇന്ത്യാ സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ, ആ ഉത്തരവിൽ ഇതുവരേയ്ക്കും ഒരു മുന്നോട്ടു പോക്കും ഉണ്ടായില്ല.

ആഗോളീകരണഘട്ടം

ഒരു കാലത്ത് സമൃദ്ധമായിരുന്ന മേച്ചിൽ നിലങ്ങൾ പതിയെ സ്വകാര്യ ഭൂമിയായി. ആഗോളീകരണഘട്ടത്തോടെ അവയിൽ ഗണ്യമായൊരു പങ്ക് വ്യാവസായിക കൃഷിയിടങ്ങളായി. പലയിടത്തും കോർപ്പറേറ്റ് കൃഷിയിടങ്ങളായും അവ ഇനം മാറ്റപ്പെട്ടു തുടങ്ങി. ഇതേ കാലത്തു തന്നെ വനനിയമങ്ങളും മാറിമറിഞ്ഞു. അതോടെ കാടുകളിലേക്കും ഇടയന്മാർക്ക് കൂടുതൽ വിലക്കുകളായി.

അഫ്ഘാനിസ്ഥാൻ മാത്രമാണ് ഇതിൽ അല്പമെങ്കിലും അപവാദമായിരുന്നത്. അവിടെ ഇടയവൃത്തി തൊഴിലായി അംഗീകരിച്ചു. ഇടയന്മാർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്ന നിയമ വ്യവസ്ഥകളും ഉണ്ടായി. അക്കാലവും ഇന്ന് മാറി മറിഞ്ഞു.

മുറുകുന്ന കുറ്റപത്രം

ഇന്നീ തൊഴിൽകുലത്തിന്റെ സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു. ഇന്നിവർക്കെതിരെ വാളെടുത്തിരിക്കുന്നത് ഐക്യരാഷ്ട്രസംഘടന തന്നെയാണ്. മീഥെയ്ൻ വാതകം പരത്തി, കാലാവസ്ഥാ മാറ്റത്തിന് കാരണക്കാരാകുന്നുവെന്ന് യു.എൻ. ഇടയകുലത്തിന് കുറ്റപത്രം മുറുക്കിക്കഴിഞ്ഞു.

വാണിജ്യാടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കാനുള്ള കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വഴിവെട്ടുകയാണ് ഐക്യരാഷ്ട്ര സംഘടനയെന്ന് ശബ്ദമുയരുന്നുണ്ട്. എന്നാൽ, അത് കാർഷിക വികസന മുദ്രാവാക്യങ്ങളിൽ അമർന്നടിഞ്ഞു പോകുന്നു.

കാർഷികവൃത്തി, വിളവുണ്ടാക്കലും മൃഗപരിപാലനവും ചേർന്നുള്ള തൊഴിലായി പരിഗണിക്കപ്പെടുന്ന രാജ്യമായ ഇന്ത്യയിൽ ഇടയന്മാരുടെ ഭാവി എന്താവും? ജൈവവൈവിധ്യ പരിപാലനത്തിൽ ഇടയത്തൊഴിലിനുള്ള പങ്ക് അംഗീകരിക്കപ്പെടാൻ വല്ല സാധ്യതയും തെളിയുമോ? ഇക്കാര്യങ്ങളിൽ, വിദഗ്ദ്ധർ കൂടി പങ്കെടുത്ത് അഭിപ്രായങ്ങൾ സ്വരൂപിക്കപ്പെട്ടിട്ടുണ്ട് ഉദയ്പൂരിലെ ഇടയ സമ്മേളനത്തിൽ.

ഇന്ത്യയുടെ മഹത്തായ ദേശീയപാരമ്പര്യത്തിൽ ബിജെപി സർക്കാരിനുള്ള താൽപര്യം എത്രത്തോളം ഉണ്ടെന്നുകൂടിയറിയാൻ ഇടയസമ്മേളനം ഒരു നിമിത്തമാകും. വനവാസകാലത്ത് രാമന്റെ വിവരങ്ങൾ, ദേശത്ത് കാതോർത്തിരുന്ന ജനതയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന കുലത്തിന് അഭിനവ രാമരാജ്യക്കാർ നൽകുന്ന മൂല്യം എന്താണെന്നറിയാനുള്ള കൗതുകത്തോടെ,

കാലിക്കറ്റ് ജേണൽ.

 

(image courtesy: https://ccafs.cgiar.org/blog/)

Leave a Reply