Home » എഡിറ്റേഴ്സ് ചോയ്സ് » വിവാഹമൊക്കെ പിന്നീടാണ്; അതിനും മുമ്പേ ബിന്ദുവേച്ചി ഞങ്ങൾക്ക് സ്റ്റാറാണ്!

വിവാഹമൊക്കെ പിന്നീടാണ്; അതിനും മുമ്പേ ബിന്ദുവേച്ചി ഞങ്ങൾക്ക് സ്റ്റാറാണ്!

മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകരുടെ ഭാര്യമാർക്ക് വി വാഹശേഷമുള്ള പൊതുപ്രവർത്തനം അത്ര എളുപ്പമല്ല. സാധിച്ചാൽത്തന്നെ, ഭർത്താവിന്റെ നിഴലിൽനിന്ന് അവർക്ക് മോചനം കിട്ടാറില്ല. അങ്ങനെയല്ലാത്ത ഒരാൾ, സ്‌കൂൾകാലത്തെ റോൾമോഡലായിരുന്ന പെൺചങ്ങാതി, സ്ഥാനാർഥിപ്പട്ടികയിൽ വന്നതിന്റെ ആഹ്ലാദം എഴുതുന്നു, മാധ്യമപ്രവർത്തക രേണു രാമനാഥ്.

 

അസംബ്ലി തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരുപക്ഷേ ഏറ്റവും ആഹ്ളാദമുണ്ടാക്കുന്ന പേര് ആർ.ബിന്ദുവിന്റെതാണ്.

ആർ. ബിന്ദു എന്റെ ബിന്ദ്വേച്ചിയാണ്. ഞാൻ തീരെച്ചെറിയ കുട്ടിയായിരുന്ന കാലം മുതലേയുള്ള പരിചയം. ആ പ്രായത്തിൽ എന്റെ ആദ്യത്തെ ‘റോൾ മോഡൽ‘ ആയിരുന്നു ബിന്ദ്വേച്ചി എന്നു പറയാം. ഏറ്റവും ആരാധനയോടെ കണ്ടിരുന്ന റോൾ മോഡൽ. ബിന്ദ്വേച്ചിയെപ്പോലെ ആവുക എന്നതായിരുന്നു ആ ഹൈസ്കൂൾ കാലത്തെ ഏറ്റവും വലിയ ആംബിഷൻ എന്നു പറഞ്ഞാലും തെറ്റില്ല!

അച്ഛന്റെ വളരെയടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു ബിന്ദ്വേച്ചിയുടെ അച്ഛൻ രാധാകൃഷ്ണൻ മാഷ്.. നാഷണൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയാണ് എൻ.ആർ.കെ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന രാധാകൃഷ്ണൻ മാഷ് റിട്ടയർ ചെയ്തത്. അമ്മ ശാന്തട്ടീച്ചർ ആദ്യം കൊടുങ്ങല്ലൂർ ഗവ. ഗേൾസിൽ ആയിരുന്നു. അതുകൊണ്ട് ആദ്യം അവർ കൊടുങ്ങല്ലൂരായിരുന്നു താമസം. ബിന്ദ്വേച്ചി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരിങ്ങാലക്കുടക്ക് താമസം മാറ്റുന്നത്. ഒമ്പതിലാണ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ വന്ന് ചേരുന്നതും. അപ്പോൾ ശാന്തട്ടീച്ചർ നടവരമ്പ് സ്കൂളിലേക്ക് ട്രാൻസ്ഫർ വാങ്ങി. ടീച്ചറുടെ വിഷയം കെമിസ്ട്രിയായിരുന്നു. ശാന്ത ടീച്ചർ ഇരിങ്ങാലക്കുട ഗേൾസിലേക്ക് ട്രാൻസ്ഫറിന് ശ്രമിച്ചെങ്കിലും അവിടെ ഫിസിക്സ് ടീച്ചറായി ഫിസിക്സ് മെയിൻ പഠിച്ച എന്റെ അമ്മ ഉണ്ടായിരുന്നതിനാൽ ശാന്ത ടീച്ചർക്ക് കിട്ടാതെ പോവുകയായിരുന്നത്രെ! (ഇത് ഇപ്പോൾ അമ്മ പറഞ്ഞ കഥ!)

എന്നേക്കാൾ ഏതാണ്ട് മൂന്നു വയസ്സിനു മീതെയാണു ബിന്ദ്വേച്ചി. ഒമ്പതിലും പത്തിലും പഠിക്കുന്ന സമയത്ത്, രണ്ടു കൊല്ലവും സ്കൂൾ ലീഡറായിരുന്ന ആർ. ബിന്ദുവാണു എന്റെ ഓർമ്മയിൽ ആദ്യമുള്ളത്. സ്കൂൾ ലീഡർ എന്നു വെച്ചാൽ ഇങ്ങനെ വേണം എന്ന് തോന്നിപ്പിക്കുന്ന നേതൃത്വപാടവമാണു അന്നേ ബിന്ദ്വേച്ചിക്കുണ്ടായിരുന്നത്.

ആ വർഷമാണു ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂളിന് ജില്ലാ യുവജനോത്സവത്തിൽ ഓവറോൾ ട്രോഫി കിട്ടുന്നത്. ബിന്ദ്വേച്ചി സ്കൂൾ ലീഡറായിരുന്ന രണ്ടു വർഷവും ഗേൾസ് സ്കൂളിന് ഓവറോൾ ട്രോഫി കിട്ടി. അതിലൊരു വർഷം ഇരിങ്ങാലക്കുട ബോയ്സിലായിരുന്നു ജില്ലാ കലോത്സവം. രാത്രി ഏറെ വൈകിയിട്ട് നടന്ന സമ്മാനദാനച്ചടങ്ങിൽ ട്രോഫി ഏറ്റു വാങ്ങാൻ ബിന്ദ്വേച്ചിയും, എന്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണോർമ്മ. എന്റെയൊപ്പം പൊക്കമുള്ള ട്രോഫി ഞങ്ങളുടെ വീട്ടിലാണു അച്ഛനും അമ്മയും കൂടി കൊണ്ടു വന്നു വെച്ചതെന്ന് നല്ല ഓർമ്മയുണ്ട്. പിറ്റേന്ന് ബിന്ദ്വേച്ചിയും മറ്റ് കുട്ടികളും കൂടി വന്ന് ആഘോഷമായി ട്രോഫി സ്കൂളിലേക്ക് കൊണ്ടുപോയി.

ബിന്ദ്വേച്ചി ലീഡറായിരുന്ന സമയത്തു തന്നെയാണു ഗേൾസ് സ്കൂളിനു സംസ്ഥാന അത്‍ലറ്റിക്‌ മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കിട്ടുന്നതും.

യൂത്ത് ഫെസ്റ്റിവലിനു കിട്ടിയ പോയിന്റുകളിൽ കൂടുതലും ബിന്ദ്വേച്ചി തന്നെ നേടിയതായിരുന്നു! കഥാ രചന, കവിതാ രചന, പ്രസംഗം, കഥകളി – അങ്ങനെ ഒരുപിടി മത്സരങ്ങൾ. എല്ലാറ്റിലും ഒന്നാം സമ്മാനവും ‘എ‘ ഗ്രെയ്ഡും. കഥകളി നടനായിരുന്ന രാഘവനാശാന്റെ മകൾ കെ. ആർ. ജയശ്രീയായിരുന്നു ആ സമയത്തെ ഗേൾസ് സ്കൂളിലെ മറ്റൊരു താരം. ഭരതനാട്യത്തിലും ഓട്ടൻ തുള്ളലിലുമൊക്കെ ജയശ്രീയും സമ്മാനങ്ങൾ വാരിക്കൂട്ടി.

അങ്ങനെ സ്കൂളിൽ നിന്ന് താരപ്രഭയോടെ സെൻ്റ് ജോസഫ്സ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന ബിന്ദ്വേച്ചി അവിടെയും മോശമാക്കിയില്ല. പ്രീഡിഗ്രി ആദ്യ വർഷം കോളേജിലെ ഫൈനാട്സ് സെക്രട്ടറി. അടുത്ത വർഷം യു.യു.സി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയതോടെയാണു ബിന്ദ്വേച്ചി എഫ് എഫ്.ഐ പ്രവർത്തക എന്ന രീതിയിൽ ഇരിങ്ങാലക്കുടയിൽ അറിയപ്പെട്ടു തുടങ്ങുന്നത്. അതിൽ ആർക്കും അത്ഭുതമൊന്നും ഇല്ലായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലം തൊട്ട് സജീവ കമ്മ്യൂണിസ്റ്റുകാരനായിരുന്നുവല്ലോ രാധാകൃഷ്ണൻ മാഷ്. പാർട്ടി പിളർന്നപ്പോൾ, മാഷ് സിപീഐഎമ്മിലും, എന്റെ അച്ഛൻ സി.പി.ഐ. യിലും ആയെന്നു മാത്രം.

പിന്നെ ബിന്ദ്വേച്ചി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും അടുത്ത വർഷം സിണ്ടിക്കേറ്റ് അംഗമായും വളർന്നു. എസ്.എഫ്.ഐയുടെ വിദ്യാർത്ഥിനി സബ് കമ്മറ്റി സംസ്ഥാന കൺവീനറായി. പക്ഷെ, രാഷ്ട്രീയപ്രവർത്തനം കൂടുതൽ കൂടുതൽ സജീവമാകുന്നതോടെ ആർ. ബിന്ദു എന്ന സാഹിത്യകാരി ഇല്ലാതാവുമോ എന്നായിരുന്നു എന്റെ അച്ഛനുൾപ്പെടെ പലരുടെയും ആശങ്ക. മാതൃഭൂമിയുടെ ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ബിന്ദ്വേച്ചിയുടെ കഥ ഇരിങ്ങാലക്കുടയുടെ എഴുത്തുകാരുടെ നിരയിലേക്ക് അടുത്ത തലമുറ ഉയർന്നു വരുന്നതിന്റെ വാഗ്ദാനമായാണ് എല്ലാവരും കണ്ടത്.

ഷാർപ്നസ് ആയിരുന്നു അന്ന് ആർ.ബിന്ദുവിന്റെ മുഖമുദ്ര എന്ന് തോന്നിയിട്ടുണ്ട്. ഇത്ര മാത്രം ഷാർപ്പ് ആയ വാക്കുകൾ, എഴുത്തിലാണെങ്കിലും പ്രസംഗത്തിലാണെങ്കിലും അന്ന് മറ്റാരിലും കണ്ടിരുന്നില്ല.

ഡിഗ്രി ഫൈനൽ ഇയർ ആയപ്പോളേ സിൻഡിക്കേറ്റ് അംഗമായിരുന്നതു കൊണ്ട്, ഇംഗ്ലീഷ് എം. എ ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ തന്നെയാണു ബിന്ദ്വേച്ചി ചേർന്നത്. കേരളവർമ്മയിൽ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും.

അതു കഴിഞ്ഞ്, ജെ. എൻ. യുവിൽ ഗവേഷണത്തിനു പോയ ശേഷമാണു വിജയരാഘവനുമായുള്ള വിവാഹം. അതും ഇരിങ്ങാലക്കുടയിൽ വലിയൊരു സംഭവമായിരുന്നു. ബന്ധുക്കളിൽ ഒരു വലിയ വിഭാഗം ശക്തമായി എതിർത്തിട്ടും, രാധാകൃഷ്ണൻ മാഷുടെ പിന്തുണയോടെ ബിന്ദ്വേച്ചി ഉറച്ചു നിന്നു. എസ്. എൻ. ഹാളിൽ വെച്ച് ആഘോഷമായിട്ടായിരുന്നു കല്യാണം.

സത്യം പറഞ്ഞാൽ, ജീവിതത്തിൽ സ്വന്തം ഇഷ്ടങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കുമെന്നുള്ള തിരിച്ചറിവും ധൈര്യവും എനിക്കൊക്കെ ഉണ്ടാക്കുന്നതിൽ ബിന്ദ്വേച്ചിയുടെ തെരഞ്ഞെടുപ്പുകൾ വലിയൊരു സ്വാധീനമായിരുന്നു. ഇതൊരുപക്ഷെ, ബിന്ദ്വേച്ചിയോട് പോലും ഞാൻ പറഞ്ഞിട്ടില്ല എന്നതാണു സത്യം.

വിവാഹശേഷം, അധികം വൈകാതെ കേരളവർമ്മയിൽ അദ്ധ്യാപികയായി ബിന്ദ്വേച്ചി തൃശൂർക്കാരിയായി. അപ്പോഴേക്കും മോനുണ്ടായിരുന്നു. പിന്നെ കുടുംബവും, ജോലിയുമൊക്കെയായുള്ള ഓട്ടപ്പന്തയത്തിനിടയിലും ബിന്ദ്വേച്ചി തൃശൂർ മേയറായത് കേട്ടറിഞ്ഞു. അപ്പോഴേക്കും ഞാനും ഇരിങ്ങാലക്കുട വിട്ട് എറണാകുളംകാരിയായിരുന്നു. അതിനിടയിൽ രാധാകൃഷ്ണൻ മാഷ് മരിച്ചു. അകാലത്തായിരുന്നു ഹൃദ്രോഗം മൂലമുള്ള ആ മരണം എന്നു പറയാം. ബിന്ദ്വേച്ചിയുടെ ഏറ്റവും വലിയ താങ്ങായിരുന്നുവല്ലോ മാഷ്….
പിന്നെ, കേരളവർമ്മയിൽ, ഇംഗ്ലീഷ് സെമിനാറിൽ നാടകചരിത്രത്തെക്കു റിച്ച് പേപ്പർ അവതരിപ്പിക്കാൻ എന്നെ ക്ഷണിച്ചു ബിന്ദ്വേച്ചി. ഒരുപാടു നാൾ കൂടിയിട്ട് കണ്ടത് അന്നായിരുന്നു. എന്റെ കോളേജിലേക്ക് തിരിച്ച് ചെന്നതും അന്നായിരുന്നു.

സ്ത്രീകളെ സംബന്ധിച്ച്, വിവാഹശേഷം പൊതുപ്രവർത്തനം തുടരുകയെന്നത് അത്രയെളുപ്പം സാധ്യമാകുന്ന ഒന്നല്ല, പ്രത്യേകിച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകരുടെ ഭാര്യമാർക്ക്. വിദ്യാർത്ഥിപ്രസ്ഥാനത്തിൽ എന്നോടൊത്തുണ്ടായിരുന്ന പല വനിതാ സഖാക്കളും, ഒന്നിച്ച് പ്രവർത്തിച്ചിരുന്ന പുരുഷ സഖാക്കളെ വിവാഹം കഴിച്ച ശേഷം, ‘സ്വമേധയാ‘ രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ്, കുടുംബം സംരക്ഷിക്കാനായി സ്കൂളിലോ, സ്ഥലം സഹകരണ സംഘത്തിലോ ജോലിയുമായി ജീവിക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. ഭർത്താവിന്റെ രാഷ്ട്രീയപ്രവർത്തനത്തെ പിന്താങ്ങലും ഒരു രാഷ്ട്രീയ പ്രവർത്തനമാണല്ലോ എന്ന് അവർ സ്വയം സമാശ്വസിപ്പിക്കും. പിന്നെ, പ്രാരാബ്ധമൊക്കെയൊതുങ്ങി, എന്നു വെച്ചാൽ മക്കൾ വളർന്ന് ജോലിയും കല്യാണവുമൊക്കെയായാൽ, അപ്പോഴേക്കും മുട്ടുവാതമൊന്നും ബാധിച്ച് കിടപ്പായില്ലെങ്കിൽ, വേണമെങ്കിൽ തിരിച്ച് പൊതു പ്രവർത്തനത്തിനു ഇറങ്ങാം! ഇതിനൊക്കെ ഇടയിൽനിന്നുകൊണ്ട് പൊതുപ്രവർത്തനം തുടരുന്ന സ്ത്രീകൾക്കു പോലും, ഭർത്താവിന്റെ നിഴലിൽ നിന്ന് മോചനം കിട്ടില്ല എന്നത് വേറെ കാര്യം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീസംവരണം വന്നതോടെ, ഇങ്ങനെ, കുടുംബം സംരക്ഷിച്ച് ജീവിക്കുന്ന വനിതകളെ വീണ്ടും രംഗത്തിറക്കാതെ നിവൃത്തിയില്ല എന്നു വന്നിട്ടുണ്ട് എല്ലാവർക്കും. അങ്ങനെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, ഏറെക്കാലമായി കേൾക്കാതിരുന്ന പല പേരുകളും വീണ്ടും കേട്ടു തുടങ്ങിയിട്ടുണ്ട്.

എന്തായാലും, ഇത്രയും വർഷത്തിനു ശേഷം, ആർ. ബിന്ദു എന്ന ഞങ്ങളുടെ ബിന്ദ്വേച്ചിയെ, ഞങ്ങൾക്ക്, അതായത് ഇരിങ്ങാലക്കുടക്കാർക്ക് തിരിച്ചു കിട്ടുന്നുവെന്നതാണു ഈ തെരഞ്ഞെടുപ്പ് നേരിടുമ്പോഴുള്ള പ്രധാന സന്തോഷങ്ങളിലൊന്ന്. ഏറ്റവുമധികം ആഹ്ളാദിക്കുമായിരുന്ന ഒരാൾ – രാധാകൃഷ്ണൻ മാഷ് – ഇല്ലെങ്കിലും…

Leave a Reply