Home » ഇൻ ഫോക്കസ് » തള്ളിപ്പറഞ്ഞവർ ‘വല്യേട്ട’നായി! ബിഹാർമുന്നേറ്റം സിപിഎമ്മിന് തലവേദനയാകുമോ?

തള്ളിപ്പറഞ്ഞവർ ‘വല്യേട്ട’നായി! ബിഹാർമുന്നേറ്റം സിപിഎമ്മിന് തലവേദനയാകുമോ?

ഇടതുപാർട്ടികളിലെ നിലവിലെ വല്യേട്ടന്റെ സ്ഥാനം ബിഹാറിൽ ലിബറേഷനുകാർ കൈക്കലാക്കി! അവർക്കുകീഴിൽ നേടിയ ഇടതുജയം കേരളസിപിഎമ്മിലെ ബുദ്ധിജീവിവിഭാഗങ്ങളിലും യുവജനങ്ങളിലും ചലനമുണ്ടാക്കും

ബിഹാറിലെ ഇടതുപാർട്ടികളുടെ മുന്നേറ്റം കേരളത്തിലെ ഇടതുരാഷ്ട്രീയത്തിലും പ്രതിഫലിക്കും. മറ്റ് ഇടതുപാർട്ടികളെ കൂടുതൽ വിശ്വാസത്തിലെടുക്കാൻ സംസ്ഥാനത്തെ ഇടതുപക്ഷനേതൃസ്ഥാനത്തുള്ള സിപിഎം നിർബന്ധിതമാകും. അതേസമയം, ‘തീവ്രവാദപക്ഷം’ എന്നു പേരിട്ടുവിളിക്കുന്ന കക്ഷിയുടെ ബലത്തിലാണ് ഈ ഇടതുമുന്നേറ്റമെന്നത് സിപിഎമ്മിനും സിപിഐക്കും തലവേദനയുമാണ്.

മത്സരിച്ച 29 സീറ്റില്‍ 16 എണ്ണത്തിലും വിജയവുമായാണ് ഇടത് പാര്‍ട്ടികൾ ബിഹാറിൽ മുന്നേറ്റമുണ്ടാക്കിയത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ ഇടതുപാര്‍ട്ടികളുടെ ഒരു തിളക്കമാര്‍ന്ന പ്രകടനം. സിപിഐ-എംഎല്‍ (ലിബറേഷന്‍) 12, സിപിഎം, സിപിഐ പാര്‍ട്ടികള്‍ രണ്ട് വീതം സിറ്റുകളിലും വിജയം നേടി.

കമ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ കൂടുതൽ ഐക്യമുണ്ടാകണമെന്ന ആവശ്യം സോഷ്യൽമീഡിയ വേദികളിലെ ഇടതുപ്രൊഫൈലുകളിൽ ഉയർന്നുകഴിഞ്ഞു. സിപിഐ-സിപിഎം ലയനത്തിനുവേണ്ടിയുള്ള ആവശ്യംവരെയുണ്ട് ഇവയിൽ. ഭിന്നിച്ചുനിൽക്കുന്ന ഇടതുഗ്രൂപ്പുകളെ അടുപ്പിക്കണമെന്ന് ആവശ്യവും ഇവയിലുണ്ട്.

കേരള സിപിഎം ‘തീവ്രവാദപക്ഷ’ത്തുനിർത്തി അവതരിപ്പിക്കുന്ന കക്ഷിയാണ് ബിഹാറിൽ ഇടതുമുന്നേറ്റത്തിന് നേതൃത്വം കൊടുത്തതെന്നത് സംഘടനയിലെ ബുദ്ധിജീവിവിഭാഗങ്ങളിലും യുവജനങ്ങളിലും ചലനമുണ്ടാക്കും.

സിപിഎം മറ്റ് ഇടതുകക്ഷികൾക്കു കൊടുക്കാറുള്ള പരിഗണനക്കുറവ് എക്കാലത്തും മുന്നണിക്കകത്ത് തർക്കവിഷയമാകാറുണ്ട്. എന്നാൽ ആ സമീപനത്തിൽനിന്നു തീർത്തും വ്യത്യസ്തമായ ഒന്നാണ് ബിഹാറിൽ സിപിഐ-എംഎല്‍ (ലിബറേഷന്‍) കാണിച്ചതെന്ന് റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു.

കേന്ദ്രതലത്തിൽ സിപിഎം-സിപിഐ കക്ഷികളുമായി ദീർഘകാലത്തെ പ്രവർത്തനബന്ധമുണ്ടായിട്ടും ആർജെഡി ബിഹാറിൽ ലിബറേഷനുകാരുമായി മാത്രമേ സഖ്യമുണ്ടാക്കാൻ തുടക്കത്തിൽ താല്പര്യപ്പെട്ടിരുന്നുള്ളു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടിത്തറകൊണ്ടുമാത്രമല്ല, വിജയിക്കുന്ന നിലവന്നാൽ ബിജെപിപക്ഷത്തേക്ക് മാറില്ലെന്ന് ഉറപ്പും ആർജെഡിയുടെ വിശ്വാസത്തിന് കാരണമായി.

എന്നാൽ, സിപിഎമ്മിനേയും സിപിഐയെയും മഹാസഖ്യത്തിന്റെ ഭാഗമാക്കാൻ അർജെഡിയിൽനിന്നു ആദ്യത്തിൽ വലിയ ഉത്സാഹം കണ്ടിരുന്നില്ല. ലിബറേഷനുകാരുടെ ഇടപെടലാണ് ഈ രണ്ട് പാർട്ടികളെയും മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ കാരണമായത്. ഇടതുപാർട്ടികളുടെ വിശാലമായ താല്പര്യം ലിബറേഷനുകാർ ഉയർത്തിപ്പിടിച്ചില്ലായിരുന്നില്ലെങ്കിൽ, തനിയെ മത്സരിക്കേണ്ട നിലയാകുമായിരുന്നു സിപിഎം-സിപിഐ കക്ഷികൾക്ക്. അത് സംഭവിച്ചിരുന്നെങ്കിൽ വലിയൊരു ഒറ്റപ്പെടുത്തൽകൂടി ഈ രണ്ട് മുഖ്യധാരാ ഇടതുപാർട്ടികൾക്കും നേരിടേണ്ടിവരുമായിരുന്നു. ഒവൈസിയുടെ കക്ഷി ഇപ്പോൾ നേരിടുന്നതുപോലെ, ‘മഹാസഖ്യത്തെ ഒറ്റിയവർ’ എന്ന ചീത്തപ്പേരാണ് ലിബറേഷനുകാരുടെ ഇടപെടൽകൊണ്ട് ഇവരുടെ തലയിൽനിന്ന് ഒഴിഞ്ഞുപോയത്.

നിലവിലെ എൽഡിഎഫ് ഭരണത്തിലെ സിപിഎം നയങ്ങളോട് ആശയവിയോജിപ്പുകളുള്ളവർ ബിഹാർ മുന്നേറ്റത്തിൽനിന്ന് ഊർജ്ജമെടുക്കാനും എല്ലാ സാധ്യതയുമുണ്ട്. അടിസ്ഥാനപരമായ ഇടതുപക്ഷമുദ്രാവാക്യങ്ങൾ ഉന്നയിച്ച് തുടർച്ചയായി നടത്തിയ പ്രചാരണങ്ങളാണ് ലിബറേഷനുകാർക്ക് ബിഹാറിൽ അടിത്തറ നൽകിയത്. സാമുദായികപ്രശ്നങ്ങൾ ഉയർത്തി ബിഹാറിൽ സാമ്പത്തിക അസമത്വം മറച്ചുവെയ്ക്കുകയാണെന്ന മുദ്രാവാക്യത്തിൽ മുറുക്കിപ്പിടിച്ചായിരുന്നു കാര്യമായും ലിബറേഷനുകാരുടെ പ്രചാരണം.

ദേശീയതലത്തിൽ ഇതേ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരായിട്ടും അങ്ങനെയൊരു ബഹുജനപിന്തുണയിലേക്ക് ബിഹാറിൽ ഉയരാൻ മുൻകാലസ്വാധീനമുള്ള കക്ഷികളായിട്ടും സിപിഎം-സിപിഐ കക്ഷികൾക്ക് കഴിഞ്ഞിരുന്നില്ല. രാജ്യത്ത് ഏറ്റവും ഇടതുസ്വാധീനമുള്ള സംസ്ഥാനവും, ഇടതുഭരണമുള്ള ഏകസംസ്ഥാനവുമായ കേരളത്തിൽ ഇത് വലിയ ഉൾപ്പാർട്ടിചർച്ചയാവുക സ്വാഭാവികമാണ്. ഇവിടെ
മുഖ്യധാരാഇടതുപക്ഷത്തിനു നേർക്ക് ‘പ്രത്യയശാസ്ത്രത്തിൽ വെള്ളംചേർക്കുന്നവർ’ എന്ന ആക്ഷേപം ഉന്നയിക്കുന്ന വിഭാഗം ഒരിക്കൽക്കൂടി ശക്തിപ്പെട്ടുവരാനും ബിഹാർസംഭവഗതി കാരണമാകും. തദ്ദേശതെരഞ്ഞെടുപ്പുവർക്ക് സംയമനം പാലിച്ചേക്കാമെങ്കിലും, ഭരണത്തോടുള്ള അതൃപ്തികളും ഉള്ളിൽനിന്ന് ഉയരാൻ ബിഹാർവിശകലനങ്ങൾ കാരണമാകും.

ഇടതുവിജയം കൊണ്ടാടുന്നതിലെ തലവേദന പാർട്ടിപത്രത്തിലും പ്രകടമാണ്. വിജയംകണ്ട സിപിഎം നേതാക്കളുടേതൊഴിച്ചാൽ, ബഹുഭൂരിപക്ഷം ഇടതുസീറ്റുകൾ നേടിയതവരായിട്ടും, മറ്റ് ഇടത് എംഎൽഎമാരെയൊന്നും ദേശാഭിമാനി പരിചയപ്പെടുത്തിയിട്ടില്ല – ലിബറേഷൻകാരെയെന്നല്ല, സിപിഐക്കാരെപ്പോലും.

 

Image Courtesy: The Wire

Leave a Reply