പതിനൊന്നു പേര് വീതമുള്ള രണ്ട് ടീമുകള്‍ കളത്തില്‍ നിറയുന്നതിന്റെ ഭംഗി തന്നെയാണ് ഫുട്ബോളിന്റെ പൂര്‍ണത. സെവന്‍സും ഫൈഫ്സും ഫുട്ബോളിന്റെ ചുരുങ്ങിയ രൂപം മാത്രം. അപൂര്‍ണമായ രൂപത്തെക്കാള്‍ പൂര്‍ണരൂപത്തെ തന്നെയാണ് യഥാര്‍ത്ഥ ഫുട്ബോള്‍ ആരാധകര്‍ പ്രണയിക്കേണ്ടതെന്ന് നൈനാം വളപ്പ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് എന്‍വി സുബൈര്‍. ഇകെ നായനാര്‍ ട്രോഫി ടൂര്‍ണമെന്റുകളെയും, നാഗ്ജി ട്രോഫി ടൂര്‍ണമെന്റുകളെയും പ്രണയിച്ച് ആരാധിച്ചിരുന്ന ഫുട്ബോള്‍ ആരാധകരുടെ ഒരു കാലം മലബാറിന്റെ ഫുട്ബോള്‍ ചരിത്രത്തിലുണ്ട്. സെവന്‍സ് എത്തിയതോടെ ലെവന്സിന് പ്രാധാന്യം കുറഞ്ഞു വന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗോളുകള്‍ വലയെ ഇളക്കി മറിയ്ക്കുമ്പോള്‍ കാണികള്‍ക്ക് ലഭിക്കുന്ന ആവേശം ലഹരിയായി. അതോടെ ലെവന്‍സ് ടൂര്‍ണമെന്റുകള്‍ കുറഞ്ഞു വന്നു. ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും നാഗ്ജി പോലുള്ള ലെവന്‍സ് ടൂര്‍ണമെന്റുകളുടെ കാണികളാകണം. കളി അതിന്റെ പൂര്‍ണ രൂപത്തില്‍ ആസ്വാദിക്കണം. സുബൈര്‍ പറയുന്നു. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കോഴിക്കോടിന്റെ മണ്ണില്‍ വീണ്ടും ഉയര്‍ന്ന നാഗ്ജിയുടെ ആരവങ്ങള്‍ക്ക് നൈനാം വളപ്പ് ഫുട്ബോള്‍ പ്രേമികളുടെ പൂര്‍ണ പിന്തുണയും ആവേശവും അറിയിക്കുകയാണ് അദ്ദേഹം. വരും വര്‍ഷങ്ങളില്‍ സ്വന്തം താരങ്ങളും നാഗ്ജിയ്ക്കായി കളത്തിലിറങ്ങുന്നത് കാണാനാകും എന്ന ആത്മവിശ്വാസത്തോടെ.
