Home » ന്യൂസ് & വ്യൂസ് » ‘മൂശേട്ടത്തരത്തിന്റെ ആൾരൂപം’: പക്ഷേ, രാഷ്ട്രീയപ്രഭുക്കൾക്ക് ഈ കേരളപുത്രൻ മൂക്കയറിട്ടു
(pic courtesy: Amar Ujala)

‘മൂശേട്ടത്തരത്തിന്റെ ആൾരൂപം’: പക്ഷേ, രാഷ്ട്രീയപ്രഭുക്കൾക്ക് ഈ കേരളപുത്രൻ മൂക്കയറിട്ടു

കോൺഗ്രസ്സിന്റെ കൈയാളെന്നേ തെരഞ്ഞെടുപ്പുകമ്മീഷനുകളെ  ബിജെപി അന്നെല്ലാം വിളിച്ചിട്ടുള്ളൂ. ഇന്നവർ അതേ കമ്മീഷന്റെ സ്വതന്ത്രസ്വഭാവത്തിന്റെ ജീവനെടുക്കുമ്പോഴാണ് ടി.എൻ. ശേഷൻ മറയുന്നത് – തെരഞ്ഞെടുപ്പുകമ്മീഷനെന്ന കളിയെ കാര്യമാക്കിയ ചരിത്രപുരുഷനെക്കുറിച്ച് ധ്രുവൻ

‘മൂശേട്ടത്തരത്തിന്റെ ആൾരൂപ’മെന്നു കുമാരി ജയലളിത വിളിച്ചപ്പോൾ കയ്യടിക്കാനേ അന്ന് മുഖ്യധാരാ രാഷ്ട്രീയനേതൃത്വം മുഴുക്കെയും ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ടി. എൻ. ശേഷൻ തുടങ്ങിവെച്ച തെരഞ്ഞെടുപ്പുപരിഷ്കാരങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് എത്ര പ്രധാനപ്പെട്ടതായിരുന്നെന്ന് ഇന്ന് അതേ വിമർശകപക്ഷം തിരിച്ചറിയുന്നുണ്ടാവണം.

തെരഞ്ഞെടുപ്പുസംവിധാനത്തിന്റെ ഒരു ശുദ്ധീകരണപ്രക്രിയയ്ക്കായിരുന്നു 1990-96 കാലയളവിലെ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണർ പദവിക്കാലത്ത് ശേഷൻ തുടക്കമിട്ടത്. വോട്ടർ തിരിച്ചറിയൽ കാർഡുകളായിരുന്നു ഈ ദിശയിലെ ആദ്യ കാൽവെപ്പ്. അതിനുമുമ്പുവരെ വാചകക്കസർത്തായിമാത്രം കണ്ട തെരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം സ്ഥാനാർത്ഥികൾക്ക് പേടിസ്വപ്നമായിത്തീർന്നതും ശേഷനോടെയാണ്.

അധികാരസീമ ലംഘിക്കുന്നുവെന്ന് ഓരോ കാൽവെപ്പിലും രാഷ്ട്രീയപാർട്ടികളിൽനിന്ന് ശേഷന് വിമർശനം നേരിടേണ്ടിവന്നു. ഇടതുപക്ഷപാർട്ടികൾപോലും ആ വിമർശനം പങ്കിട്ടു. എന്നാൽ, തെരഞ്ഞെടുപ്പുകമീഷണർപദവി അലങ്കാരമല്ലെന്നു ഓരോ തുടർനടപടികളിലും ശേഷൻ തെളിയിച്ചുകൊണ്ടിരുന്നു.

1932 ഡിസംബർ 15ന് പാലക്കാട്ടായിരുന്നു ടി എൻ ശേഷന്റെ ജനനം. 1955ൽ തമിഴ്‌നാട് കേഡറിലെ ഐഎഎസുകാരനായി. മദിരാശി കൃസ്ത്യൻ കോളേജിലെ ഈ പൂർവ്വവിദ്യാർത്ഥി, ഐഎഎസുകാരനായിരിക്കെത്തന്നെ ഹാർവാർഡ് സർവകലാശാലയിൽനിന്ന് മാനേജ്മെന്റ് ബിരുദവും സമ്പാദിച്ചു.

തമിഴക കാലം: കൊടുങ്കാറ്റുകളുടെ ആരംഭം

തമിഴ്‌നാട്ടിലെ ദീർഘനാൾനീണ്ട സിവിൽസർവീസ് കാലം കേന്ദ്രതെരഞ്ഞെടുപ്പുകമ്മീഷണർകാലംപോലെ സംഭവബഹുലമായിരുന്നില്ലെങ്കിലും, ഒട്ടേറെ കൊടുങ്കാറ്റുകൾ അവിടെയും ശേഷൻ കെട്ടഴിച്ചുവിട്ടു.

1965-67 കാലത്ത് മധുര ജില്ലാകളക്റ്റർ ആയിരുന്ന സമയം ഇതിലൊന്ന്. തമിഴ്‌നാട്ടിൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ തീക്കാലമായിരുന്നുവത്. ഈ പ്രക്ഷോഭത്തെ കൈകാര്യംചെയ്ത രീതിയാണ് ശേഷനെ സർവീസിലാദ്യമായി ‘ഏകാധിപതി’യെന്ന്  പേരുകേൾപ്പിച്ചത്. മനുഷ്യാവകാശലംഘനങ്ങളുടെ ഒട്ടേറെ പരാതികൾ അന്ന് ശേഷനെതിരെ ഉയർന്നു. ശേഷൻ പക്ഷെ, കുലുക്കമില്ലാതെ നിന്നു.

ചരിത്രപുരുഷൻ എം.ജി.ആർ ഒന്നാംതവണ മുഖ്യമന്ത്രിയായിരിക്കെ കൃഷിവകുപ്പിന്റെയും വ്യവസായവകുപ്പിന്റെയും സെക്രട്ടറി ആയിരുന്നു ശേഷൻ. ഭരണനേതൃത്വത്തിനു ‘മൂശേട്ടത്തരം’ ഫീൽ ചെയ്യിപ്പിക്കുന്ന സ്വഭാവം അവിടെയും ശേഷൻ കാണിക്കാതിരുന്നില്ല. തന്റെ മാനസശിഷ്യ പിൽക്കാലത്തു വിളിച്ചപോലുള്ള കൊടുംവിശേഷണങ്ങൾ എംജിആർ പുറത്തെടുക്കുംമുന്നേ, അഭിപ്രായവ്യത്യാസങ്ങൾ മൂർഛിക്കുംമുന്നേ ശേഷൻ കേന്ദ്രസർവീസിലേക്ക് മാറി.

കേന്ദ്രത്തിലും, തെരഞ്ഞെടുപ്പുചുമതലയിൽവരുംമുൻപ് പല പദവികൾ ശേഷൻ വഹിച്ചു. വനം-പരിസ്ഥിതി മന്ത്രാലയത്തിലും പ്രതിരോധമന്ത്രാലയത്തിലും സെക്രട്ടറിയായി. പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയായും ഉയർത്തപ്പെട്ടു.

1989ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ശേഷന്റെ ക്യാബിനറ്റ് സെക്രട്ടറിസ്ഥാനം തെറിപ്പിച്ചു. ആസൂത്രണക്കമ്മീഷൻ അംഗമായിട്ടായിരുന്നു പിന്നെ നിയമനം.

തെരഞ്ഞെടുപ്പുകമ്മീഷനെന്ന കളി, കാര്യമായപ്പോൾ

1990ൽ കോൺഗ്രസ്സ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയായതോടെയാണ് ‘യുഗപുരുഷ’നായി ശേഷന്റെ അവതാരം. ആ വർഷം ഡിസംബറിൽ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണറായി അവരോധിക്കപ്പെട്ടു.

തെരഞ്ഞെടുപ്പുകമ്മീഷനെന്ന കളി, കാര്യമാവുന്നതുകാണാൻ പിന്നെ വൈകിയില്ല. അക്കാലത്തുതന്നെയാണ് തമിഴകമുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തുറന്ന ‘പ്രശംസാവചനം’ ഉണ്ടാവുന്നതും. രാഷ്ട്രീയപാർട്ടികൾക്കുമേലും സ്ഥാനാർത്ഥികൾക്കുമേലും അച്ചടക്കത്തിന്റെ വാൾ ഉയർത്തിത്തുടങ്ങിയ ശേഷനെ അങ്ങനെയല്ലെങ്കിൽ മറ്റൊരുവിധത്തിൽ ചിത്രവധം ചെയ്യാനുള്ള കലിപ്പിലായിരുന്നു മിക്കവാറും രാഷ്ട്രീയപാർട്ടിനേതൃത്വങ്ങൾ – ജയ വിളിച്ചപോലെ തുറന്നുവിളിച്ചില്ലെങ്കിലും.

വിമർശനപ്പെയ്ത്തുകൾക്കിടയിലും നിലപാടുകൾ ശേഷൻ വിട്ടില്ല. പെരുമാറ്റച്ചട്ടവും മറ്റു തെരഞ്ഞെടുപ്പുചട്ടങ്ങളും കർക്കശമാക്കി. അന്നത്തെ കോൺഗ്രസ്സ് താരങ്ങളിൽപ്പെട്ട സീതാറാം കേസരിയെയും കല്പനാഥറായിയെയും ‘വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു’വെന്ന നിയമക്കുരുക്കിൽ ശേഷൻ കുടുക്കി – 1994 ഡിസംബറിലെ കർണ്ണാടക നിയമസഭാതെരഞ്ഞെടുപ്പിൽ. ഇനിയത്തരം ഏർപ്പാടുണ്ടാവില്ലെന്നു പ്രധാനമന്ത്രി നരസിംഹറാവു വാക്കുകൊടുത്തിട്ടേ ശേഷൻ നേതാക്കൾക്കുമേൽനിന്നും നിയമപ്പിടി അയച്ചുള്ളൂ.

ശേഷനെ മൂക്കയറിടാനാണ് തെരഞ്ഞെടുപ്പുകമ്മീഷനെ കോൺഗ്രസ്സ് സർക്കാർ ബഹുഅംഗസമിതിയാക്കിയത്. എം. എസ്. ഗിലിനെയും ജി.വി.ജി. കൃഷ്ണമൂർത്തിയെയും അങ്ങനെ ഉപതെരഞ്ഞെടുപ്പുകമ്മീഷണർമാരാക്കി. 1993 ഒക്ടോബറിൽ നടന്ന ആ നിയമനങ്ങൾ ശേഷനെ ചൊടിപ്പിച്ചെങ്കിലും സുപ്രീംകോടതി കേന്ദ്രസർക്കാർതീരുമാനത്തെ പിന്തുണച്ചു; ശേഷൻ എതിർപ്പിൽനിന്നു പിൻവാങ്ങി.

ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ആദർശപുരുഷൻ

അഴിമതിക്കെതിരെയും തെരഞ്ഞെടുപ്പുപരിഷ്‌കാരങ്ങൾക്കുവേണ്ടിയും നടത്തിയ ഒറ്റയാൾപ്പോരാട്ടം ശേഷനെ ഇന്ത്യൻ ഇടത്തരക്കാരുടെ മാനസപുത്രനാക്കി. ലോകത്തിന്റെ അംഗീകാരവും ശേഷനെ ഇതേ കാലത്ത് തേടിയെത്തി – 1996ൽ മാഗ്‌സാസെ പുരസ്‌കാരമായി.

1994 ൽ പുറത്തിറങ്ങിയ ആത്മകഥ ഇറങ്ങുംമുമ്പുതന്നെ വിവാദങ്ങൾക്ക് തിരികൊളുത്തി. തമിഴകത്തെ മുൻമുഖ്യമന്ത്രി അണ്ണാദുരൈക്കെതിരെ ആത്മകഥയുടെ അസ്സലിൽ ഉണ്ടായിരുന്ന പരാമർശങ്ങളിൽ ചിലത് രൂക്ഷപ്രതികരണങ്ങളെത്തുടർന്ന് ശേഷന് പുസ്തകത്തിൽനിന്നു നീക്കേണ്ടിവന്നു.

ആദർശനായകനെന്ന പരിവേഷം ശേഷനും ആസ്വദിച്ചുവെന്നു കാണാം. 1997ൽ കെ ആർ നാരായണനെതിരെ രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ ഗോദയിലിറങ്ങാൻ ഈ പരിവേഷവും ശിഷ്യനെ പ്രചോദിപ്പിച്ചിട്ടുണ്ടാകും. പക്ഷെ, തെരഞ്ഞെടുപ്പിൽ ശേഷൻ തറപറ്റി.

രണ്ടുവർഷങ്ങൾക്കുശേഷം, സ്വന്തം മുൻനിലപാടുകളെ ഭൂതകാലത്തേക്കാഴ്ത്തി, കോൺഗ്രസ് ശേഷനെ എൽ.കെ.അദ്വാനിക്കെതിരെ ഗാന്ധിനഗറിൽ മത്സരത്തിനിറക്കുന്നതും രാജ്യം കണ്ടു. അവിടെയും ശേഷൻ തറപറ്റി.

ആ പരിഷ്‌കരണ ഓജസ്സിന് ഇന്ന് കരിന്തിരി

ശേഷന്റെ ഭരണകാലത്തെ ഇന്ത്യൻ തെരഞ്ഞെടുപ്പുജനാധിപത്യചരിത്രത്തിലെ വഴിത്തിരിവെന്നു പിൽക്കാലം തെരഞ്ഞെടുപ്പുകമ്മീഷണറായ ടി.എസ്.കൃഷ്ണമൂർത്തി വിലയിരുത്തിയത് വെറുംവാക്കല്ല. നൂറ്റമ്പത് നടപടികൾ തന്റെ കാലത്ത് തെരഞ്ഞെടുപ്പുകൃത്രിമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽനിന്നുതന്നെ ശേഷൻ തിരികൊളുത്തിയ  പരിഷ്‌കരണ ഓജസ്സ് ഇന്ന് തിരിച്ചറിയാനാവും.

‘ശേഷന് മുൻപും പിന്പു’മെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പുകമ്മീഷനുകളുടെ ചരിത്രത്തെ വിലയിരുത്തണമെന്നും ടി.എസ്.കൃഷ്ണമൂർത്തി എഴുതിയിട്ടുണ്ട്. കമ്മീഷനെ കൂടുതൽ സ്വതന്ത്രമാക്കിയതിനാണ് ഈ കാലവിഭജനമെന്നും ടി.എസ്.കൃഷ്ണമൂർത്തി പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ സർവ്വാധികാരിപ്പാർട്ടിയായിരുന്നു അക്കാലമെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ആ കോൺഗ്രസ്സിന്റെ കൈയാളെന്നേ ശേഷന്റെ ഭരണകാലത്തിനു മുമ്പുവരെയും  തെരഞ്ഞെടുപ്പുകമ്മീഷനുകളെ  ബിജെപി വിളിച്ചിട്ടുള്ളൂ. ഇന്നാ ബിജെപി കേന്ദ്രാധികാരം കയ്യാളി അതേ കമ്മീഷന്റെ സ്വതന്ത്രസ്വഭാവത്തിന്റെ ജീവനെടുക്കുമ്പോഴാണ് ശേഷൻ കാലയവനിക പൂകുന്നതെന്നത് ചരിത്രത്തിലെ ഒരു കൗതുകം.

Leave a Reply