അയ്യായിരം കോടി ബാരൽ അസംസ്കൃത എണ്ണ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയെന്ന് ഇറാൻ. അമേരിക്കൻ ഉപരോധംകാരണം രാജ്യത്തിന് പുറത്തേക്ക് എണ്ണവില്പന നടത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയായ ഖുസസ്ഥാനിലാണ് പുതിയ എണ്ണഖനിയെന്നു പ്രസിഡണ്ട് അറിയിച്ചു. നിലവിൽ 15000 കോടി ബാരലാണ് ഇറാന്റെ എണ്ണനിക്ഷേപം. ലോകത്തെ എണ്ണനിക്ഷേപത്തിൽ നാലാമതും പ്രകൃതിവാതക നിക്ഷേപത്തിൽ രണ്ടാമതുമാണ് നിലവിൽ ഇറാൻ.
6500 കോടി ബാരൽ എണ്ണനിക്ഷേപം കണക്കാക്കുന്ന അഹ്വാസ് കഴിഞ്ഞാൽ രണ്ടാമത്തെ എണ്ണനിക്ഷേപകേന്ദ്രമാവും ഇനി ഖുസസ്ഥാനിലേത്.