Home » എഡിറ്റേഴ്സ് ചോയ്സ് » ഇത് ബംഗാൾ മോഡൽ പരീക്ഷണം
ജാർഖണ്ഡിലെ മാവോയിസ്റ്റ് പരിശീലനങ്ങളിലൊന്ന് (ചിത്രം: ഹിന്ദുസ്ഥാൻ ടൈംസ്)

ഇത് ബംഗാൾ മോഡൽ പരീക്ഷണം

ചാരു മജൂംദാർ പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിന് മുമ്പ് ഭാര്യക്ക് കത്തെഴുതി: ‘ഹിംസയിലും വ്യക്തിപരമായ ഉന്മൂലനത്തിലും ഊന്നിയത് പ്രസ്ഥാനത്തിന് സംഭവിച്ച വഴിപിഴക്കൽ ആയിരുന്നു.’ ഹിംസയുടെ അതേ പിഴച്ച വഴികളിലൂടെ സഞ്ചരിക്കുകയാണ് മാവോയിസ്റ്റുകൾ എന്ന് എം. ബി. രാജേഷ്
മാവോയിസ്റ്റുകൾക്കെതിരായ പോലീസ് നടപടികളോടുള്ള പ്രതികരണങ്ങളുടെ ഒരു പൊതുസ്വഭാവം അവരെ ആദർശാത്മക വിപ്ലവകാരികളും നിഷ്കളങ്കരുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നതാണ്. എന്താണ് വസ്തുത?

‘തോക്കേന്തിയ ഗാന്ധിയന്മാ’രാണോ മാവോയിസ്റ്റുകൾ?

പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ച്  2004ൽ ഉണ്ടായ സിപിഐ മാവോയിസ്റ്റിന്റെയും അവരുടെ മുൻഗാമികളുടെയും ചരിത്രംതന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പുല്ലുവില കൽപ്പിക്കാത്ത, കണ്ണില്ലാത്ത ഹിംസയുടെയും നിരപരാധികളുടെ ചോരയുടെയും ചരിത്രമാണ്.

‘ജനകീയ യുദ്ധം’ ആർക്കെതിരെ?

മാവോയിസ്റ്റുകൾ സ്വയം വിശേഷിപ്പിക്കുന്നത് ദീർഘകാലയുദ്ധത്തിൽ ഏർപ്പെട്ടവർ എന്നാണ്. ഈ യുദ്ധത്തിലെ ഇരകൾ ഇവരാണ്: പാവപ്പെട്ട ആദിവാസികൾ, പോലീസുകാരും സുരക്ഷാസേനാംഗങ്ങളും, പിന്നെ, ഇടതുപക്ഷ പ്രവർത്തകർ. ഇന്ത്യയിൽ സിപിഐഎം പ്രവർത്തകരെപ്പോലെ മറ്റൊരു രാഷ്ട്രീയപാർട്ടിയുടെയും പ്രവർത്തകർ ഇവരുടെ തോക്കിനിരയായിട്ടില്ല.

‘ജനകീയ കോടതി’കളെന്ന കങ്കാരു കോടതികൾ

വർഗ്ഗശത്രുക്കളെന്നു തങ്ങൾ നിശ്ചയിക്കുന്നവർക്കെതിരെ നടപ്പാക്കുന്ന  വധശിക്ഷ, നീതിയുക്തമായ നടപടിയാണെന്ന് സമർത്ഥിക്കാൻ ഇവർ യത്നിക്കും. പരാതിക്കാരനും പ്രോസിക്യൂട്ടറും ജഡ്‌ജിയും ശിക്ഷ നടപ്പാക്കുന്നയാലുമെല്ലാം മിക്കപ്പോഴും ഒരാൾതന്നെയാണ് ഇവരുടെ ജനകീയ കോടതികളിൽ. തങ്ങളൊഴിച്ച് എല്ലാവരും ഇവർക്ക് പ്രതിവിപ്ലവകാരികൾ. തങ്ങളുടെ തീർപ്പനുസരിച്ച് ആരെയും കൊല്ലാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇവർ കരുതുന്നു.

അബദ്ധജടിലമായ സാർവദേശീയ വിലയിരുത്തൽ

ലോകത്താകെ വളർന്നുവരുന്ന ഭീകരപ്രവർത്തനങ്ങളെയെല്ലാം പിന്തുണക്കുന്നവരായി ഇവരെ മാറ്റുന്നു, ദേശീയ-സാർവദേശീയ സ്ഥിതിഗതികളുടെ ഇവരുടെ വിലയിരുത്തൽ. ഐഎസ്, താലിബാൻ, അൽഖായിദ എന്നിവരുടേതെല്ലാം സാമ്രാജ്യവിരുദ്ധ മുന്നേറ്റമാണ് എന്ന് വിലയിരുത്തുകയും അത് ശക്തിപ്പെടണമെന്നുപറയുകയും ചെയ്യുന്നതാണ് മാവോയിസ്റ്റുകളുടെ സൈദ്ധാന്തികസമീപനം.

ബംഗാൾ മോഡൽ

അടിയന്തരാവസ്ഥയിൽ സിദ്ധാർത്ഥശങ്കർ റായിയുടെ ഭീകരവാഴ്ചക്കാലത്തും (അന്ന് നക്സലൈറ്റുകൾ), പിന്നീട് 2006-2011ലും ബംഗാളിൽ എണ്ണമറ്റ സിപിഐഎം പ്രവർത്തകരെ മാവോയിസ്റ്റുകൾ കൊന്നൊടുക്കി. അതിന്. ആദ്യം ഇന്ദിരാഗാന്ധി-സിദ്ധാർത്ഥശങ്കർ റായി കോൺഗ്രസ്സിനൊപ്പവും, പിന്നീട് മമതാബാനർജിയുടെ തൃണമൂൽകോൺഗ്രസ്സിനൊപ്പവും അവർ കൊലയാളിസഖ്യമുണ്ടാക്കി.
‘മാവോയിസ്റ്റുകൾ മമതാബാനർജിയെ അടുത്ത ബംഗാൾ മുഖ്യമന്ത്രിയായിക്കാണാൻ ആഗ്രഹിക്കുന്നുവെന്ന് 2009ൽ മാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗം കിഷൻജി പറഞ്ഞു. ‘മമതയ്ക്ക് വർഗ്ഗതാല്പര്യങ്ങൾക്ക് അതീതമായി ജനപക്ഷനിലപാടുകൾ സ്വീകരിക്കാൻ കഴിയൂം’ എന്നും കിഷൻജി അതിന് ന്യായം പറഞ്ഞു.
തീവ്രവലതുപക്ഷത്തിനും വലതുപക്ഷത്തിനുമൊപ്പം അണിചേർന്ന് ഇടതുപക്ഷത്തെ ഹിംസയിലൂടെ ഉന്മൂലനംചെയ്യൽ – ആ തനിനിറം ബംഗാളിൽ വെളിപ്പെട്ടുകഴിഞ്ഞു.

കേരളത്തിലെ പരീക്ഷണം

ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെക്കൂടി അട്ടിമറിക്കുകയെന്നത് കോർപ്പറേറ്റുകൾ നയിക്കുന്ന ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെയും ഹിന്ദുത്വ ശക്തികളുടെയും താൽപര്യമാണ്. അവരുടെ ചാവേർപ്പടയായി കേരളത്തിലും മാവോയിസ്റ്റുകളെ ഉപയോഗിക്കാനാണ് പരീക്ഷണം.

കോർപ്പറേറ്റുകളിൽനിന്നു ‘നികുതി’ വാങ്ങുന്നവർ!

“ഞങ്ങൾ (മാവോയിസ്റ്റുകൾ) കോർപ്പറേറ്റുകളിൽനിന്നും വൻകിട ബൂർഷ്വാസിയിൽനിന്നും നികുതി പിരിക്കുന്നുണ്ട്” – (കിഷൻജിയുടെ തെഹെൽക അഭിമുഖം. 2009 നവംബർ 13).
അതായത്, മറ്റു പാർട്ടികൾ കോർപ്പറേറ്റ് ഫണ്ടിംഗ് സ്വീകരിക്കുന്നതുപോലെ ‘യഥാർത്ഥ വിപ്ലവകാരികളായ’ തങ്ങളും ചെയ്യുന്നത് സ്വാഭാവികം എന്ന്! എന്നാൽ, സിപിഐഎം വൻകിട കോർപ്പറേറ്റ് പണം സ്വീകരിക്കില്ലെന്നത് നയമായി സ്വീകരിച്ച പാർട്ടിയാണ്.
കോർപ്പറേറ്റ് പണം വാങ്ങുന്ന മാവോയിസ്റ്റുകൾ സംരക്ഷിക്കുക പണം തറയുന്നവരുടെ താല്പര്യമോ, അതോ, ജനങ്ങളുടെ താൽപര്യമോ? നവ ഉദാരവൽക്കരണത്തിനെതിരായ സമരം മാവോയിസ്റ്റുകളുടെ അജണ്ടയിൽ  കാരണം വ്യക്തമല്ലേ?

ജനാധിപത്യത്തോടുള്ള സമീപനം

സോവിയറ്റ്-സോഷ്യലിസ്റ്റ് തിരിച്ചടികൾക്ക് കാരണമായി ജനാധിപത്യത്തിന്റെ കുറവ് ലോകമാകെയുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞു. ദീർഘകാലം സായുധസമരം ചെയ്ത നേപ്പാൾ മാവോയിസ്റ്റുകൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ബഹുകക്ഷി ജനാധിപത്യത്തെ അംഗീകരിച്ചു. ലോക അനുഭവങ്ങളിൽനിന്നും ഇന്ത്യയിലെ സ്വന്തം അനുഭവങ്ങളിൽനിന്നും എന്തെങ്കിലും ജനാധിപത്യപാഠങ്ങൾ മാവോയിസ്റ്റുകൾ ഉൾക്കൊണ്ടിട്ടുണ്ടോ?
ചാരു മജൂംദാർ പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിന് മുമ്പ് (1972 ജൂലൈ 14)ഭാര്യക്ക് കത്തെഴുതി: ‘ഹിംസയിലും വ്യക്തിപരമായ ഉന്മൂലനത്തിലും ഊന്നിയത് പ്രസ്ഥാനത്തിന് സംഭവിച്ച വഴിപിഴക്കൽ  ആയിരുന്നു.
അന്ത്യനാളുകളിൽ ചാരു മജൂംദാറിനുണ്ടായ തിരിച്ചറിവിൽനിന്ന് ഒന്നും പഠിക്കാതെ ഹിംസയുടെ അതേ പിഴച്ച വഴികളിലൂടെ മാവോയിസ്റ്റുകൾ ഇന്നും സഞ്ചരിക്കുന്നു.

(സിപിഐഎം നേതാവിന്റെ ദേശാഭിമാനി ലേഖനത്തിന്റെ സംഗ്രഹം)

Leave a Reply