അഴീക്കോട് സ്കൂളിൽ പ്ലസ്ടു കോഴ്സിന് പണംവാങ്ങിയത് മുസ്ലിംലീഗ് പ്രാദേശികകമ്മിറ്റിയാണെന്ന കെ എം ഷാജി എംഎൽഎയുടെ വെളിപ്പെടുത്തൽ ലീഗിനെ ക്ഷീണത്തിലാക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മുൻപാകെ കെ എം ഷാജി നൽകിയ മൊഴി എല്ലാ മാധ്യമങ്ങളും പുറത്തുവിട്ടു.
പണം വാങ്ങരുതെന്ന് പാർട്ടി നേതൃത്വത്തോടും കൊടുക്കരുതെന്ന് സ്കൂൾ അധികൃതരോടും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഷാജി ഇ.ഡി. മുൻപാകെ മൊഴി നൽകിയത്. തന്റെ വീട് പൂർണ്ണമായും തന്റെയും കുടുംബത്തിന്റെയും ഭാര്യവീട്ടുകാരുടെയും പണംകൊണ്ടാണ് ഉണ്ടാക്കിയതെന്ന മൊഴിക്കൊപ്പമാണ് അഴിമതിപ്പണം താൻ കൈപ്പറ്റിയിട്ടില്ലെന്ന ഷാജിയുടെ ഏറ്റുപറച്ചിൽ. ഫലത്തിലിത്, താനല്ലെങ്കിലും പാർട്ടി അഴിമതി നടത്തിയെന്ന കുറ്റസമ്മതമാണ്.
സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയെന്ന നിലക്ക്, പണം കൈപ്പറ്റിയ പാർട്ടിയെക്കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരാൻ ഇ.ഡി. ഇതോടെ നിർബന്ധിതമാകും. ഷാജിയെ ചോദ്യംചെയ്യൽ തുടരുകയാണ്.