Home » എഡിറ്റേഴ്സ് ചോയ്സ് » ഏറനാടൻ ശഹീദന്മാരുടെ മരണാനന്തര ഇടപെടൽ! വിജയരാഘവനിത് ചരിത്രനിയോഗം
image courtesy: james arppookkara/manorama

ഏറനാടൻ ശഹീദന്മാരുടെ മരണാനന്തര ഇടപെടൽ! വിജയരാഘവനിത് ചരിത്രനിയോഗം

കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞ താൽക്കാലിക ഒഴിവിലേക്കാണെങ്കിലും വാരിയൻകുന്നത്തിന്റെ ചോരകിടക്കുന്ന മണ്ണിൽനിന്നുള്ള എ വിജയരാഘവൻ, ഒരു നിയോഗം ഏല്പിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു. ഇ രാജേഷ് എഴുതുന്നു

 

ടുവിൽ മലപ്പുറത്തിന് ഒരു സിപിഎം സെക്രട്ടറിയെ കിട്ടി. ഇന്ത്യയിലെ കർഷകസമരങ്ങളുടെ ഒന്നാംനിരയിൽവരുന്ന മലബാർ കലാപത്തിന്റെ നൂറാംവർഷത്തിൽ, കറങ്ങിത്തിരിഞ്ഞ് ആ പദവി മലപ്പുറത്തെ തേടിവന്നു!

കമ്യൂണിസ്റ്റുകാർ എടുത്തുപറയാൻ മറക്കുകയും മടിക്കുകയും ചെയ്യുന്ന സമരപാരമ്പര്യമാണ് മലബാർ കലാപ പരമ്പരയുടേത്. പിണറായിക്കും കല്ലായിക്കും മുന്നേ ഇവിടെയുയർന്ന കർഷക ഉയിർത്തെഴുന്നേൽപ്പുകളാണ് ഇന്ത്യയിലെത്തന്നെ വിവിധ കാർഷികസമരങ്ങളുടെ ആദ്യതരംഗം. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും വയലാറും തൊട്ട് കേരളത്തിലെ ഏതു കാർഷികപ്രക്ഷോഭണത്തെക്കാളും കാലംകൊണ്ട് മുന്നിൽനടന്ന സമരമായിരുന്നുവത്. രക്തസാക്ഷികളുടെ എണ്ണത്തിലും ഇതിനെ അതിശയിക്കാൻ മറ്റു പ്രക്ഷോഭങ്ങളില്ല.

കർഷകസമരനേതൃത്വങ്ങൾ മറ്റിടങ്ങളിലെല്ലാം പിന്നീട് കമ്യൂണിസ്റ്റ് സംഘടനാരൂപങ്ങളിലേക്ക് മാറി. ഈ സമരനേതൃത്വങ്ങളുടെ തുടർച്ചക്കാരാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതനേതൃത്വങ്ങളിൽ വന്ന ഒട്ടുമിക്കപേരും. എന്നാൽ, മലബാർ കലാപമണ്ണിൽനിന്നു പാർട്ടിനേതൃത്വത്തിലേക്ക് ഉയർന്നുപൊങ്ങിയവരുടെ എണ്ണം ഒരു ഇമ്പിച്ചിബാവയിലും പാലൊളി മുഹമ്മദ്‌കുട്ടിയിലും ഒടുവിലൊരു വിജയരാഘവനിലും നിന്നു. അപ്പോൾപ്പോലും, ഈ മണ്ണിൽനിന്നൊരാൾ പാർട്ടിയുടെ അത്യുന്നത പദവിയായ സെക്രട്ടറിപദത്തിലേക്ക് ഉയർത്തപ്പെട്ടതേയില്ല. പ്രാദേശികപരിഗണനകളല്ല പാർട്ടിപദവികൾക്ക് ഗണിക്കപ്പെടുകയെന്ന പൊതുവിശ്വാസത്തിൽ പ്രവർത്തകരും ഉറച്ചുനിന്നു.

പോകെപ്പോകെ, പാർട്ടിസെക്രട്ടറിസ്ഥാനം കണ്ണൂരിനല്ലെങ്കിൽ ആലപ്പുഴക്കേ ആവൂ എന്നത് പാർട്ടിയിലെ സാമാന്യബോധമായി മാറിയപ്പോഴും മലപ്പുറമെന്ന ചരിത്ര മണ്ണ് പാർട്ടിചരിത്രത്തിൽ കാണാത്ത ഇടമായി. ‘മുസ്ലിംഭൂരിപക്ഷപ്രദേശ’മെന്ന പൊതുവിശേഷത്തിനപ്പുറം മലപ്പുറത്തെ കാണാൻ കഴിയാത്ത നിലയിലേക്ക് പാർട്ടിപൊതുബോധം മാറി. പതിയെ, മലപ്പുറത്തിന്റെ കർഷകസമരചരിത്രം വിസ്മൃതിയിലേക്ക് മുങ്ങിത്തുടങ്ങി. ഒടുവിലൊടുവിൽ, മലപ്പുറത്തിന്റെ പാർട്ടിസമ്മേളനവേളകളിലല്ലാതെ, കേരളത്തിലൊരിടത്തും ഉയർത്തിപ്പിടിച്ചുകാണാത്ത ചരിത്രമായി അത് മാറിയതാണ് സമകാലീനചിത്രം.

എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിരൂപീകരണത്തിലെ അമരക്കാരിൽ രണ്ടു പ്രമുഖരെ, സർവ്വപ്രമുഖമായ രണ്ടു മുന്നണികൾ കെട്ടിപ്പടുക്കാൻ ഏറ്റവുമാദ്യം നിയോഗിച്ച മണ്ണ് എന്തുകൊണ്ട് മലപ്പുറമായി എന്ന അന്വേഷണം ഉണ്ടായതേയില്ല. കർഷകസംഘം കെട്ടിപ്പടുക്കാൻ ഇഎംഎസ് പുലാമന്തോളിലും, ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കെ ദാമോദരൻ പൊന്നാനിയിലും നിയോഗിക്കപ്പെട്ടതിന്റെ ചരിത്രകാരണങ്ങൾ കെട്ടഴിക്കപ്പെടാതെ ഇപ്പോഴും കിടക്കുന്നു. ഏറനാടൻ കർഷകപ്രക്ഷോഭകാരികൾ ഉഴുതുമറിച്ച സാമ്രാജ്യത്വവിരുദ്ധമണ്ണെന്നതായിരുന്നു ഈ നിയോഗിക്കലുകളുടെ അടിസ്ഥാനമെന്നത് കാണാതെപോയി. പൊന്നാനിയിൽ തുടങ്ങിയ ബീഡിത്തൊഴിലാളിസംഘാടനത്തിന്റെ തുടർച്ചയായി, കൊണ്ടോട്ടിപോലുള്ള ഉൾനാടുകളിലേയ്ക്കടക്കം കമ്യൂണിസ്റ്റുകാർ പച്ചപിടിച്ചു പരക്കാൻ ഇടയാക്കിയത് ഏറനാടിന്റെ ഈ മണ്ണൊരുക്കമാണെന്നത് ആരും പറയാതെയുമായി.

അതിനിടക്കും എണ്ണമറ്റ വിപ്ലവകാരികൾ ഏറനാടൻകർഷകസമര പിന്തുടർച്ചക്കാരായി മലപ്പുറത്തിന്റെ ഉൾനാടുകളിലൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തുകൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റുപാർട്ടി നിരോധിക്കപ്പെട്ട കാലത്തുവരെ അന്നത്തെ ബോംബെ ഹെഡ്ക്വാർട്ടേഴ്‌സുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവർത്തിച്ചുപോന്ന ‘മാപ്പിളസഖാക്കൾ’ എത്രയോപേരായിരുന്നു. പാർട്ടിയുടെ മുഖ്യധാരയിലേക്ക് മറ്റ് കർഷകസമരപാരമ്പര്യങ്ങളെല്ലാം ഊർജ്ജസ്വലമായി ഇടംപിടിച്ചപ്പോൾ ‘മലപ്പുറം സഖാക്കൾ’ പേരുപോലും രേഖപ്പെടുത്തപ്പെടാതെ മറഞ്ഞുപോയി.

ആ മഹത്തായ പ്രക്ഷോഭത്തിന്റെ അവസാനവർഷങ്ങളിലെ അപചയത്തെ ചൂണ്ടിക്കാട്ടിയാണ് ആ പാരമ്പര്യത്തെ സ്വന്തമായെണ്ണാൻ ഇരു കമ്യൂണിസ്റ്റ് പാർട്ടികളും മടിച്ചത്. എന്നാൽ, ഇതേ മണ്ണിൽ ജനിച്ചുജീവിച്ച ഇഎംഎസ് അതിന്റെ ചരിത്രപ്രാധാന്യംകൂടി കൂട്ടത്തിൽപ്പറഞ്ഞത് എങ്ങനെയൊക്കെയോ ഇരുട്ടിലാഴ്ന്നുപോയി. പിൽക്കാലചരിത്രമെഴുത്തിൽ പ്രമുഖഇടതുസഹയാത്രികൻ ഡോ. കെ എൻ പണിക്കർ ആ സമരത്തിന്റെ പാരമ്പര്യത്തിലേക്ക് ഏറ്റവുമാഴത്തിൽ വെളിച്ചമെത്തിച്ചിട്ടും ആ പന്തം ഏറ്റെടുക്കാൻ ഇവർക്കൊന്നും ആയില്ല.

അങ്ങനെയങ്ങനെ, മലപ്പുറമെന്നാൽ മാപ്പിളമാരുടേതെന്ന വൈദേശികതുല്യമായ കണ്ണായിമാറി കമ്യൂണിസ്റ്റുപാർട്ടിയിലെ പൊതുബോധത്തിന്റേത്. പിന്നെയത്, ലീഗിന്റെ നാടെന്ന ചിത്രീകരണത്തിലേക്കായി. അതിസ്വാഭാവികമായി, മലപ്പുറമെന്നാൽ തീവ്രവാദികളുടേതെന്ന സംഘ്പരിവാർവാദം തൊണ്ടതൊടാതെ വിഴുങ്ങുന്നതിലേക്ക് അത് ചെന്നെത്തി.

പാലോളി മുഹമ്മദ്‌കുട്ടി മാത്രമല്ല, കർഷകത്തൊഴിലാളിനേതാവ് യു ഉത്തമനും പുഷ്പംപോലെ ജയിച്ചുപോന്ന മുൻകാലതെരഞ്ഞെടുപ്പുചരിത്രം മലപ്പുറത്തെ സഖാക്കൾക്കുപോലും പ്രേതകഥപോലെ അവിശ്വസനീയമായി. ടി കെ ഹംസാക്കയിലൂടെ അല്ലെങ്കിൽ കെ ടി ജലീലിലൂടെമാത്രം മലപ്പുറത്തിന്റെ മോചനമെന്ന സമീപകാലവിശ്വാസങ്ങളിലേക്കും അത് തരംതാണു.

മലപ്പുറം ഗവ. കോളേജിൽനിന്ന് ഇസ്ലാമികചരിത്രം റാങ്കോടെ പാസ്സായ എ വിജയരാഘവനിൽനിന്നെങ്കിലും മലപ്പുറത്തിന്റെ ഈ ചരിത്രം മനസ്സിലാക്കാൻ കമ്യൂണിസ്റ്റ്പാർട്ടികളുടെ ബൗദ്ധികനേതൃത്വത്തിനും സംഘടനാനേതൃത്വത്തിനും കഴിഞ്ഞില്ല. കൊല്ലാകൊല്ലത്തെ ഇഎംഎസ് അനുസ്മരണ സെമിനാറുകളിൽപ്പോലും ഈ മേഖലയിലെ ഇഎംഎസിന്റെയും തുടർന്നുള്ളവരുടെയും ചരിത്രാന്വേഷണം വികസിപ്പിക്കാൻ ഉത്സാഹമുണ്ടായില്ല.

ഈ ചരിത്രത്തിലേക്ക് കണ്ണും മനസ്സും ഉണ്ടായിരുന്ന നേതാക്കൾ ഒന്നൊന്നായി അരങ്ങൊഴിഞ്ഞു. ഇമ്പിച്ചിബാവയും സെയ്താലിക്കുട്ടിയും, അവർക്കും മുന്നേ സാധു പി അഹമ്മദ്‌കുട്ടിയെയും ഇസഹാക്കിനെയും യു ഉത്തമനെയുംപോലുള്ള നേതാക്കളും പിരിഞ്ഞു. മലപ്പുറത്തിന് ഏറ്റ ചരിത്രമുറിവ് താങ്ങാൻപറ്റാത്തതുകൊണ്ടെന്നോണം, അറിഞ്ഞോ അറിയാതെയോ, പാലൊളി മുഹമ്മദ്‌കുട്ടി ജന്മഗ്രാമംതന്നെ വിട്ടു പാലക്കാട്ടേക്ക് താമസംമാറി!

ഇപ്പോഴാ സമരത്തിന്റെ നൂറാംവർഷം പിന്നിടുമ്പോൾ, ഒഴിച്ചുമാറ്റിവെച്ച ചരിത്രം സിപിഎമ്മിനെ പിന്നിൽനിന്നു പിടികൂടുകയാണോ? കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞ താൽക്കാലിക ഒഴിവിലേക്കാണെങ്കിലും വാരിയൻകുന്നത്തിന്റെ ചോരകിടക്കുന്ന മണ്ണിൽനിന്നുള്ള എ വിജയരാഘവൻ, ഒരു നിയോഗം ഏല്പിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു.

ഒരു നൂറ്റിഇരുപതുകൊല്ലം നീണ്ട ബ്രിട്ടീഷ്‌വിരുദ്ധസമരത്തിലൂടെ കേരളസൃഷ്ടിക്ക് മണ്ണൊരുക്കിയ ഏറനാടൻ രക്തസാക്ഷികൾ കമ്യൂണിസ്റ്റ് പാർട്ടിയെ വളഞ്ഞിട്ടുപിടിച്ചിരിക്കുകയാണോ, വിജയരാഘവനിലൂടെ? തമസ്കരിക്കപ്പെടുകയും, വർഗീയവാദികളാൽ മാത്രം ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന നിലയിൽനിന്ന് തങ്ങളെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയാണോ അവർ? സ്വന്തം രക്തംകണ്ടെത്തേണ്ടത് ഇവിടെനിന്നാണെന്ന ചരിത്രസത്യം കണ്ടെത്താൻ കമ്യൂണിസ്റ്റുകാരെ പ്രേരിപ്പിക്കാനുള്ള ശഹീദന്മാരുടെ മരണാനന്തര ഇടപെടലായിരിക്കുമോ ഇത്?

Leave a Reply