Home » ന്യൂസ് & വ്യൂസ് » ഇനി രജിസ്‌ട്രേഷൻ ദിനങ്ങൾ; സിനിമാ തിരഞ്ഞെടുപ്പു വിവാദവും ഉച്ചസ്ഥായിയിലേക്ക്

ഇനി രജിസ്‌ട്രേഷൻ ദിനങ്ങൾ; സിനിമാ തിരഞ്ഞെടുപ്പു വിവാദവും ഉച്ചസ്ഥായിയിലേക്ക്

മേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷനാണ് നവംബര്‍ എട്ടിന് ആരംഭിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ചലച്ചിത്രമേളയിലേക്കുള്ള എൻട്രി തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളെച്ചൊല്ലി  ഭിന്നാഭിപ്രായങ്ങൾ കൂടുതൽ ശക്തമായി ഉയരുകയാണ്.
ചലച്ചിത്ര പ്രവർത്തകനും ട്രോപ്പിക്കൽ സിനിമയുടെ കോ-ഫൗണ്ടറുമായ കെ.ആർ. മനോജ് എഴുതുന്നു:

ആരാണ് ക്യൂറെറ്റർ? എന്താണ് ക്യുറെറ്റിങ്?

“ആരാണ് ക്യൂറെറ്റർ? എന്താണ് ക്യുറെറ്റിങ്? നമ്മുടെ ചലച്ചിത്ര അക്കാദമി അങ്ങനെ എന്തെങ്കിലും പ്രവർത്തനം നടത്തുന്നുണ്ടോ?

അതീവശ്രദ്ധയോടെ, കരുതലോടെ ചിത്രങ്ങൾ കാണുകയും അവയുടെ കാഴ്‌ച/വായനാ സാധ്യതകൾ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്ത് അവയെ പ്രേക്ഷകസമൂഹത്തിന് മുന്നിൽ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പരിപാടി ആണ് ക്യുറെറ്റിങ് എന്ന് പൊതുവേ വിളിക്കപ്പെടുന്നത്. ഉത്സവ കമ്മറ്റി പ്രസിഡന്റ് ചമഞ്ഞ് ആന എഴുന്നള്ളിപ്പിന് മുന്നിൽ നിൽക്കുന്ന പരിപാടി അല്ല എന്ന് സാരം.

ഒരു മാർഗ്ഗ നിർദ്ദേശകതത്വവും കൊടുക്കാതെ പഴകി തേഞ്ഞ ഒരു നിയമാവലിയും പിടിച്ച് കുറേ തെരഞ്ഞെടുപ്പ് കമ്മറ്റികളെ ഉണ്ടാക്കി അവർ കാട്ടിക്കൂട്ടുന്നത് അന്തിമവിധിയാണ് എന്ന് വിളിച്ചു കൂവുന്ന തുമല്ല.

ഏറ്റവും ജനാധിപത്യ രീതിയാണ് ഞങ്ങളുടേത് എന്നാണ് വാദമെങ്കിൽ ഇന്നാട്ടിലെ ബോക്സ് ഓഫീസ് ഹിറ്റുകളെ തിരഞ്ഞെടുക്കാൻ ഇത്രയും ഉദാത്ത സംവിധാനം വേണോ സാറേ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. അതിന് വിതരണ കമ്പനികളുടെ കളക്ഷൻ റിപ്പോർട്ട് നോക്കിയാൽ പോരെ!

അപ്പോ എവിടെയാണ് കുഴപ്പം ?

മുംബൈയിൽ കഴിഞ്ഞ കുറേക്കാലമായി ഒരു ഫെസ്റ്റിവൽ നടക്കുന്നുണ്ട് – മുംബൈ ഫിലിം ഫെസ്റ്റിവൽ. അവിടുത്തെ ഇന്ത്യൻ സിനിമാ വിഭാഗങ്ങൾ ഒന്ന് എടുത്തു പരിശോധിക്കണം. പറയുമ്പോ, ബോളിവുഡ് സിനിമക്കാർ റിലയൻസിന്റെ സഹായത്തോടെ നടത്തുന്ന ഫെസ്റ്റിവൽ ആണ്. ‘ഇന്ത്യൻ സിനിമ ഇന്ന് ‘ എന്ന പേരിൽ പത്ത് പൊളപ്പൻ ഹിന്ദി ഹിറ്റ് പടങ്ങൾ എടുത്തു കാണിച്ചാലും അവരോട് ആരും ഒന്നും ചോദിക്കാൻ ഇല്ല. പക്ഷേ അവർ അതല്ല ചെയ്യുന്നത്.

സത്യം പറയാലോ, കേന്ദ്ര സർക്കാരിന്റെ ഡി എഫ് എഫ് (Directorate of Film Festivals) എന്ന സ്ഥാപനം (IFFI, ഇന്ത്യൻ പനോരമ തുടങ്ങിയവയുടെ സംഘാടകർ) ഉപയോഗശൂന്യമാക്കപ്പെട്ട ശേഷം ഇന്ത്യയിൽ ഉണ്ടാക്കുന്ന സ്വതന്ത്ര സിനിമ എന്ന സാധനത്തെ കണ്ടു കിട്ടണം എങ്കിൽ ബോളിവുഡ് സംഘടിപ്പിക്കുന്ന മുംബൈ ഫെസ്റ്റിവലിൽ പോകണം എന്ന അവസ്ഥയാണ് ഇന്നുള്ളത്!

ഒരു ഉദാഹരണംകൂടി പറയാം. നിങ്ങളുടെ സ്നേഹവും പരിഗണനയും സഹിക്കാൻ വയ്യാതെ കുറേ സ്വതന്ത്ര സിനിമാ സ്നേഹികൾ കോഴിക്കോട്ട് കഴിഞ്ഞ രണ്ടു വർഷമായി സ്വതന്ത്ര സിനിമകൾക്കായി ഒരു ഫെസ്റ്റിവൽ നടത്തുന്നുണ്ട്. ആ കൂട്ടായ്മയുടെ പേര് പോലെ തന്നെ ഒരു മിനിമൽ ഫെസ്റ്റിവൽ. ഈ രണ്ടു കൊല്ലത്തിനിടയിൽത്തന്നെ ഇന്നാട്ടിലെ വനിതാ സംവിധായകർ ചെയ്ത ഒരു പിടി ഹ്രസ്വ ചിത്രങ്ങളുടെ ഒരു പാക്കേജ് അവർ ഉണ്ടാക്കി. കഴിയുന്നത്ര ഇടങ്ങളിൽ അത് കൊണ്ടുനടന്നു കാണിച്ചു.

പറയുമ്പോ അവർ പോളിടെക്നിക്കിൽ ഒന്നും പോയി ക്യുറെറ്റിങ് പഠിച്ചിട്ടില്ല. പക്ഷേ അവർക്ക് ഇന്നാട്ടിലെ സ്വതന്ത്ര സിനിമകൾ എന്ന് ഗണത്തോട് ഒരു കൂറും കരുതലും ഒക്കെ ഉണ്ട്.

നിങ്ങൾക്ക് ഇല്ലാതെ പോകുന്നത് എന്താണ് എന്നതിന് ഇനിയും എത്ര തെളിവുകൾ വേണം സാർ?”

10000 പാസുകൾ, ഫീസ് ആയിരം രൂപ

1000 രൂപയായിരിക്കും പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ ഫീസെന്നു സംഘാടകർ അറിയിച്ചു.

നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. വിദ്യാർഥികള്‍ക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും.

മേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷനാണ് നവംബര്‍ എട്ടിന് ആരംഭിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.

ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലും ഓഫ് ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാകും. ഓഫ് ലൈന്‍ രജിസ്ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നൽകും.

ആകെ 10,000 പാസുകളാണ് വിതരണംചെയ്യുക. അതില്‍ നാല് മേഖലാകേന്ദ്രങ്ങള്‍ക്കും 250 വീതവും തിരുവനന്തപുരത്ത് 500 ഉം ഉള്‍പ്പെടെ 1500 പേര്‍ക്ക് ഓഫ് ലൈനായി രജിസ്ട്രേഷന്‍ നടത്താം. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.

നവംബര്‍ 10 മുതൽ ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. 12 മുതല്‍ പൊതുവിഭാഗത്തിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങും.

Leave a Reply