Home » സാമൂഹികം » ഒരു രഹസ്യ അജണ്ടയുമില്ല ഈ ഇരുപതുകാരന്; അതോ, വായനയും രാഷ്ട്രീയ ഉൽക്കണ്ഠകളും കുറ്റമാണെന്നാണോ?
ഡിവൈഎഫ്ഐ സംസ്ഥാന ജാഥ നടക്കുമ്പോഴത്തെ അലന്റെ ഫേസ്‌ബുക് പ്രൊഫൈൽ ചിത്രം

ഒരു രഹസ്യ അജണ്ടയുമില്ല ഈ ഇരുപതുകാരന്; അതോ, വായനയും രാഷ്ട്രീയ ഉൽക്കണ്ഠകളും കുറ്റമാണെന്നാണോ?

കാടൻ നിയമമെന്ന് എൽഡിഎഫ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന കക്ഷി വിലയിരുത്തിയ യുഎപിഎ കുറ്റം ആരോപിച്ചു അറസ്റ്റുചെയ്യപ്പെട്ട അലൻ എന്ന സുഹൃത്തിനെക്കുറിച്ച് ഒരുപാടുപേർക്ക് എഴുതാനുള്ള അനുഭവങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകനും പ്രസാധകനുമായ എസ് വി മെഹജൂബിന്റെ വാക്കുകളിൽ.
കുതിയിൽ കുറവ് പ്രായമേയുള്ളൂവെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അലൻ.
‘മെഹ്ജൂബ്ക്കാ ഇങ്ങളെവെടയാ?’ എന്നു ചോദിച്ച്, കണ്ണൂരിലെ കോളേജിൽനിന്ന് കോഴിക്കോട്ടെത്തുന്ന ശനിയാഴ്‌ചകളിൽ അവൻ വിളിക്കും, കാണാൻ വരും, ഒരുമിച്ച് ചായ കുടിക്കും.
-കഴിക്കാൻ ?
-അട മതി.
ഞാൻ ഒന്നു കഴിക്കുമ്പോൾ അവന് മിനിമം രണ്ടുവേണം. വിശപ്പിന്റെ അസുഖമാണ് എക്‌സ്‌ക്യൂസ് . എതിരു പറഞ്ഞാൽ – പിശുക്കൻ, മുതലാളി, ബൂർഷ്വ,.. അടി തടവുകൾ പലതുണ്ടവന്റെ കയ്യിൽ.
ചിലപ്പോഴൊക്കെ ചായക്കടയിൽ നിന്ന് തുടങ്ങുന്ന വഴക്ക് റാസ്ബെറിയിലെ പുഷ്പയുടേയും പുസ്തകങ്ങളുടേയും സാന്നിധ്യത്തിൽ മൗനം കണ്ടെത്തും.
മാനുവൽസ് ടവറിലെ റാസ്ബറിയും തൊട്ടടുത്ത അനിലിന്റെ മലബാർ കഫേയുമായിരുന്നു അരങ്ങ്. അരങ്ങത്ത് രഞ്ജിത്‌, ബെന്നി ,അമൃത, പ്രഭാത് , ജയകൃഷ്ണൻ, പുഷ്പ ,അഖിൽ, ബിപിൻ, മജിനി, മനോജ് , ഇടയ്ക്കൊക്കെ ഗഫൂർ അറയ്ക്കൽ, പ്രസാദ് ,അബ്ദുൾ റഹ്മാൻ, പ്രദീപ് ,രാജേഷ്, ഗിരീഷ്, വിജേഷ്, നന്ദേട്ടൻ, ശ്രീനിവാസൻ… രസങ്ങൾക്കൊട്ടും കുറവുണ്ടായിരുന്നില്ല റാസ്ബറിയിൽ.
– ഇങ്ങളെ ഞാൻ നിരന്തരം വിളിക്കുന്നുണ്ടല്ലൊ… ഇടയ്ക്ക് ഇങ്ങക്കിങ്ങോട്ടൊന്ന് വിളിച്ചാലെന്താ?
ഞാൻ എടുക്കാൻ വിട്ടുപോകുന്ന കോളുകളിലെ ഒഴികഴിവുകളിൽ അലൻ പരിഭവിക്കും. പാർട്ടിയോടുള്ള ആവേശം പറയും, ആശങ്കകളും.
റാസ്ബറിയിൽ നിന്ന് പുസ്തകങ്ങളെടുത്ത് തലശ്ശേരിയിലെ കടകളിൽ കൊടുത്ത് പോക്കറ്റ് മണി കണ്ടെത്താനുള്ള തുടർച്ചയില്ലാത്ത ശ്രമങ്ങളുണ്ട്.
സിപിഎം പാർട്ടി മെമ്പർ, ബാലസംഘത്തിന്റെ ഭാരവാഹിയും രക്ഷാധികാരിയും. സ്വാഭാവികമായും എസ് എഫ് ഐയും ഡി വൈ എഫ് ഐയും.
കോഴിക്കോട് അബ്ദുൾ ഖാദറിനെപ്പോലെ പ്രാവുകളിൽ തന്റെ മറുക് കണ്ടെത്തിയ, അതുങ്ങളെ പരിപാലിക്കാൻ ഇക്കാലത്തും സമയം കണ്ടെത്തുന്ന, നടനും സിപിഎം മെമ്പറും ചിലപ്പോഴൊക്കെ അനുഭാവിയും, നഗരത്തിലെ സാംസ്കാരിക, രാഷ്ട്രീയ പരിപാടികളിലെ സാന്നിധ്യവുമായ ഷുഐബിന്റെയും അധ്യാപികയായ സബിത മഠത്തിലിന്റെയും മകൻ.
വായനയും പുസ്തകങ്ങളും രാഷ്ട്രീയ ഉല്ക്കണ്ഠകളും തന്നെ അവന്റെ വിഷയങ്ങൾ.
കണ്ടുമുട്ടുന്നവരെ സുഹൃത്തുക്കളാക്കുന്ന, ആളുകളോട് തർക്കവും കുതർക്കവും പറഞ്ഞ് സന്തോഷമായി നടക്കുന്ന ഈ ഇരുപതുകാരന് ഒരു രഹസ്യ അജണ്ടയുമില്ല. അവൻ മാവോയിസ്റ്റും കോപ്പുമൊന്നുമല്ല. നിങ്ങൾ അന്വേഷിക്കൂ.. എന്നിട്ടവനെയും കൂട്ടുകാരനേയും വിട്ടയക്കൂ.
സാധ്യമല്ലെങ്കിൽ ജീപ്പിനു പകരം ഒന്നോ രണ്ടോ ബസ്സെടുത്തുവന്ന് മാനാഞ്ചിറ സ്ക്വയറിലും ടൗൺഹാൾ പരിസരത്തും കാണുന്ന എല്ലാവരേയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യൂ… ജയിലിൽ മാവോയിസ്റ്റുകൾ കുറഞ്ഞതുകൊണ്ടൊരു പ്രശ്നമുണ്ടാകരുത്.
(ഫേസ്ബുക്കിൽ എഴുതിയത്)

Leave a Reply