Home » എഡിറ്റേഴ്സ് ചോയ്സ് » രാവണനിൽനിന്നു ബാബറിലേക്ക്; ചരിത്രം വില്ലന്മാരെയുണ്ടാക്കുന്നത്
'ബാബർനാമ'യിലെ ഒരു പെയിന്റിംഗ്: ഉദ്യാന നിർമ്മാണത്തിന് മേൽനോട്ടംകൊടുക്കുന്ന ബാബർ. ഈ ചിത്രമിന്ന് കാനഡ ഗാലറിയുടെ സ്വത്താണ്

രാവണനിൽനിന്നു ബാബറിലേക്ക്; ചരിത്രം വില്ലന്മാരെയുണ്ടാക്കുന്നത്

1980ൽ ആരംഭിച്ച രാമജന്മഭൂമിപ്രസ്ഥാനത്തിനും ‘രാമായണനന്മ’യുടെ വിജയം പ്രഖ്യാപിക്കാൻപോന്ന ഒരു ‘ദുഷ്ടശക്തി’യെ വേണമായിരുന്നു. കൊളോണിയൽ അനുഗ്രഹാശിസ്സുകളോടെ പിറവികൊണ്ട നവരാഷ്ട്രീയത്തിൽ രാവണന്റെ സ്ഥാനം ബാബറിനായി – ധ്രുവൻ എഴുതുന്നു

 

ബാബർ. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുംവില്ലന്റെ കുപ്പായം പേറുന്ന നാമം. 1483ൽ ജനിച്ച്, 1530ൽ മരണമടഞ്ഞു ചെങ്കിസ് ഖാന്റെ ഈ പിൻഗാമി. അതിനിടയിൽ ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ അധിപനായി വാണത് വെറും നാലുവർഷം.

എന്നാൽ തന്റെ ജനനത്തിനും സഹസ്രാബ്ദങ്ങൾ മുമ്പത്തെ പുരാണഗാഥകളിലെ വരെ പ്രതിനായകനായി പ്രതിചേർക്കപ്പെട്ടിരിക്കുന്നു ഇന്ന് പൊതുബോധത്തിൽ, ഈ മുഗൾ സുൽത്താൻ!

ആ സാമാന്യബോധം മുഴുക്കെ ഉറഞ്ഞുകൂടിനിൽക്കുന്നതാണ്, ‘ബാബറിന്റെ സന്തതികൾ’ എന്ന വിളിപ്പേര്  – വിളിക്കുന്ന ഒരു ഹിന്ദുദേശീയവാദിയുടെ മനസ്സിനെ അത് ആവേശപ്പെടുത്തുന്നു; കേൾക്കേണ്ടിവരുന്ന  മുസ്ലിം മനസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. അത്രയ്ക്കുമുണ്ട് ‘ബാബർ’ എന്ന നാമം വലിയൊരുവിഭാഗം ഇന്ത്യൻ മനസ്സിൽ ഉണർത്തുന്ന വർഗ്ഗീയവികാരം.

ഇപ്പറഞ്ഞ സമകാലിക ഹിന്ദുമനസ്സിന് ഉത്തർപ്രദേശിലെ അയോധ്യയിൽ നിലനിന്ന രാമക്ഷേത്രം തച്ചുതകർത്ത് പള്ളി കെട്ടിയുയർത്തിയ ആളാണ് ബാബർ. ആ ക്ഷേത്രമാകട്ടെ, അവർക്ക് ഭഗവാൻ ശ്രീരാമൻ പിറന്നുവീണ ഇടമാണ്. അങ്ങനെയാണവർ വർഷങ്ങൾ നീണ്ട ‘അനീതിക്ക് പ്രതികാരമായി’ 1992ൽ ബാബരിമസ്‌ജിദ്‌ പൊളിക്കാനിറങ്ങിയവർക്ക് മനസ്സുകൊണ്ട് കൂട്ടുനൽകിയവരായത്.

എങ്ങനെയാണീ പദവി തുച്ഛകാലം മാത്രം ഭരണാധിപനായി വാണ ബാബർക്ക് പതിഞ്ഞുകിട്ടിയത്?

അത് വെറും യാദൃച്ഛികതകളുടെ കഥ മാത്രമല്ല. ഇന്ത്യാ ചരിത്രത്തെ മുൻകാലപ്രാബല്യത്തോടെ പൊതുമനസ്സുകളിൽ പൊളിച്ചെഴുതിയ ബ്രിട്ടീഷ് സൃഗാലതന്ത്രത്തിന്റെ കൂടി കഥയാണത്.

അവർ അക്ഷരാർത്ഥത്തിൽ ഭിന്നിപ്പിച്ചു, ഭരിച്ചു

നൂറ്റമ്പത് വർഷത്തെ പഴക്കമുണ്ട് ബാബരിപ്പള്ളി-രാമക്ഷേത്ര തർക്കത്തിന്. ആ പേരിൽ, രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വർഗീയകലാപം നടന്നത് 1853ൽ ആണ്. അന്നാണ് പള്ളിനിൽക്കുന്ന സ്ഥലത്തിനുമേൽ ഹിന്ദുക്കൾ ആദ്യമായി അവകാശവാദം ഉന്നയിച്ചത്.

ഇന്ത്യയൊന്നടങ്കം ബ്രിട്ടീഷ് കാൽക്കീഴിലായിരുന്ന കാലമാണത്. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് നയം ഇന്ത്യയുടെ മതചട്ടക്കൂടുകളെയൊക്കെ അവർക്കുവേണ്ടവിധം വിജയകരമായി മാറ്റിപ്പണിയുകയും തുന്നിക്കൂട്ടുകയും ചെയ്‌തുകൊണ്ടിരുന്ന ചരിത്രഘട്ടം. അതാണ് ക്രമേണ 1947ൽ ഇന്ത്യാ വിഭജനത്തിലേക്ക് നയിക്കുകയും, ‘ഹിന്ദു-മുസ്ലിം’ ശത്രുതയെ ഉറച്ച നിലയിലാക്കുകയും ചെയ്തത്. ചരിത്രപരമായ ഇന്ത്യയിലെ എത്രയോ അധിനിവേശങ്ങളിൽ, മുസ്ലിം ഭരണകാലത്തിനു ‘പൈശാചിക മുഖം’ ചാർത്തിക്കിട്ടുന്ന പ്രക്രിയകൂടി ആയിരുന്നു അത്.

‘രാമനെതിരെ ബാബർ’

‘രാമനെതിരെ ബാബർ’ എന്ന നിലക്ക് ഹിന്ദുപൊതുമനസ്സിൽ വിക്ഷേപിക്കപ്പെടുകയും ശക്തിപ്രാപിക്കുകയും ചെയ്ത ‘യുദ്ധ’ത്തിൽ ബാബർ തോൽവിയടഞ്ഞുതുടങ്ങി, 1949-ഓടുകൂടി. ബാബരിപ്പള്ളി നിലനിന്നയിടത്ത് രാമവിഗ്രഹം സ്ഥാപിച്ചതോടെയായിരുന്നു ഇത്. 1950ൽ ഇക്കാര്യത്തിൽ ആദ്യ കോടതിവ്യവഹാരം ഫയൽചെയ്യപ്പെട്ടു. അതിൽ, ഇരുസമുദായങ്ങളും തർക്കത്തിലായിക്കഴിഞ്ഞ ഭൂമിക്കുമേൽ അവകാശവാദമുന്നയിക്കുകയുംചെയ്തു.

1980ൽ ആരംഭിച്ച രാമജന്മഭൂമിപ്രസ്ഥാനത്തിനും ‘രാമായണനന്മ’യുടെ വിജയം പ്രഖ്യാപിക്കാൻപോന്ന ഒരു ‘ദുഷ്ടശക്തി’യെ വേണമായിരുന്നു. പൈശാചികശക്തികൾക്കുമേലെ ധാർമ്മികവും ഭൗതികവുമായ വിജയംവരിക്കുകയെന്നത് രാമായണകാവ്യത്തിന്റെ ഹൃദയമൂല്യവുമാണല്ലോ. സല്ഭരണകർത്താവും കറയറ്റ നയകോവിദനായ രാമൻ അതിൽ ‘ദുഷ്ടചക്രവർത്തി’യായ രാവണന്റെ എതിരിയാണ്.

കൊളോണിയൽ അനുഗ്രഹാശിസ്സുകളോടെ പിറവികൊണ്ട നവരാഷ്ട്രീയത്തിൽ രാവണന്റെ സ്ഥാനം ബാബറിനായി; രാജ്യത്തെ മുസ്ലിങ്ങളാകെയും ഹിന്ദു ആരാധനാലയങ്ങൾ തകർക്കുകയും, രാജ്യത്ത് ‘ഇസ്‌ലാമികഭരണ’ത്തിന്റെ അടിത്തറ ബലപ്പെടുത്തുകയും ചെയ്‌ത അധിനിവേശികളുടെ ‘പ്രതിനിധികളാ’യും മാറി!

മറയ്ക്കപ്പെട്ട മഹാപാരമ്പര്യം

സർവ്വമത സമഭാവനയുള്ള മിതവാദിയായ അക്ബർ, പ്രേയസിക്കായി പ്രണയകുടീരമൊരുക്കിയ ഷാജഹാൻ എന്നീ ചക്രവർത്തിമാരുടേതിൽനിന്നു വ്യത്യസ്‌തമായ ചിത്രമായി ബാബർ മാറി. മതകീയപ്രാധാന്യമുള്ള ഒരിടം തച്ചുതകർത്തയാൾ മാത്രമായിത്തീർന്നു, ബാബർ. നാലുവർഷമേ അധികാരം  കയ്യാളിയുള്ളുവെങ്കിലും, ഏകാധിപതിയായറിയപ്പെട്ട ഔറംഗസീബിനൊപ്പമായിത്തീർന്നു ബാബറിന്റെ പേര്.

ഒരു കവികൂടിയായിരുന്ന ബാബറിനെപ്പറ്റി ആരുമറിയാൻ ഇടവന്നില്ല. നന്മ-തിന്മകളെക്കുറിച്ചും കുടുംബമാഹാത്മ്യഘോഷണത്തെക്കുറിച്ചും ജ്ഞാനീസമാനനായി ആഴമുള്ള ചോദ്യങ്ങളുന്നയിച്ച ‘ബാബർനാമ’യെന്ന തന്റെ ഡയറിക്കുറിപ്പിനെക്കുറിച്ചും ആരുമറിയാൻ ഇടവന്നില്ല.

ഇക്കാര്യങ്ങളിൽ ബാബറിന്റെ വിശ്വാസസംഹിതയെന്തായിരുന്നെന്നതിന് 1507ൽ രേഖപ്പെടുത്തിയ ‘ബാബർനാമ’ കുറിപ്പ് ഉദാഹരണമാണ്. ബന്ധുക്കളിൽനിന്നുണ്ടായ വഞ്ചനകൾ നിരത്തിവെക്കുന്ന ബാബർ, സ്വയമവയ്ക്ക് കണ്ടെത്തുന്ന ന്യായം ഇങ്ങനെയാണ്:

‘ഞാനീയെഴുതുന്നതൊന്നും ആരെക്കുറിച്ചുമുള്ള ആക്ഷേപമായല്ല; സത്യം എന്താണെന്ന് എഴുതുന്നുവെന്നുമാത്രം. ഞാനീയെഴുതുന്നതൊന്നും എന്റെ കേമത്തം പൊലിപ്പിക്കാനുമല്ല; സംഭവിച്ചതെന്തൊക്കെയെന്ന് അപ്പടി അവതരിപ്പിക്കുന്നുവെന്നുമാത്രം. ഈ ചരിത്രമെഴുത്തിന് ഞാൻ തുനിയുന്നത് എല്ലാ കാര്യങ്ങളുടെയും സത്യമെഴുതാനും സത്യമല്ലാത്തതൊന്നും അവതരിപ്പിക്കപ്പെടാതിരിക്കാനുമാണ്. തൽഫലമായി, ഞാൻ കണ്ട നന്മകളും തിന്മകളും – അത്  പിതാവിന്റേതാവട്ടെ സഹോദരന്റേതാവട്ടെ – ആണ് രേഖപ്പെടുത്തിയിരിക്കുന്നത്; ഒപ്പം, പാളിച്ചകളുടെയും ഗുണഗണങ്ങളുടെയും സത്യംസത്യമായ വസ്തുതകളാണ്  – അത് അന്യന്റേതാവട്ടെ ബന്ധുവിന്റേതാവട്ടെ – ഉറപ്പിച്ചെടുത്തിരിക്കുന്നത്. വായനക്കാർ എന്നോട് ക്ഷമിക്കട്ടെ, ശ്രോതാക്കൾ എന്നെ സംശയിക്കാതിരിക്കട്ടെ.’

ആ പള്ളി ബാബർ പണിതതല്ല!

ബാബർ പണികഴിപ്പിച്ച സുന്ദരോദ്യാനങ്ങളും അയോദ്ധ്യാ വിവാദത്തിനിടെ, എണ്ണപ്പെട്ടതേയില്ല. മറിച്ച്, ഈയൊരൊറ്റ പള്ളിയ്ക്കുമേൽ തന്റേതായി വന്ന പേരുകൊണ്ടുമാത്രം ഹിന്ദുദേശീയവാദികളായ ബഹുസഹസ്രം മനസ്സുകളിൽ തോൽപ്പിക്കപ്പെടേണ്ട ദുഷ്ടശക്തിയായി കൊത്തിവെക്കപ്പെട്ടിരിക്കുകയാണ്. ബാബർ.

ഈ പള്ളിയാണെങ്കിലോ, പണിതത് ബാബറല്ല, അയാളുടെ പട്ടാളത്തലവന്മാരിൽ ഒരാളാണുതാനും.

ബ്രിട്ടീഷുകാർ തന്ന ചരിത്രബോധം നമ്മെ വാസ്തവമായ ചരിത്രങ്ങളിൽ നിന്നും എത്രയെത്ര തള്ളിമാറ്റിക്കഴിഞ്ഞുവെന്നും, എത്രയേറെ ഭീതിയുടെയും ശത്രുതകളുടെയും മാനസികാടിമത്തത്തിൽ ഇന്നുമത് നമ്മെ തളച്ചിടുന്നുവെന്നും ഓർമ്മിപ്പിക്കുന്നു, ബാബറെന്ന ചക്രവർത്തിയുടെയും കഥ.

(കടപ്പാട്: Babur: A carefully constructed villain who replaced Ravan in Hindu nationalists’ mind. By Manavi Kapur)

Leave a Reply