Home » ഇൻ ഫോക്കസ് » പരിഷത്ത് കണ്ണടച്ച മാളങ്ങളിൽ ഇനിയുമുണ്ടാവും വിഷസർപ്പങ്ങൾ

പരിഷത്ത് കണ്ണടച്ച മാളങ്ങളിൽ ഇനിയുമുണ്ടാവും വിഷസർപ്പങ്ങൾ

വിദ്യാഭ്യാസപ്രവർത്തനമെന്നത് ഫണ്ടൊഴുക്ക് മാനേജ്മെന്റ് പ്രവർത്തനം മാത്രമാവുകയാണോ? വയനാട്ടിലെ പത്തുവയസ്സുകാരിയുടെ ദുർമരണം ചില സോഷ്യൽ ഓഡിറ്റിങ്ങുകളിലേക്ക് നമ്മെ നയിക്കാൻ ഇടയുണ്ടോ? ധ്രുവൻ എഴുതുന്നു

 

മേലെ, ഉത്തരമില്ലാതെ തൂങ്ങിനിൽക്കുന്ന ഓടും മേൽക്കൂരയും. പൊട്ടിപ്പൊളിഞ്ഞ തറ. മുറികളിലെ മൂലകളിലെ പൊത്തുകൾ. ഇതൊന്നും അത്ര ദുർലഭമായ കാഴ്‌ചയായിരുന്നില്ല കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ. ഒരു ഇരുപത്തഞ്ചു കൊല്ലം മുമ്പുവരെ.

അദ്ഭുതകരമായ മാറ്റങ്ങളുടെ കാലമായിരുന്നു പിന്നെ.

കൃത്യമായി പറഞ്ഞാൽ 1993 മുതൽ.

ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി എന്ന ഡി.പി.ഇ.പി. ആണ് ആ മാറ്റങ്ങളുടെ ആണിക്കല്ലായതെന്ന് ചരിത്രം മറിച്ചുനോക്കിയാൽ അറിയാം.

പാഠ്യപദ്ധതി വിദ്യാർത്ഥിസൗഹൃദപരം ആക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ അതിനുമുന്നേ ഉയർന്നിരുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് എന്ന കേരളംകണ്ട എക്കാലത്തെയും വലിയ ജനകീയശാസ്ത്ര പ്രസ്ഥാനമായിരുന്നു ആ മുദ്രാവാക്യങ്ങളുടെ അമരക്കാർ എന്നതും ചരിത്രം.

നരസിംഹറാവുവെന്ന പ്രധാനമന്ത്രിക്കും, ഡോ. മൻമോഹൻസിംഗെന്ന ധനമന്ത്രിക്കും കീഴിൽ രാജ്യം സർവ്വമേഖലകളിലും പൊളിച്ചെഴുത്തുകൾക്ക് തുടക്കമിട്ടത് 1992-ൽ. വിദ്യാഭ്യാസമേഖലയിലും കടന്നുവന്നു ഈ പൊളിച്ചെഴുത്തിന്റെ കൊടുംവെട്ടങ്ങൾ.

പഠിക്കാൻ വേണ്ട പണം പഠിക്കേണ്ടവർ മുടക്കണമെന്ന ഈ പൊളിച്ചെഴുത്തു നയങ്ങൾ സ്വാഭാവികമായും എതിർപ്പുകൾനേരിട്ടു. വിശേഷിച്ചും, ഈ നയപരിപാടികളോട് അടിസ്ഥാനപരമായ എതിർപ്പുപുലർത്തിയ രാഷ്ട്രീയപ്രസ്ഥാനങ്ങളും സിവിൽസമൂഹപ്രസ്ഥാനങ്ങളും മേൽക്കൈ സൂക്ഷിച്ചിരുന്ന കേരളത്തിൽ. അവരുടെ പ്രതിരോധ-പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുത്തതും, സ്വാഭാവികമായും, ശാസ്ത്രസാഹിത്യപരിഷത്ത് തന്നെയായിരുന്നു.

എന്നാൽ, അതിനിടയ്ക്ക് ‘വിധിവൈപരീത്യ’മെന്നു പറയാവുന്ന ചില ആശയക്കലർപ്പുകൾക്കും കേരളം സാക്ഷ്യംവഹിച്ചു.

‘ആഗോളീകരണ നയപരിപാടി’ എന്ന് റാവു-മൻമോഹൻ കൂട്ടുകെട്ടിന്റെ പദ്ധതികളെ വിളിക്കാൻ കേരളീയരെ പഠിപ്പിച്ചത് പരിഷത്തായിരുന്നല്ലോ. അതേ പദ്ധതികളുടെ വിദ്യാഭ്യാസമേഖലയിലെ സന്താനമായിരുന്ന ഡി.പി.ഇ.പി.യുടെ നടത്തിപ്പും അതേ പരിഷത്തിന്റെ ചുമലിലായി!

തത്വത്തിൽ എതിർക്കുന്ന പദ്ധതികളുടെ നടത്തിപ്പുകാരുമായിത്തീരേണ്ടിവന്ന വൈപരീത്യം!

കേരളത്തിൽ അതൊട്ടേറെ വിവാദക്കൊടുങ്കാറ്റുകളുയർത്തി. അവയെ എങ്ങനെയാണ് നേരിട്ടതെന്നും ഈയൊരു പ്രസ്ഥാനത്തിന്റെ ജീവൻ, പഴയ ശേഷികളോടെയല്ലെങ്കിലും, ഇന്നും നിലനിർത്താനായതെന്നും പഴയകാല പരിഷത് പ്രവർത്തകർ ഇന്നോർക്കുന്നുണ്ടാവുക പേടിസ്വപ്നമെന്ന കണക്കാവും! അവരുടെ നട്ടെല്ല് തകർത്ത വിവാദങ്ങളിലൂടെയാണ് അന്ന് അവർക്ക് കടന്നുപോവേണ്ടിവന്നത്.

എന്നാൽ, ഡി.പി.ഇ.പി. കേരളത്തിൽ നടപ്പാക്കപ്പെട്ടു. വിജയകരമായിത്തന്നെ. വലിയ സാമ്പത്തികസഹായങ്ങളായാണ്‌ ആ പദ്ധതി കേരളത്തിലെ പ്രാഥമികവിദ്യാമേഖലക്ക് അനുഭവവേദ്യമായത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ വിഭവശേഷി അന്നും തുടർന്നും ഉണ്ടായ ഇടതു-വലതു സർക്കാരുകൾ പരമാവധി ഉപയോഗപ്പെടുത്തി.

വിദ്യാലയങ്ങളാകെ സക്രിയാന്തരീക്ഷത്തിലായി. രക്ഷിതാക്കളും അമ്മമാരും വാർഡുതലംതൊട്ടുള്ള ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരും വിദ്യാഭ്യാസപ്രവർത്തകരും എല്ലാം ചേർന്ന് ഒരു ഉത്സവമേളത്തിന്റെ ഇടങ്ങളായി സ്‌കൂളുകൾ.

സ്കൂളുകൾ മാത്രമല്ല, അധ്യാപകർക്കുള്ള പരിശീലനക്കളരികൾപോലും അന്നാൾവരെ കണ്ടിട്ടില്ലാത്ത വിധം മാറി! പഠിപ്പിക്കാൻ ആഗ്രഹവും ആത്മാർത്ഥതയും ഇല്ലാത്തവർ അധ്യാപകനായി ഇരുന്നുകൂടെന്ന പൊതുജനാഭിപ്രായം വരെ ശക്തമായുയർന്ന കാലം. ബെല്ലടി കൂസാതെ, ഗോട്ടിക്കളിക്കിറങ്ങുന്ന കുട്ട്യോളും സ്വന്തം വീട്ടുപറമ്പിലെ പൂളപ്പണിക്കിറങ്ങുന്ന മാഷമ്മാരും ചേർന്ന ഉലകമായിരുന്നു കുറവല്ലാത്തൊരളവിൽ, തെക്കൻ കേരളത്തിലെങ്കിലും അതുവരെ പ്രാഥമികവിദ്യാഭ്യാസരംഗം എന്നുമോർക്കണം!

അവിടെയാണ് പരിഷത്ത് മാറ്റത്തിന്റെ കാറ്റുവിതച്ചത്; ഇന്നത്തെ നൂറുമേനിവിജയങ്ങളുടെ അവകാശവാദങ്ങൾക്കെല്ലാം ചില്ലയൊരുക്കിയത്. വിദ്യാഭ്യാസപരിഷ്കരണത്തിന്റെ ഒരു കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ, കാണുന്ന കാഴ്ചകളെന്താണ്?

വയനാട്ടിലെ പെൺകുട്ടിയുടെ ദുർമരണം നടന്ന സ്‌കൂൾപോലത്തെ ‘അപഭ്രംശങ്ങൾ’ മലബാർജില്ലകളിലെ മാത്രം കാഴ്ചയായിരിക്കും ഇന്ന്. മലബാർജില്ലകളിൽത്തന്നെ അത്രക്ക് അസമർത്ഥരായ ജനപ്രതിനിധികളുടെ നാടുകളിലെ മാത്രം കാഴ്ചയാവും അത്.

ബാക്കി സ്‌കൂളുകളെല്ലാം കല്യാണപ്പുരകൾ പോലെ അലംകൃതമായി! സർക്കാർസ്കൂളുകൾ മാത്രമല്ല, അതിനേക്കാൾ ഉഷാറിലായിത്തീർന്നു, ദാരിദ്ര്യക്കഥ മാത്രം വിളമ്പിക്കൊണ്ടിരുന്ന അൺ-എയ്‌ഡഡ്‌ സ്‌കൂളുകൾപോലും.

കോടികളാണ് ഫണ്ടെത്തിയത് ഇക്കാലയളവിൽ ഓരോ സ്‌കൂളിനും. മുറ്റം മുഴുക്കെ പന്തലിട്ടിട്ടും, നിലമായ നിലമൊക്കെ ടൈലും കട്ടയും പതിപ്പിച്ചിട്ടും പണം തീരുന്നില്ല. എല്ലാം ഹൈടെക് സ്‌കൂളുകളായി.

ഡി.പി.ഇ.പി ഒന്നോ രണ്ടോ മൂന്നോ ഊഴം പിന്നിട്ടു, സർവ്വശിക്ഷാഅഭിയാനായി. പിന്നെയുമെന്തൊക്കെയോ ആയി. ഇന്നും പണമൊഴുക്ക് തുടരുന്നു. ഏറ്റവും പുതിയ സർക്കാരിന്റെയും ഏറ്റവുംവലിയ അവകാശവാദം പൊതുവിദ്യാഭ്യാസമേഖലയിലേക്കു നൽകുന്ന ബജറ്റ് വിഹിതത്തിന്റെ ഭീമൻ കണക്കുകളാണ്.

നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മൊത്തം ‘ഹാർഡ്‌വേർ’ മാറി, ഉറപ്പായും. അതിൽ ആർക്കും അത്ഭുതംകൊള്ളാം!

എങ്കിലോ, ഗാന്ധിജിയിൽതൊട്ട് നാം സത്യംചെയ്യുന്ന വിദ്യാഭ്യാസസങ്കൽപം എന്ന ‘സോഫ്റ്റ്‌വെയറി’ന്റെ സ്ഥിതി എന്താണ്? എത്രക്ക് അപ്ഡേറ്റഡ് ആയിട്ടുണ്ട്, വിദ്യാഭ്യാസമേഖലയിലേക്ക് ‘ലോകസഹായം’ എത്തിത്തുടങ്ങിയതിന്റെ കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം? എത്രയ്ക്കുണ്ട് നമ്മുടെ ശിശു സൗഹൃദപരതയുടെ ആഴം? എത്രയ്ക്കുണ്ട് അതുൽപ്പാദിച്ചിരിക്കുന്ന സാമൂഹികോന്മുഖതകളുടെ വെളിച്ചം? മാനവസ്നേഹത്തിന്റെയും സാഹോദര്യബോധത്തിന്റെയും തെളിച്ചം?

വിദ്യാർത്ഥിസൗഹൃദപരമല്ലെന്നതോ പോവട്ടെ, അടിസ്ഥാന ധാർമ്മികതയെന്ന സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ പോലും നടക്കാത്ത വിഭാഗമായിത്തീരുകയാണോ നമ്മുടെ അധ്യാപകസമൂഹം?

അവിടെ സ്റ്റോപ്പ്!

നമ്മെ വിമർശിക്കാൻ ആരുണ്ടിവിടെ എന്ന ചോദ്യങ്ങൾ. അതാണ് മറുപടിയായി കോറസായി ഉയരുന്നത്. എന്തൊക്കെത്തരം ‘തമ്പ്രാനിസങ്ങൾ’ക്കാണിന്നു ചെങ്കൊടിച്ഛായ കൈവരുന്നത്!

എന്നാൽ, ഇതല്ല, ഇതിലും മൗലികമായ ചോദ്യങ്ങൾ ചോദിപ്പിച്ചും ഉത്തരം തേടിയും നെയ്തുണ്ടാക്കിയ പ്രസ്ഥാനമാണ് ശാസ്ത്രസാഹിത്യപരിഷത്ത് എന്ന് ഓർക്കുന്നവർക്കറിയാം. കേരളത്തിലെ ഇക്കണ്ട മാറ്റങ്ങൾക്ക് അമരക്കാരായിരുന്ന, കേരളത്തിലെ വിദ്യാഭ്യാസപ്രസ്ഥാനത്തെ കർഷകർക്കും തൊഴിലാളികൾക്കും ഇടത്തരക്കാർക്കും ബുദ്ധിജീവിവിഭാഗങ്ങൾക്കും ഇടയിലിറങ്ങി നയിച്ച ജനകീയശാസ്ത്ര പ്രസ്ഥാനം ഇന്ന് എവിടെ?  ഈ ചോദ്യങ്ങൾക്കൊപ്പം അവരെയിന്നു കാണുന്നില്ല.

അവർ ഏതാണ്ട് അപ്രത്യക്ഷരായിരിക്കുന്നു!

ഒന്നുകിൽ, വിദ്യാഭ്യാസപ്രവർത്തകരെന്ന ആദരണീയ പദവികൾ, വന്ന വഴികളിലെവിടെയൊക്കെയോ മറന്നുവച്ച് അവർ സ്വയം, അധ്യാപക ട്രേഡ് യൂണിയനുകളുടെ നായകന്മാരോ നായികമാരോ ന്യായീകരണക്കാരോ ആയിത്തീർന്നിരിക്കുന്നു.

അല്ലെങ്കിൽ, വിദ്യാഭ്യാസമേഖലയിൽ വരുത്തേണ്ട ‘സോഫ്റ്റ്‌വെയർ’ മാറ്റങ്ങൾ തലപുകച്ചും പുകപ്പിച്ചും അവർ ചർച്ച ചെയ്‌ത അധികാരസ്ഥാനങ്ങളാകെ ട്രേഡ് യൂണിയനിസ്റ്റുകളുടെ കയ്യിലേൽപ്പിച്ച് അവർ രംഗംവിട്ടിരിക്കുന്നു!

അൽപം, ദോഷൈക ബുദ്ധിയിൽ ആലോചിക്കുന്നവർ മാത്രം കണ്ടുകാണും, ‘സമഗ്രശിക്ഷാ കേരള’ എന്ന് പുനർനാമകരണം ചെയ്തു തുടരുന്ന ഡി.പി.ഇ.പി.യുടെ പുതിയ പിന്തുടർച്ചയിലെ പുതിയ നിയമനങ്ങൾ.

ആ താക്കോൽസ്ഥാനങ്ങളിലൊന്നും ഇന്ന് പരിഷത് നേതൃത്വമില്ല; പകരം, നൂറുനൂറായിരം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ കൃത്യാന്തരബാഹുല്യങ്ങൾക്കിടയിലും ആ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അധ്യാപകസംഘടനാ നേതാക്കൾ!

എന്തൊരു ത്യാഗോജ്വലത! എന്തൊരു വിദ്യാഭ്യാസ പരിഷ്കരണ വ്യഗ്രത!

മുതലാളിത്ത പദ്ധതികളെ ചെറുക്കുന്ന ബദലുകൾ എന്ന സ്വപ്നം വിതച്ചവരുടെ പിൻവാങ്ങൽ കാൽനൂറ്റാണ്ടിലെ പ്രതിരോധങ്ങളുടെ പരാജയസമ്മതം മൂളലാണോ? വിദ്യാഭ്യാസപ്രവർത്തനമെന്നത് ഫണ്ടൊഴുക്ക് മാനേജ്മെന്റ് പ്രവർത്തനമെന്നത് മാത്രമാവുകയാണോ? പാരിഷത്തികജാഗ്രത കണ്ണടച്ച മാളങ്ങളിൽ വരുന്ന തലമുറയെ ദംശിക്കാൻപോവുന്ന വിഷസർപ്പങ്ങൾ പാർക്കുന്നുണ്ടാവുമോ?

വയനാട്ടിലെ പത്തുവയസ്സുകാരിയുടെ മരണം ഇങ്ങനെയും ചില സോഷ്യൽ ഓഡിറ്റിങ്ങുകളിലേക്ക് നമ്മെ നയിക്കാൻ ഇടയുണ്ടോ? 

(ഒരാപ്തവാക്യംകൊണ്ട് ഇതിവിടെ വാൽമുറിക്കാം:

‘ഐ.എം.എ. ഇന്നേവരേ ഒരു ഡോക്ടറേയും സംഘടനയിൽ നിന്നും പുറത്താക്കിയിട്ടില്ല. ബത്തേരി അധ്യാപകനെ സംഘടനയും പുറത്താക്കിയിട്ടില്ല’

-വ്യാജ ഔലിയ അറക്കൽ അബ്ദുൽ ഗഫൂർ)

 

 

Leave a Reply