Home » എഡിറ്റേഴ്സ് ചോയ്സ് » ജീവകാരുണ്യ പ്രവർത്തകനിലൂടെ കൊണ്ടോട്ടി പിടിക്കാൻ ഇടതുപക്ഷം

ജീവകാരുണ്യ പ്രവർത്തകനിലൂടെ കൊണ്ടോട്ടി പിടിക്കാൻ ഇടതുപക്ഷം

കെ.പി സുലൈമാൻ ഹാജി കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി രംഗത്ത് വരുമ്പോൾ മലപ്പുറം ചുവപ്പിക്കാനുള്ള ഇടത് രാഷ്ട്രീയനീക്കത്തിന്റെ തുടർച്ചയെന്ന് വിലയിരുത്തൽ.

കെ ടി ജലീലിലൂടെയും പി വി അൻവറിലൂടെയും യു ഡി എഫിന്റെ, വിശിഷ്യാ മുസ്ലീംലീഗിന്റെ, ഉറച്ച കോട്ടകളെ പൊളിച്ച ആത്മവിശ്വാസമാണ് മറ്റൊരു പരീക്ഷണത്തിന് ഇടതിന് കരുത്ത് നൽകുന്നത്.

പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കുകയും ചെയ്ത സുലൈമാൻ ഹാജി കൊണ്ടോട്ടിക്കാർക്ക് സുപരിചിതനാണ്. നാട്ടുകാർക്ക് മുൻപിൽ സഹായഹസ്തവുമായി പൊതു ഇടങ്ങളിൽ സുലൈമാൻ ഹാജി എന്നുമുണ്ടാവാറുണ്ട്.
സലൈമാൻ ഹാജിയുടെ ഈ സ്വീകാര്യതയും, എല്ലാ മത വിഭാഗങ്ങളുമായും ,സംഘടനകളുമായുമുള്ള അദ്ദേഹത്തിന്റെ അടുപ്പവുമാണ് കൊണ്ടോട്ടിയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ലീഗിന് കടുത്തതാക്കുന്നത്.

കാലങ്ങളായി മുസ്ലീം ലീഗ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്ന കൊണ്ടോട്ടി മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ പൊതുസ്വീകാര്യനായ സ്ഥാനാർത്ഥി വേണമെന്ന എൽഡിഎഫ് പ്രാദേശി കഘടകത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു.

എന്തായാലും കൊണ്ടോട്ടിയിൽ പെട്ടെന്ന് ജയിച്ചു കയറാമെന്ന ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ ഇക്കുറി നടക്കില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് കൊണ്ടോട്ടിയിലെ ഇടത് നേതൃത്വവും പ്രവർത്തകരും.