Home » എഡിറ്റേഴ്സ് ചോയ്സ് » എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്?

എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്?

ബീഹാർ തെരഞ്ഞെടുപ്പുഫലത്തിൽ പൊതുവിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്ന ഘടകം അസദുദ്ദീൻ ഒവൈസിയുടെ പങ്കാണ്. പഴയ ഹൈദരാബാദ് പട്ടണത്തിന്റെ പോക്കറ്റുകളിൽ ഒതുങ്ങിനിന്ന പാർട്ടിയായ ഓൾ ഇന്ടി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന കൊച്ചുപാർട്ടിയാണ് ബിജെപിയെ തോൽപിക്കാൻ രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാവി തുലച്ചത്!

എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്?

മുസ്ലിംഭൂരിപക്ഷപ്രദേശമായ സീമാഞ്ചലിൽ, പ്രത്യേകിച്ചും കിഷൻഗഞ്ചിൽ, മാത്രം കേന്ദ്രീകരിച്ചാണ് ഒവൈസി മഹാസഖ്യത്തിന്റെ പണി പാഴാക്കിയത്. വെറും അഞ്ചുകൊല്ലത്തെ പ്രയത്നം; നിയമസഭയിലേക്ക് ലഭിച്ച അഞ്ചു സീറ്റും – വളരെച്ചെറിയ കാലവും എണ്ണവും. പക്ഷെ, അത് മതിയായി ബീഹാറിന്റെ വിധി അട്ടിമറിക്കാൻ.

എക്കാലവും വിവാദപുരുഷനാണ് ഒവൈസി. ഭരണഘടനാവാദിയും മുസ്ലിങ്ങളടക്കമുള്ള അരികുവല്കൃതരുടെ പക്ഷക്കാരനും ആയാണ് അറിയപ്പെടുന്നതെങ്കിലും തീവ്രവാദവാക്കുകളും വിദ്വേഷവിഷങ്ങളും പലേ സന്ദർഭങ്ങളിലും പൊട്ടിപ്പുറപ്പെട്ട നാക്കുകൂടിയാണ് ഒവൈസിയുടേത്. എന്നാൽ, ഈ ദുർമുഖംകൊണ്ടും ഒവൈസിയുടെ പേര് നാശമായിട്ടില്ലെന്ന് ബീഹാർഫലം കാട്ടിത്തരുന്നു.

വിഭജനത്തിന്റെ പരിക്ക് നല്ലവണ്ണം ഏറ്റ സമുദായമാണ് മുസ്ലിങ്ങൾ. അതുകൊണ്ടുതന്നെ, സ്വത്വപരമായ രാഷ്ട്രീയസംഘങ്ങളോട് പൊതുവിൽ മുഖംതിരിച്ചു നിന്നവരാണവർ എത്രയോ കാലം. മുഖ്യധാരാ ജനാധിപത്യകക്ഷികൾക്കൊപ്പം ചേർന്നുനിൽക്കാനായിരുന്നു അവരുടെ പൊതുതാല്പര്യം.

എന്നാൽ, ബിജെപിയുടെ വളർച്ചയോടെ സ്ഥിതി മാറിത്തുടങ്ങി. ബിജെപിക്കെതിരായ മതനിരപേക്ഷപാർട്ടികളുടെ ദൗർബല്യങ്ങൾ പുറത്തുവന്നുതുടങ്ങിയതോടെ സ്ഥിതി പിന്നെയും കലങ്ങി. മതനിരപേക്ഷപക്ഷത്തിന്റെ ഈ തകർച്ച മുസ്ലിംസമൂഹത്തിലുണ്ടാക്കിയ പ്രതീക്ഷാനാശമാണ് ഒവൈസിക്കും വളമായത്.

ബിഹാർഫലത്തെ ഒവൈസിയും കക്ഷിയും എങ്ങനെ വിലയിരുത്തുന്നുവെന്നത് പുറത്തുവന്നുകഴിഞ്ഞിട്ടില്ല. ബിജെപിയുമായുള്ള ഒരു യോജിച്ചുപോക്കിലേക്കാണോ മുസ്ലിംസമൂഹത്തെ ഒവൈസി നയിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല – മഹാസഖ്യപാർട്ടികൾ ഒവൈസിക്കെതിരെ ഉന്നയിക്കുന്ന പ്രധാനകുറ്റം അതാണെങ്കിലും.

പ്രതിപക്ഷവോട്ടുകളെ പിളർത്തിയതിനു ഉറപ്പായും ഒവൈസിയെ ആക്ഷേപിക്കാം. എന്നാൽ, അയാളെ ജനാധിപത്യവിരുദ്ധനായി ചിത്രീകരിക്കുന്നത് ജനാധിപത്യത്തിന്റെ സത്തക്ക് നിരക്കുന്നതാകുമോ? രാജ്യത്തെ ഏതു രാഷ്ട്രീയസഖ്യത്തിനുമുള്ള ജനാധിപത്യാവകാശമേ ഒവൈസിയും തന്റെ പാർട്ടിയും വിനിയോഗിച്ചിട്ടുള്ളൂ. അത് തങ്ങൾക്കനുകൂലമാകാതെ പോയതിന്റെ കാരണങ്ങൾ നഷ്ടം സംഭവിച്ചവർ കണക്കുകൂട്ടേണ്ടതാണെന്നാവും അവരുടെ വാദം. സ്വന്തം മുൻകാലപരാജയങ്ങളാണ് അതിനു വഴിവെച്ചതെങ്കിൽ അതിനു പരിഹാരമുണ്ടാക്കേണ്ടതും അക്കൂട്ടർതന്നെയാണെന്നും ഒവൈസി വാദിച്ചേക്കാം.

 

Image courtesy: The Indian Express

Leave a Reply