Home » ന്യൂസ് & വ്യൂസ് » ഒരു വൻനഗരത്തിലെ സമ്പന്ന ഇടത്തിൽ ഹോസ്‌റ്റൽ ഫീസ് ചെറിയ കാര്യമല്ല!

ഒരു വൻനഗരത്തിലെ സമ്പന്ന ഇടത്തിൽ ഹോസ്‌റ്റൽ ഫീസ് ചെറിയ കാര്യമല്ല!

ഹോസ്റ്റൽ ഫീസ് കൂട്ടിയതിന് ഇത്രവലിയ സമരമോ എന്നു അത്ഭുതംകൂറുന്നവരുണ്ട്.   ‘കുലീന വിദ്യാഭ്യാസ ഇട’ങ്ങളിലേക്ക് പുതുതായെത്തുന്ന വിഭാഗങ്ങൾ സാമൂഹികനീതിക്കുവേണ്ടി നടത്തുന്ന സമരമാണത്. ജെ.എൻ.യു. വിദ്യാർഥിപ്രക്ഷോഭത്തിലെ നൈതികത എന്താണെന്നെഴുതുന്നു , അവിടെ ഗവേഷകനായ വി. ആർ. നജീബ്   


ൽഹിയിലേക്കും ജെ.എൻ.യു.വിലേക്കും ആദ്യമായി വരുന്നത് 2012ൽ എം എ സോഷ്യോളജിക്ക് അഡ്‌മിഷൻ കിട്ടിയപ്പോഴാണ്. അതിനുമുമ്പ്, പത്തിലും പ്ലസ് ടു വിലും ഡിഗ്രിക്കും പഠിക്കുന്ന സമയത്ത് വീട്ടുകാർക്ക് ഒരു തരത്തിലും സാമ്പത്തികമായി സഹായിക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. പല തരത്തിലുള്ള ജോലികൾ ചെയ്തും പലരോടും പൈസ വാങ്ങിയും ആണ് ഈ കാലഘട്ടം കഴിഞ്ഞുപോയത്.

ഉമ്മ തോട്ടം തൊഴിലാളിയും ഉപ്പ കൂലിപ്പണിക്കാരനും ആയതുകൊണ്ടുതന്നെ ഡൽഹിക്ക് പോകുമ്പോൾ ഏറ്റവും വലിയ ആശങ്ക പണം കണ്ടെത്തുക എന്നതുതന്നെയായിരുന്നു. പോകാനുള്ള ടിക്കറ്റ് എടുത്തുതന്നത് ഡിഗ്രിക്കാലത്തും പിന്നീടും സഹായിച്ചു കൊണ്ടിരിക്കുന്ന ആത്മാർത്ഥ സുഹൃത്ത് ഫവാസ് ആയിരുന്നു.

ഒരു നോമ്പുകാലത്താണ് ജെ.എൻ.യു.വിൽ എത്തിയത്. കാര്യമായി പൈസ കയ്യിൽ ഇല്ലായിരുന്നു. അതുവരെ പണി എടുത്തതും പലരും തന്ന പൈസയും ഡിഗ്രിക്കു ശേഷം അപേക്ഷ നൽകാനും മറ്റു ചെലവുകൾക്കും ആയി പോയി. നോമ്പുകാലം ആയതുകൊണ്ടുതന്നെ ഒരു നേരത്തെ ഭക്ഷണം എങ്ങിനെ എങ്കിലും കഴിച്ചു ജീവിക്കാം എന്ന പ്രതീക്ഷയിൽ ആയിരുന്നു.

 ചേരുമ്പോൾ കൊടുക്കേണ്ട ഫീസ് 283 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അടച്ചെങ്കിലും ഇനിയുള്ള  ഫീസ് എങ്ങിനെ കണ്ടത്തും എന്നു ആലോചിച്ചിരിക്കുമ്പോഴാണ് ഇവിടെയുള്ള പലരും പറഞ്ഞത് ഇനി വല്യ ഫീസ് ഒന്നും ആവില്ല എന്ന് . ഹോസ്റ്റൽ ഇല്ലാത്തതും ഭക്ഷണം കിട്ടാത്തതും തുടക്കത്തിൽ ചെറിയ ചില ആശങ്കകൾക്ക് വഴിവെച്ചു. ഞാനും  നിതീഷും അനസും ആഷിഖും ഒക്കെ ഒരു റൂമിൽ ആയിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് റൂമും ഭക്ഷണവും തന്നു ബാസിതും ഹനീഫയും സഹായിച്ചു.

ഹോസ്റ്റൽ കിട്ടുന്നതിനുമുമ്പ്, പുറത്തുനിന്നും ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ ‘മൂന്നാം മുറിയൻ’  ആയി ജ്ജെലം ഹോസ്റ്റലിൽ തങ്ങി, ഭക്ഷണം ഹോസ്റ്റലിൽ നിന്നു കഴിക്കാൻ തുടങ്ങി. പൈസ മാസത്തിൽ കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് സെമസ്റ്റർ അവസാനം കൊടുക്കാം എന്നു സുഹൃത്തുക്കൾ പറഞ്ഞു. ഇനി ആ പൈസ എങ്ങിനെ കണ്ടെത്തും എന്നു വിചാരിക്കുമ്പോഴാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് എം.സി.എം. സ്കോളർഷിപ്  കിട്ടുമെന്ന് അറിഞ്ഞതും അപേക്ഷിച്ചതും. ഭാഗ്യവശാൽ  മാസം 1500 രൂപ കിട്ടുന്ന ഫെല്ലോഷിപ്പ് എനിക്ക് ലഭിച്ചു. സത്യം പറഞ്ഞാൽ അതൊന്നുകൊണ്ടുമാത്രം എം.എ.  പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞു. അന്ന് മെസ് ബിൽ 1600 രൂപ ആകുമ്പോൾ ആരോടെങ്കിലുമൊക്കെ കടം വാങ്ങേണ്ടി വരുമായിരുന്നു . അതേപോലെ പുസ്തകങ്ങൾ ഫോട്ടോകോപ്പി എടുക്കാനും പൈസ കടംവാങ്ങേണ്ടി വന്നു.

എംഫിൽ അഡ്‌മിഷൻ കിട്ടുമ്പോൾ ഏക ആശ്വാസം ഫെല്ലോഷിപ്പ് 1500 രൂപ 5000 രൂപയാകും  എന്നതായിരുന്നു . വീട്ടിൽ പൈസ കൊടുക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. പക്ഷേ പണപ്പെരുപ്പ ഭാഗമായി  ഭാഗമായി മെസ്സ്  ബിൽ  ക്രമാതീതമായി കൂടുകയും രണ്ടായിരവും കവിയുകയും ചെയ്തതിനാൽ 5000 രൂപ യിൽ പകുതിയും മെസ് ബിൽ ആയി കൊടുക്കേണ്ടി വന്നു.

എംഫിൽ അവസാനം ആയപ്പോഴേക്കും ഇനി പഠനം തുടരാൻ കഴിയാത്ത അവസ്ഥാന്തരങ്ങൾ ഉണ്ടായി. പലരോടും പൈസ വാങ്ങി ജീവിക്കേണ്ടി വന്നു. അങ്ങിനെയാണ് ജെ.ആർ.എഫ്. പരീക്ഷ പാസാവുന്നതും ഫെലോഷിപ്പ് കുത്തനെ ഉയരുന്നതും. പിന്നീട് ഈ ഫെലോഷിപ്പിന്റെ ബലത്തിൽ പഠനം തുടർന്നു; വീട്ടുകാർക്ക് പൈസ കൊടുക്കാനും പറ്റി.

പറഞ്ഞുവരുന്നത്, ഒരു സാധാരണ കുടുംബപശ്ചാലത്തിൽ വളർന്നുവന്ന വിദ്യാർത്ഥിയെ സംബന്ധിച്ച് ജെ. എൻ.യു. ഹോസ്റ്റൽ ഒരു പ്രതീക്ഷ തന്നെയാണ്. ഡൽഹി പോലുള്ള ഒരു വൻനഗര, വരേണ്യ ഇടത്തിൽ ജെ. എൻ.യു. ഹോസ്റ്റൽ മെസ്സും ഭക്ഷണവും നൽകുന്ന ആത്മവിശ്വാസം വാക്കുകളിൽ ഒതുങ്ങുന്നതല്ല – അതെത്ര മോശം ഭക്ഷണം ആണെങ്കിലും!

അധികാരികളുടെ അജണ്ട വളരെ വ്യക്തമാണ്. സാധാരണക്കാരായ വിദ്യാർഥികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുക തന്നെയാണ് . വിദ്യാഭ്യാസം കൃത്യമായ സോഷ്യൽ മൊബിലിറ്റിയ്ക്ക്  കാരണമാകുമെന്ന അടിസ്ഥാനതത്വത്തെയാണവർ പേടിക്കുന്നത്. നിലവിലുള്ള ഉയർത്തിയ ഹോസ്റ്റൽ ഫീസ്  നിരക്കിൽ ജെ.എൻ.യു. വിദ്യാഭ്യാസം നേടുകയെന്നത് എന്നെപ്പോലെയുള്ള ഫസ്റ്റ് ജനറേഷൻ പഠിതാക്കൾക്ക്  ഒരു സ്വപ്നം മാത്രം ആവും. ഡൽഹിയിലെ Jജെ.എൻ.യു.വിൽ പഠിക്കുമ്പോൾ കേവലം ഡിഗ്രികൾക്കപ്പുറം, അതു നൽകുന്ന സാമൂഹികവും സാംസ്‌കാരികവുമായ മൂലധനംകൂടി  ഒരു പ്രത്യേക വിഭാഗത്തിന് അന്യമാക്കാൻ ആണ് അവർ ഉദ്ദേശിക്കുന്നത്.

ഈ സമരം വിജയിക്കാനുള്ളതുതന്നെയാണ്. പോരാടുന്നത് സാധരണക്കാരന്റെ അടിസ്ഥാന വിദ്യാഭ്യാസാവകാശങ്ങൾ ചൂഴ്ന്നെടുക്കുന്ന നയങ്ങൾക്കും, അവയുടെ ഇപ്പോഴത്തെ നടത്തിപ്പുകാരായ രാഷ്ട്രീയസഖ്യത്തിനും അവർ നയിക്കുന്ന സർക്കാരിനും എതിരെ തന്നെയാണ്. പൂർണമായും ഫീസ് വർധന പിൻവലിക്കാതെ സമരം അവസാനിക്കില്ല.

Leave a Reply