Home » ഇൻ ഫോക്കസ് » ‘മതമൈത്രിയും സൗഹൃദങ്ങളുമാണ് പ്രധാനം’: കൊണ്ടോട്ടിക്കറിയാം ഈ സ്നേഹരാഷ്ട്രീയം

‘മതമൈത്രിയും സൗഹൃദങ്ങളുമാണ് പ്രധാനം’: കൊണ്ടോട്ടിക്കറിയാം ഈ സ്നേഹരാഷ്ട്രീയം

സ്നേഹവും സാഹോദര്യവും തുളുമ്പുന്ന ഏറനാടൻ പാരമ്പര്യത്തിന്റെ നേരവകാശി. ജനവിധി തേടുന്ന കാട്ടിപ്പരുത്തി സുലൈമാൻഹാജിയെ അങ്ങനെയാണ് കൊണ്ടോട്ടിക്കാർക്ക് പരിചയം. അഞ്ചുവർഷങ്ങൾക്കുമുമ്പ് സുലൈമാൻഹാജി അയൽപക്കത്തെ ഭഗവതിക്ഷേത്രത്തിൽ സഹപാഠികളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത ഒരു ദൗത്യത്തെക്കുറിച്ച്, പ്രസിദ്ധ മാധ്യമപ്രവർത്തകൻ മുസാഫിർ.

കൊണ്ടോട്ടി മുതുവല്ലൂർ ഭഗവതിക്ഷേത്രം. നാന്നൂറുവർഷം പഴക്കമുണ്ട് ഈ ചരിത്രശേഷിപ്പിന്.

തെ, മലപ്പുറം എന്നും അങ്ങനെയായിരുന്നു. മതമൈത്രിയുടെ സ്നേഹപൈതൃകമാണ് മലപ്പുറത്തിന്റെ മുഖമുദ്ര. കൊണ്ടോട്ടിക്കടുത്ത മുതുവല്ലൂർ ഭഗവതിക്ഷേത്രത്തിന് ജീർണ്ണതയിൽനിന്ന് മുക്തിനൽകി ഹൈന്ദവവിശ്വാസികൾക്ക് സൗകര്യമായി തൊഴാനുള്ള അവസരമൊരുക്കിയത് ജിദ്ദയിൽ പ്രവാസിയായ കെ. പി. സുലൈമാൻഹാജി. സമുദായമൈത്രിയുടെ പുതിയൊരു അദ്ധ്യായമാണ് ഇതുവഴി രചിക്കപ്പെട്ടത്. കഴിഞ്ഞ അരനൂറ്റാണ്ടായി പുനർനിർമ്മാണത്തിനു വഴികാണാതെ തീർത്തും ജീർണ്ണാവസ്ഥയിൽ ആയിരുന്നു നാന്നൂറ് വർഷം പഴക്കമുള്ള ഈ പുരാതനക്ഷേത്രം.

സാമ്പത്തിക ക്ലേശംകാരണം ചോർന്നൊലിക്കുന്ന മേൽക്കൂരയും പൂതൽപിടിച്ച കഴുക്കോലും വര്ഷങ്ങളോളം അങ്ങനെ കിടന്നു. ക്ഷേത്രകമ്മിറ്റി സെക്രട്ടറി ചന്ദ്രൻ പുല്ലിത്തൊടിയും മറ്റു ഭാരവാഹികളുമാണ് അവധിയിൽ നാട്ടിലുണ്ടായിരുന്ന സുലൈമാൻഹാജിയുടെ ശ്രദ്ധയിൽ അമ്പലത്തിന്റെ പരിതാപകരമായ സ്ഥിതി കൊണ്ടുവന്നത്. മേൽക്കൂര മേയാനുള്ള 144 കിലോഗ്രാം ചെമ്പ്, പന്തലിനാവശ്യമായ സാമഗ്രികൾ എന്നിവ താൻ നൽകാമെന്ന് സുലൈമാൻഹാജി സമ്മതിച്ചു. ചുറ്റുവട്ടത്തെ ക്ഷേത്രഭക്തരിൽ അളവറ്റ ആഹ്ലാദമാ പകരുന്നതായിരുന്നു സുലൈമാൻഹാജിയുടെ തീരുമാനം.

അയൽവാസികളായ മുസ്ലിംയുവാക്കളും സഹായത്തിനെത്തി. അങ്ങനെ പുനർനിർമ്മാണം തുടങ്ങി.

അഞ്ഞൂറുപേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തലും മേൽക്കൂരയിൽ വർത്തുളാകൃതിയിൽ പാകാനുള്ള ആധുനികലോഹം പൂശിയ ചെമ്പും ഉൾപ്പെടെയായി ക്ഷേത്രനവീകരണജോലികൾ തകൃതിയായി. ഇതിനാവശ്യമായ മുഴുവൻ കാര്യങ്ങളും ചെയ്തുതീർത്താണ് സുലൈമാൻഹാജി അപ്രാവശ്യം ജിദ്ദയിൽ മടങ്ങിയെത്തിയത്.

‘എന്റെ വീടിന് വിളിപ്പാടകലെയുള്ള അമ്പലമാണിത്. സുഹൃത്തുക്കളും സഹപാഠികളുമാണ് സഹായംതേടി വന്നത്. അപ്പോൾത്തന്നെ എല്ലാ സഹകരണവും അവർക്ക് വാക്കുനല്കി’ – സുലൈമാൻഹാജി പറഞ്ഞു.

”മതസൗഹാർദ്ദത്തിന് പേരുകേട്ട നമ്മുടെ നാട്ടിൽ ഇത് വലിയ കാര്യമല്ല. എങ്കിലും, പരസ്പരം സംശയത്തോടെ നോക്കുന്ന പുതിയ കാലത്തെ പ്രവണതകൾക്കിടക്ക് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാലം പണിയാൻ ഇതുപോലത്തെ യോജിപ്പുകൾ സഹായിക്കുമെന്നാണ് എന്റെ വിശ്വാസം’ – ഇതാണ് സുലൈമാൻഹാജിയുടെ നിലപാട്.

ജിദ്ദയിൽ രണ്ട് സ്‌കൂളുകൾ നടത്തുകയാണ് സുലൈമാൻഹാജി.

 

(ജിദ്ദയിൽനിന്ന് ഇറങ്ങുന്ന ‘മലയാളം ന്യൂസ്’ 2016ൽ പ്രസിദ്ധീകരിച്ചതാണിത്. ‘ഹിന്ദുക്ഷേത്രത്തിന് മുസ്ലിംപ്രവാസി നിർമ്മിച്ചത് മൈത്രിയുടെ താഴികക്കുടം’ എന്ന തലക്കെട്ടിലാണത് വന്നിരുന്നത്.)

Leave a Reply