Home » എഡിറ്റേഴ്സ് ചോയ്സ് » ഇതെല്ലാം വിപ്ലവപ്രവർത്തനമാണെന്നു കരുതാൻ പ്രയാസമുണ്ട്

ഇതെല്ലാം വിപ്ലവപ്രവർത്തനമാണെന്നു കരുതാൻ പ്രയാസമുണ്ട്

‘മാവോയിസ്റ്റുകൾക്കെതിരെ നടക്കുന്നത് ഭരണകൂടഭീകരതയാണെന്ന് രമേശ്‌ ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റും ഗർജിക്കുമ്പോൾ അവർ ഉദ്ദേശിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയാണ്.
അവരുടെ ആക്രോശങ്ങളോടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവരാനും, തങ്ങൾ ചെയ്യാൻ  ഉദ്ദേശിക്കുന്നതെന്തെന്നു സത്യസന്ധമായി തുറന്നു പറയാനും മാവോയിസ്റ്റുകൾ ബാധ്യസ്ഥരാണ്.’ യുഎപിഎ ചുമത്തിയതിനോടുള്ള പ്രതിഷേധത്തിൽ പങ്കുചേരുമ്പോഴും, മാവോയിസ്റ്റുകൾ മറുപടി പറയേണ്ട ചില കാര്യങ്ങൾ ഉന്നയിക്കുന്നു, ഡോ. കെ. എൻ. ഗണേഷ്.
‘കോഴിക്കോട് മാവോയിസ്റ്റ് രേഖകളും കോഡും കണ്ടെടുത്തതിനു പൊലീസ് യുഎപിഎ ചുമത്തിയതിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ പങ്കു ചേരുന്നു. ലഘുലേഖകൾ കയ്യിൽ വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും കൊണ്ടു മാത്രം ഒരാളെ അറസ്റ്റ് ചെയ്തു ജയിലിൽ ഇടുന്നത് ജനാധിപത്യനീതിന്യായക്രമത്തിനു യോജിച്ചതല്ല. അതേസമയം ഫേസ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുന്ന ലിബറൽ വൈകാരികതയോട് വിയോജിപ്പ് പ്രകടിപ്പിക്കാനും ആഗ്രഹിക്കുന്നു.
ഈ പ്രതിഷേധത്തിൽ പങ്കെടുക്കാനോ അവരുടെ നിലപാടുകൾ വ്യക്തമാക്കാമോ കൂട്ടാക്കാത്ത ഒരു വിഭാഗമുണ്ട് – മാവോയിസ്റ്റുകൾ തന്നെയാണത്. കുപ്പു ദേവരാജും സി പി ജലീലും മുതൽ അട്ടപ്പാടിയിൽ വെടിവെപ്പിൽ വീണവർ വരെയുള്ള പോലീസ് ഭീകരതക്കെതിരായ ആക്രോശമുയർത്തുന്നവർ എന്ത് ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായാണ്, ഏതു ആക്ഷന്റെ ഭാഗമായാണ് ഇവർ കൊല്ലപ്പെട്ടത് എന്ന് വിശദീകരിച്ചിട്ടില്ല. കാപ്പികുടിക്കുമ്പോൾ പോലീസ് വെടിവെച്ചതായാൽ അവർ അവിടെ വന്നു എന്തുചെയ്യുകയായിരുന്നു എന്ന് വ്യക്തമല്ല. വയനാട്ടിലെ റിസോർട് ആക്രമണം എന്തിനു വേണ്ടിയായിരുന്നു എന്ന് വിശദീകരിച്ചിട്ടില്ല. അലനും താഹയും ഉണ്ണിയുമെല്ലാം മാവോയിസ്റ്റ് പ്രവർത്തകരാണെങ്കിൽ അവർ എന്തിന് വേണ്ടിയാണ് പ്രവർത്തിക്കേണ്ടിയിരുന്നതെന്നു വെളിപ്പെടുത്തപ്പെട്ടിട്ടില്ല.
ഭരണകൂടഭീകരതയെന്നു രമേശ്‌ ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റും ഗർജിക്കുമ്പോൾ അവർ ഉദ്ദേശിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയാണ്.
അവരുടെ ആക്രോശങ്ങളോടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവരാനും, അവർ ചെയ്യാൻ  ഉദ്ദേശിക്കുന്നതെന്തെന്നു സത്യസന്ധമായി തുറന്നു പറയാനും മാവോയിസ്റ്റുകൾ ബാധ്യസ്ഥരാണ്.
ഒരുകൂട്ടം ചെറുപ്പക്കാരെ രഹസ്യത്തിൽ സ്വാധീനിച്ചു സ്വന്തം ദളങ്ങളിൽ ചേർക്കുന്ന വിദ്യ മധ്യകാലഗൂഢസംഘങ്ങൾക്ക് യോജിച്ചതാകാം. പക്ഷെ സോഷ്യലിസത്തിനും കമ്യൂണിസത്തിനും വേണ്ടി പരസ്യമായി നിലപാടെടുത്തു ജനമധ്യത്തിൽ പ്രവർത്തിക്കേണ്ട സംഘടനകൾക്ക് യോജിച്ചതല്ല
അത്തരം പ്രവർത്തനങ്ങൾ കൊണ്ടുള്ള ആത്യന്തിക നേട്ടമുണ്ടാകുന്നത് ചെന്നിത്തലമാർക്കും ശ്രീധരൻപിള്ളമാർക്കുമാണ്.
അതിനൊരു തെളിവന്വേഷിക്കണമെങ്കിൽ ആന്ധ്രയിൽ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചത് ശ്രദ്ധിച്ചാൽ മതി. ബംഗാളിൽ സിംഗൂറിലെ സമരത്തിന് തുടക്കമിട്ടത് മാവോയിസ്റ്റുകളായിരുന്നു. അതിനെ ഉപയോഗിച്ച് അധികാരത്തിൽ വന്നത് മമത ബാനർജിയും. തുടർന്ന് കിഷൻജിയടക്കമുള്ള മാവോയിസ്റ്റ് നേതാക്കൾ വെടിവെച്ചുകൊല്ലപ്പെടുകയും ചെയ്തു.
ഇത്തരം പ്രവർത്തനങ്ങൾ വിപ്ലവപ്രവർത്തനങ്ങളാണെന്നു കരുതാൻ പ്രയാസമുണ്ട്.’

Leave a Reply