Home » നമ്മുടെ കോഴിക്കോട് » പറക്കുട്ടി പ്രകാശന്‍ നാല് പതിറ്റാണ്ട് ചിലമ്പണിഞ്ഞ തിറയാട്ടക്കാരന്‍

പറക്കുട്ടി പ്രകാശന്‍ നാല് പതിറ്റാണ്ട് ചിലമ്പണിഞ്ഞ തിറയാട്ടക്കാരന്‍

തിറകളുടെ നാടെന്ന ചരിത്രം മാത്രമല്ല കോഴിക്കോടിന് പറയാനുള്ളത്. ആ തിറയിലുമുണ്ട് ചരിത്രം, ഇതിഹാസം..അങ്ങനെ പലതും. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് തെയ്യവും തിറയും. ജാതിയുടെയും മതത്തിന്റെയും പേരില്‍ അടിച്ചമര്‍ത്തിയ സമൂഹത്തിനു മുന്നില്‍ പ്രതിഷേധത്തിന്റെ ചായം തേച്ച് ചിലമ്പണിഞ്ഞ് തിറയും തെയ്യവുമാകുന്ന മനുഷ്യര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാകുന്ന അപൂര്‍വ്വ കാഴ്ച. നാല് പതിറ്റാണ്ട് പറക്കുട്ടി തിറയായി കോഴിക്കോടന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായ ഇതാഹാസമാണ് പ്രകാശന്‍. ധനുമാസത്തിലും മേടമാസത്തിലും നടത്തുന്ന തിറയാട്ടത്തില്‍ കെട്ടിയാടുന്നതാണ് പറക്കുട്ടിയും. മലബാറിലെ കുട്ടിചാത്തന്‍ കാവുകളില്‍ അരങ്ങേറുന്നതാണ് പറക്കുട്ടി തിറ. ഹാസ്യാഭിനയത്തിന് പ്രാധാന്യമുള്ള പറക്കുട്ടി തിറയിലൂടെ അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പിനാണ് ചുവടുറപ്പിക്കുന്നത്. ചെറുകുളത്തൂര്‍ പാടേരി ഇല്ലത്ത് മുപ്പത്തിയെട്ട് വര്‍ഷം പ്രകാശന്‍ ചിലമ്പണിഞ്ഞത് ഇതേ പറക്കുട്ടിയാവാനാണ്.  മുക്കം ഹൈസ്‌ക്കൂളില്‍ നിന്നും അധ്യാപകേതര ജീവനക്കാരനായി സര്‍വ്വീസില്‍ നിന്നും വിരമിച്ച പൂവാട്ടുപറമ്പ് പ്രകാശന്‍ കേരളത്തിലെ അറിയപ്പെടുന്ന തിറയാട്ട കലാകാരനാണ്. ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം തിറയാട്ടത്തിനും കലാസമിതി പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പമാണ് പ്രകാശന്റെ ജീവിതം. ഇപ്പോള്‍ പൂവാട്ടുപ്പറമ്പ് ചന്തു സ്മാരക തിറയാട്ട കലാസമിതിയിലെ പ്രധാന വേഷക്കാരനും.
കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്ന പറക്കുട്ടി തിറ പ്രധാന കാവുകളില്‍ വിരളമായി മാത്രമേ നടത്താറുള്ളൂ. പാടേരി ഇല്ലത്തെ ദേശാവകാശി ആയതിനാലാണ് ഇത്രയും കാലം പറക്കുട്ടി വേഷത്തിലെത്താന്‍ പ്രകാശന് സാധിച്ചത്. സാധാരണയായി പുലര്‍വേളകളിലാണ് പറക്കുട്ടി വേഷം കെട്ടിയാടാറുള്ളതെങ്കിലും കുട്ടിച്ചാത്തന്മാരുടെ സങ്കേതമായി അറിയപ്പെടുന്ന പാടേരി ഇല്ലത്ത് പറക്കുട്ടി തിറയ്ക്ക് അനുവദിക്കുന്നത് ഉച്ചനേരമാണ്. കീഴാളരോടുള്ള സമൂഹത്തിന്റെ ഭാവം പോലെ പിറകോട്ട് ആടി വേണം പറക്കുട്ടി ഇല്ലത്തെത്താന്‍.  കാവിന്റെ തിരുമുറ്റത്ത് ചെണ്ടമേളങ്ങളുടെയും മലന്തുടിയുടെയും താളത്തില്‍ അട്ടഹാസത്തോടെ എത്തി നിറഞ്ഞാടും. ദൈവകോലധാരി ഭക്തരുമായി സംവദിക്കും. കുരുത്തോലയിലും പാളയിലുമാണ് ചമയങ്ങലൊരുക്കുന്നത്. അരയട, പഞ്ചി, പറക്കുട്ടിമുടി എന്നിവ കുരുത്തോലയിലും കൈപ്പാണ്ടി, താടി, തോട, പൊയ്ക്കണ്ണ് എന്നിവ മനോഹരമായി പാളകളിലും അണിയിച്ചൊരുക്കും. ചെറിയ കുട്ടികളെ കൂടെക്കൂട്ടിയും പറക്കുട്ടി നിറഞ്ഞാടും. ആട്ടം ഉച്ചസ്ഥായിയിലെത്തുന്നതോടെ കല്‍പ്പന ചൊല്ലി അരിയും പൂവുമെറിഞ്ഞ് അനുഗ്രഹം ചൊരിഞ്ഞ് തിറ അവസാനിപ്പിക്കും. ആംഗികത്തിനു പുറമെ വാചികവുമായ അഭിനയം പറക്കുട്ടിയുടെ പ്രത്യേകതയാണ്. വര്‍ഷങ്ങളായുള്ള അനുഷ്ഠാനത്തിന്റെ ഫലമായി പ്രകാശന്റെ പറക്കുട്ടി വേഷം കോഴിക്കോട്ടുകാര്‍ക്ക് നല്‍കുന്നത് ദൈവത്തെ നേരിട്ട് കണ്ട അനുഭൂതിയാണ്. പകര്‍ന്നാടുമ്പോള്‍ സ്വയം മറക്കുന്നുവെന്നാണ് പ്രകാശന്‍ പറയുന്നത്. കാരണവര്‍മാര്‍ അനുഗ്രഹിച്ച് നല്‍കിയത് പറ്റുന്നത്രയും കാലം നിറവേറ്റണമെന്നത് മാത്രമാണ് പ്രകാശന്റെ ആഗ്രഹം.

Leave a Reply