Home » എഡിറ്റേഴ്സ് ചോയ്സ് » ‘പൊന്നാനി അനങ്ങില്ല; ഇത് ജനുസ്സ് വേറെയാണ്’: നന്ദകുമാറിന് വൻവിജയം പ്രവചിച്ച് സ്പീക്കർ

‘പൊന്നാനി അനങ്ങില്ല; ഇത് ജനുസ്സ് വേറെയാണ്’: നന്ദകുമാറിന് വൻവിജയം പ്രവചിച്ച് സ്പീക്കർ

പൊന്നാനി ചെങ്കോട്ടയായി തുടരുമോ? പി. നന്ദകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുണ്ടായ വിവാദം ഇടതുപക്ഷത്തിന്റെ സാധ്യതയെ ബാധിക്കുമോ? പ്രസ്ഥാനത്തിന്റെ തോൽവിയും ഭിന്നിപ്പും സ്വപ്നം കണ്ടവർ നിരാശരാവേണ്ടി വരുമെന്ന് പറയുന്നു നിലവിലെ എംഎൽയും നിയമസഭാസ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ.

 

സ്ഥാനാർത്ഥി നിർണയത്തിന്റെ ആരവങ്ങൾ ഒഴിയുമ്പോൾ കടലിരമ്പലിന്റെ കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പൊന്നാനിയിലും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി സഖാവ് നന്ദേട്ടനെ വിജയിപ്പിക്കാനുള്ള പ്രവർത്തകരുടെ ഒരുമയോടെയുള്ള മുന്നേറ്റം കാണുമ്പോൾ പ്രസ്ഥാനത്തിന്റെ തോൽവിയും ഭിന്നിപ്പും സ്വപ്നം കണ്ടവർ ഹതാശരാവും. ഓർക്കുക, ഇത് ജനുസ് വേറെയാണ്.

രാജസ്ഥാനിലെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് 2011ലെ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിക്കാനുള്ള തീരുമാനം നേതൃത്വം എന്നെ അറിയിക്കുന്നത്. കഴിഞ്ഞ പത്തുവർഷം എന്റെ ജീവിതത്തിലെ ഏറ്റവും അർത്ഥപൂർണ്ണമായ ഒരു കാലമായിരുന്നു. പൊന്നാനിയിലെ ജനങ്ങൾ നൽകിയ സ്നേഹവാത്സല്യങ്ങൾക്ക് ഒന്നും പകരം വയ്ക്കാനാവില്ല. അർപ്പിതമായ ഉത്തരവാദിത്തങ്ങൾ പരമാവധി നിർവഹിക്കാൻ ശ്രമിച്ചു.

വികസനത്തിന്റെയും മാറ്റത്തിന്റെയും പാതയിൽ നാം ബഹുദൂരം മുന്നേറി. വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, ഗതാഗതം, ടൂറിസം, കുടിവെള്ളം, പാർപ്പിടം തുടങ്ങി എല്ലാ മേഖലയിലും എൽഡിഎഫ് സർക്കാർ നമ്മെ കയ്യയച്ച് സഹായിച്ചു. സമഗ്രതയുടെ ഒരു മുഖമായിരുന്നു പൊന്നാനിയുടെ വികസന പാക്കേജ്.

അതിന് തുടർച്ചയുണ്ടാകണം. അതുറപ്പാക്കാൻ സംഘടനാ പാടവവും അനുഭവസമ്പത്തുമുള്ള നേതാവാണ് നമ്മുടെ സ. നന്ദേട്ടൻ എന്ന പി. നന്ദകുമാർ.

ആരെല്ലാം എന്തെല്ലാം കുപ്രചാരണങ്ങൾ നടത്തിയാലും മതനിരപേക്ഷതയുടെ പൂമണം വീശുന്ന ഒരു പൂങ്കാവനം തന്നെയാണ് പൊന്നാനി. തീരദേശത്തെ മത്സ്യത്തൊഴിലാളികളും കോൾ നിലങ്ങളിലെ കർഷകരും തൊഴിലാളികളും മറ്റെല്ലാ ജനവിഭാഗവും ഒരുമയോടെ വാഴുന്ന ഈ മണ്ണിന്റെ സുഗന്ധം ലോകോത്തരമാണ്.

സത്യസന്ധരായ മനുഷ്യർക്ക് വൈകാരികമായ വിക്ഷോഭങ്ങളും വ്യതിയാനങ്ങളും ഉണ്ടായേക്കാം, അത് തിരുത്താവുന്നതേയുള്ളൂ. പക്ഷേ പ്രസ്ഥാനത്തിന്റെ ശക്തി ചോർത്തുന്ന ഒന്നും സംഭവിക്കാൻ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം ഉൾക്കൊള്ളുന്ന ആരും സമ്മതിക്കില്ല.

സഖാവ് പി. നന്ദകുമാറിനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് ഈ നാടിന്റെ വിപ്ലവ പാരമ്പര്യവും പോരാട്ടവീര്യവും ഉയർത്തിപ്പിടിക്കുവാൻ നമുക്ക് ഒരുമിക്കാം. തെറ്റിദ്ധാരണകളും അപവാദ പ്രചരണങ്ങളും വിവാദങ്ങളും അല്ല തൊഴിലാളിവർഗരാഷ്ട്രീയത്തിന്റെ തീജ്വാല ആണ് നമ്മെ നയിക്കേണ്ടത് എന്ന് എപ്പോഴും ഓർമ്മിക്കണം.

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനസേവന പ്രവർത്തനത്തിന്റെ ചരിത്രം സൃഷ്ടിച്ച ഒരു സർക്കാരിന് തുടർച്ച ഉണ്ടാവണം. അതിന് നാം എല്ലാവരും മുന്നിട്ടിറങ്ങണം.

രണ്ട് ടേം പൂർത്തീകരിച്ച സാമാജികർ പാർലമെന്റെറി രംഗത്തു നിന്ന് മാറി നിൽക്കണം എന്ന തീരുമാനം ഏറ്റവും ശരിയായ ഒന്നാണ്. അത് പാർട്ടിയുടെ ശക്തിയാണ് സൂചിപ്പിക്കുന്നത്. സംഘടനാ രംഗത്തെ പ്രവർത്തനവും പാർലമെന്റെറി പ്രവർത്തനവും ഒരുപോലെ പ്രധാനമാണ് എന്ന സന്ദേശമാണ് അതുവഴി നൽകുന്നത്.

പാർലമെന്റിൽ പ്രവർത്തിച്ചിരുന്ന കാലത്ത് സഖാവ് എകെജി എഴുതി: ‘നമുക്ക് സംഭവിക്കാനിടയുള്ള വ്യതിയാനങ്ങൾ രണ്ടാണ്. ഒന്ന്, പാർലമെന്റെറി രംഗത്തോടുള്ള അമിത താത്പര്യവും ആർത്തിയും, അതുപോലെ പാർലമെന്റെറി പ്രവർത്തനത്തിൽ എത്തിപ്പെട്ടാൽ അത് നിലനിർത്താനുള്ള പരിശ്രമങ്ങളും. ഈ രണ്ടു വ്യതിയാനങ്ങൾക്കും എതിരെയുള്ള സമരം ആണ് എന്റെ പാർലമെന്ററി ജീവിതം’. എകെജിയുടെ ഈ വാക്കുകളുടെ ഓർമ്മയുടെ കരുത്തിലാണ് പ്രസ്ഥാനം മുന്നോട്ടുപോകുന്നത്.

തൊഴിലാളിവ‍‌ർഗ്ഗരാഷ്ട്രീയത്തിന്റെ മൂശയിൽ വാർത്തെടുക്കുമ്പോഴാണ് ഒരാൾ കമ്മ്യൂണിസ്റ്റുകാരനാവുന്നത്.

1996 ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ കോഴിക്കോട്ടെ വിദ്യാർത്ഥി ഗ്രൂപ്പിൽ അംഗമായി പ്രവർത്തനമാരംഭിച്ച സ. നന്ദേട്ടൻ അരനൂറ്റാണ്ട് കാലമായി പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളിലുണ്ട്. 1970 ൽ കെ എസ് വൈ എഫ് ജില്ലാ പ്രസിഡന്റായും തിരൂരിൽ വിവിധ ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ചും ചെറുപ്രായത്തിൽ തന്നെ രംഗത്തെത്തിയ സഖാവ് നന്ദകുമാർ 1975 ൽ അടിയന്തരാവസ്ഥയിൽ മിസാ നിയമപ്രകാരം ജയിലിലടയ്ക്കപ്പെട്ടു.

സഖാവ് പിണറായി, കൊടിയേരി ബാലകൃഷ്ണൻ, എം വി രാഘവൻ, എം പി വീരേന്ദ്രകുമാർ, ഉമ്മർ ബാഫഖി തങ്ങൾ എന്നിവരെല്ലാം സഹതടവുകാരായിരുന്നു. ഒന്നേമുക്കാൽ വർഷക്കാലത്തെ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ സഖാവ് വിവിധ ട്രേഡ് യൂണിയനുകളിൽ സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പ്രവർത്തിച്ച് സിഐടിയുവിന്റെ ദേശീയ സെക്രട്ടറിയായി. അദ്ദേഹത്തിന്റെ ജീവിതവും സമരാനുഭവങ്ങളും നമുക്ക് മുതൽക്കൂട്ടാവും.

മാറുന്ന പൊന്നാനിയുടെ വൈവിധ്യപൂർണമായ സംരംഭങ്ങളൊക്കെയും യാഥാർത്ഥ്യമാക്കണം, അതിന് നന്ദകുമാറിന്റെ സാന്നിദ്ധ്യം നമ്മുടെ ശക്തിയാണ്.

വല്ലാത്ത ഒരു ആത്മബന്ധത്തിന്റെ സുകൃതമാണ് എനിക്ക് ഈ പൊന്നാനിക്കാലം. മറക്കാനാവാത്ത സ്നേഹവാത്സല്യങ്ങളുടെ വറ്റാത്ത ഉറവ. എന്നോ മുറിഞ്ഞുപോയ ഒരു പൊക്കിൾക്കൊടി ബന്ധത്തിന്റെ പുനർയോജിപ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ കെടാവിളക്ക് പോലെ അത് ഹൃദയത്തോട് ചേർത്ത് പിടിച്ചുകൊണ്ടേയിരിക്കും. ജനപ്രതിനിധി ആയിട്ടല്ലാതെയും പൊന്നാനിക്കാരൻ ആയി ജീവിക്കാൻ ഉള്ള ഊർജ്ജം എനിക്ക് ലഭിച്ചുകഴിഞ്ഞിരിക്കുന്നു. എല്ലാവർക്കും നന്ദി. സഖാവ് നന്ദകുമാറിന്റെ വിജയത്തിനായി കൈമെയ് മറന്ന് രംഗത്തിറങ്ങണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Leave a Reply