Home » എഡിറ്റേഴ്സ് ചോയ്സ് » സംഗീതരാവുകൾ, ആത്മീയസദസ്സുകൾ: കൊണ്ടോട്ടി തങ്ങളുടെ നഗരം സൂഫി ഉത്സവത്തിലേക്ക്
കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങൾ അന്ത്യവിശ്രമംകൊള്ളുന്ന ദർഗ (ഖുബ്ബ) ചിത്രം: ബിജു ഇബ്രാഹിം

സംഗീതരാവുകൾ, ആത്മീയസദസ്സുകൾ: കൊണ്ടോട്ടി തങ്ങളുടെ നഗരം സൂഫി ഉത്സവത്തിലേക്ക്

സൂഫി സംഗീതരാവുകളും കലാപ്രദർശനങ്ങളും സംഗീത-ആത്മീയ ചർച്ചകളും. കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തി ഹസ്രത്‌ ഖ്വാജ കൊണ്ടോട്ടി വലിയ മുഹമ്മദ്‌ ഷാ തങ്ങളുടെ നഗരം പുതിയൊരു  സാംസ്‌കാരികോത്സവത്തിലേക്ക്. കേരളം ഒഴുകിയെത്താൻപോകുന്ന സൂഫി ഉത്സവം.

സൂഫി പുണ്യാത്മാവ് കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ മഖാമിന്റെ പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടുദിവസത്തെ സൂഫി ഫെസ്റ്റിവലിന് ഒരുക്കങ്ങളായി. നിലച്ചുപോയ  ഉത്സവമായ കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തിക്കൊണ്ടാണ് ‘ഇഖ്‌റ – കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’ന്  അരങ്ങുണരുന്നത്. നവംബർ 16 (ശനി), 17 (ഞായർ) ദിവസങ്ങളിലാണ് പരിപാടി.

‘കൊണ്ടോട്ടിയുടെ വല്യുപ്പാപ്പ’  മുഹമ്മദ് ഷാ തങ്ങളുടെ ഓർമ്മകളിന്നും തുടിക്കുന്ന തക്കിയാ പരിസരത്തെ ഇലഞ്ഞിമരച്ചുവടും ഖുബ്ബയോട്  ഇടവുമാണ് മുഖ്യവേദികൾ. ചിത്രകാരനും ശിൽപിയും കൊച്ചി ബിനാലെയുടെ സ്ഥാപകനുമായ റിയാസ് കോമുവിന്റെ സംവിധാനത്തിലാണ് കൊണ്ടോട്ടിയുടെ പുത്തനുത്സവം.

‘മുട്ടും വിളിയു’മായി പുറപ്പാട്

കൊണ്ടോട്ടി നേർച്ചയുടെ തുടക്കമറിയിച്ച് നടന്നിരുന്ന പുറപ്പാടിലെന്നപോലെ. ചീനിമുട്ടിന്റെ (മുട്ടും വിളിയും) അകമ്പടിയോടെ ഉത്സവാരംഭംകുറിച്ച് ശനിയാഴ്ച പുലർച്ചെ ഘോഷയാത്ര നടക്കും.. രാവിലെ ഏഴുമണിക്ക് കൊണ്ടോട്ടി-അരീക്കോട് പാതയിലെ കാളോത്ത് തക്കിയയിൽ നിന്നും ആരംഭിക്കുന്ന പുറപ്പാടോടെ ആരംഭിച്ച്, ഞായറാഴ്ച രാത്രി രാജസ്ഥാനിൽനിന്നുള്ള  അവധൂത സംഗീതജ്ഞൻ മുക്ത്യാർ അലിയുടെ ഖവാലി സംഗീതാർച്ചനയോടെയാണ് പരിപാടി അവസാനിക്കുക.

അറിവിന്റെ പെരുന്നാളാഘോഷം

സംഗീതകാരന്മാർക്കുപുറമെ,  ,ശിൽപികൾ, എഴുത്തുകാർ, ചരിത്രകാരന്മാർ, ചിന്തകർ, ആത്മീയാന്വേഷകർ, സാംമ്പത്തികശാസ്ത്ര വിദഗ്ധർ തുടങ്ങി  നാനാതുറകളിൽനിന്നുള്ളവർ അറിവിന്റെ ഈ പെരുന്നാളാഘോഷത്തെ സമ്പന്നമാക്കാനെത്തും. പ്രസിദ്ധ കലാകാരി ഷബ്‌നം വിർമണിയുടെ സംഗീതാവതരണത്തോടൊപ്പം, അവരുടെ ചലച്ചിത്രങ്ങളുടെ പ്രദർശനവും മേളയ്ക്ക് അനുബന്ധമായി പ്രദർശിപ്പിക്കും.

ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി മേളയിലുണ്ടാവും. പരിപാടിയുടെ മുഖ്യസംഘാടകരായ തക്കിയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം സൂഫി സംഗീതജ്ഞൻ ഉസ്‌താദ്‌ രാഗ് റസാഖിന് മേളയിൽ സമ്മാനിക്കും.

വാദ്യകുലപതി പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ മേളവിരുന്നും പ്രധാന ആകർഷണമാകും.

സംഗീതാവതരണങ്ങൾ, ചർച്ചാ സെഷനുകൾ, കലാപ്രദർശനങ്ങൾ

സുമംഗല ദാമോദരൻ, രാഗ് റസാഖ്, വേദാന്ത ഭരദ്വാജ്, കുട്ടപ്പൻ ആശാൻ, രശ്മി സതീഷ്, അൻവർ അലി തുടങ്ങിയവരുടേതാണ് മറ്റു സംഗീതാവതരണങ്ങൾ.  സി. ഹംസ, പ്രൊഫ. എം. എച്ച് ഇല്യാസ്, ഇ. എം. ഹാഷിം, സി. എസ്. വെങ്കിടേശ്വരൻ, എസ്. ഗോപാലകൃഷ്ണൻ, ഡോ. ഹുസൈൻ രണ്ടത്താണി, ദിനകരൻ മീനംകുന്ന്, എം. ഷിലുജാസ്, അനിത തമ്പി, സെന്തിൽബാബു തുടങ്ങിയവർ സംഗീതത്തെയും ആത്മീയാന്വേഷണത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള സെഷനുകളിൽ സംസാരിക്കും.

ചിത്രകലയിൽ കെ. പി. സദാനന്ദൻ, ടി. കെ. അനിത, ശില്പകലയിൽ ജിഗേഷ്, വീഡിയോ ഇൻസ്റ്റളേഷനുമായി വിപിൻ വിജയ്, പൊന്നാനിയുടെ ഛായാചിത്രങ്ങളുമായി കെ. ആർ. സുനിൽ, ഗ്രാഫിറ്റി വർക്കുമായി ആബിദ് ഷെയ്ഖും ഇർഷാദും,  മധു കപ്പാരത്ത്,  സജു കുഞ്ഞൻ, ലതീഷ് ലക്ഷ്മണൻ എന്നിവരും ഉണ്ടാകും.

അന്തരിച്ച പ്രതിഭാധനനായ ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കലിന്റെ സൃഷ്ടികളും, കൊണ്ടോട്ടിയുടെ സ്വന്തം ആർട് ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിമിന്റെ സൃഷ്ടികളും പ്രദർശനത്തിലുണ്ടാവും.

വേദികൾ ഇവിടങ്ങളിൽ

കൊണ്ടോട്ടിയുടെ നഗരമദ്ധ്യത്തിലാണ് മുഖ്യവേദികളെല്ലാം. കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ ഇറങ്ങി, മേലങ്ങാടി റോഡിൽ, നടന്നെത്താവുന്ന ദൂരത്തിൽ. സംഗീതപരിപാടികൾക്ക് ഖുബ്ബ പരിസരവും ചർച്ചാസദസ്സുകൾക്ക് തക്കിയയ്ക്കടുത്തുമാണ് വേദികൾ. ഷബ്‌നം വിർമണി റെട്രോസ്പെക്ടീവ് ആയ ചലച്ചിത്രപ്രദർശനങ്ങൾ മാത്രം അൽപ്പം മാറി കോഴിക്കോട് ദേശീയപാതയിൽ മോയിൻകുട്ടി വൈദ്യർ സ്‌മാരകം ഹാളിലാണ്.

മോയിൻകുട്ടി വൈദ്യർ സ്‌മാരകം ഹാളിലെ സിനിമാ പ്രദർശനം രാവിലെ പത്തിന് തുടങ്ങി രാത്രി എട്ടിന് അവസാനിക്കും. പുത്തൻപുരയിലും മസ്‌ജിദിലും  നടക്കുന്ന മറ്റു പ്രദർശനങ്ങൾ  രാവിലെ എട്ടിന് തുടങ്ങി രാത്രി പത്തുവരെയുണ്ടാവും, രണ്ടു ദിവസവും.

സംഘാടനനേതൃത്വം ഇവർ

തക്കിയ ഫൗണ്ടേഷനു പുറമെ, അക്ഷര യൂത്ത് ഡെവലപ്പ്മെന്റ് സെന്റർ, നൂൽ ആർക്കൈവ്‌സ്, ഡിസൈൻ ആശ്രം, മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരകം എന്നിവരും ചേർന്നാണ് ‘ഇഖ്റ’ സൂഫി ഫെസ്റ്റിവൽ സംഘാടനം. കവി ഒ. പി. സുരേഷ് ചെയർമാനും മാധ്യമപ്രവർത്തകൻ പി. പി. ഷാനവാസ് ജനറൽ കൺവീനറുമായ സമിതിയാണ് സംഘാടനത്തിനു നേതൃത്വംനൽകുന്നത്. രണ്ടുവർഷംമുമ്പ് ആരംഭിച്ച ഉത്സവമാണ് റിയാസ് കോമുവിന്റെ സംവിധാനത്തോടെ ഇക്കുറി വിപുലമായി കൊണ്ടാടുന്നത്.

ഉത്സവത്തിന് അനുബന്ധമായി, കൊണ്ടോട്ടിയുടെ പൗരാണികപ്രതീകവും തങ്ങളുപ്പാപ്പയുടെ ഇരിപ്പിടവുമായ തക്കിയാവിന്റെ പുനരുജ്ജീവനവും നടക്കുന്നുണ്ട്. പ്രശസ്ത വാസ്തുശില്പി ബ്രിജേഷ് ഷൈജലിന്റെ നേതൃത്വത്തിലാണിത്.

കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്.

 

Leave a Reply