Home » ഇൻ ഫോക്കസ് » ലീഗിനെ കിടുക്കി ക്യാപ്റ്റന്റെ പടയോട്ടം; മലപ്പുറം ജില്ലയിലും ഇടതുതരംഗം
പിണറായി കൊണ്ടോട്ടിയിൽ പ്രചാരണത്തിനെത്തിയപ്പോൾ

ലീഗിനെ കിടുക്കി ക്യാപ്റ്റന്റെ പടയോട്ടം; മലപ്പുറം ജില്ലയിലും ഇടതുതരംഗം

മുന്നണിയെ നയിക്കാനെന്നപേരിൽ ഓടിപ്പോന്ന കുഞ്ഞാലിക്കുട്ടിതന്നെ സ്വന്തം മണ്ഡലത്തിൽ കെട്ടിയിടപ്പെട്ട നിലയിലാണ്. അപ്പോഴാണ് നരിമടയിൽ കടന്നുകയറിയുള്ള ഇടതുമുന്നണിയുടെ ക്യാപ്റ്റന്റെ ആക്രമണവും ജനങ്ങളുടെ വൻ പ്രതികരണവും. മലപ്പുറം തെരഞ്ഞെടുപ്പുവേദി അവലോകനംചെയ്തുതുടങ്ങുന്നു, ഏറനാടൻ.

 

രു മണ്ഡലവും മുസ്ലിംലീഗിന് സുരക്ഷിതമല്ലാതാക്കിക്കൊണ്ട് മലപ്പുറം ജില്ലയിലും എൽഡിഎഫിന് അനുകൂലമായ വൻ തരംഗം. ഇക്കാലംവരെ ഇളകാത്ത കൊണ്ടോട്ടിയടക്കം, ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളും കടുത്ത പോരാട്ടത്തിലേക്ക് ഉണർന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തെരഞ്ഞെടുപ്പുറാലികളിൽ ഇടതുമുന്നണിനേതൃത്വംപോലും പ്രതീക്ഷിക്കാത്ത ജനാവലി അണിനിരന്നത് കുഴപ്പങ്ങളിൽ കുഴങ്ങുന്ന ലീഗിനെ കൂടുതൽ കുഴപ്പത്തിലാക്കും.

മലപ്പുറം ജില്ലയുടെ തെരഞ്ഞെടുപ്പുചരിത്രത്തിലാദ്യമായി യുഡിഎഫിന്റെ നട്ടെല്ലായ മുസ്ലിംലീഗ് ആകെ ചിതറി നിൽക്കുന്നതാണ് പിണറായി വരുന്നതിനു മുമ്പുതന്നെ കാഴ്ച. അടിയുറച്ച ചുരുക്കം അണികളൊഴികെ അടിത്തറയാകെ ചാഞ്ചാടി നിൽക്കുന്ന അവസ്ഥ.

തിരൂരങ്ങാടിയിൽ ജനവിധി തേടാൻ പാർട്ടി നിശ്ചയിച്ച പാർട്ടി ജനറൽ സെക്രട്ടറിക്ക് ഒടുവിൽ സീറ്റ് ഉറച്ചുകിട്ടിയത് അണികളുടെ ഔദാര്യംകൊണ്ടുമാത്രമാണ്. അതിന്റെ അങ്കലാപ്പ് മറയില്ലാതെ പ്രകടിപ്പിച്ചുകൊണ്ടാണ് കെ പി എ മജീദിന്റെ പ്രചാരണം നടക്കുന്നതും.

അവിഹിതസമ്പാദ്യമൊന്നുമില്ലാത്ത ലീഗുകാരനാണ് താനെന്നും തന്നെ കൈവിടരുതെന്നുമുള്ള മജീദിന്റെ പ്രസംഗഭാഗങ്ങൾ ലീഗ് കേന്ദ്രങ്ങളിൽ പരന്നൊഴുകുകയാണ്. താൻ മറ്റ് ലീഗ് നേതാക്കളെപ്പോലെയല്ല എന്നമട്ടിലുള്ള കുത്ത് മറ്റ് പല ലീഗ് നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും നെഞ്ചിൽ കൊള്ളുന്നതാണെന്ന് അണികൾ അടക്കംപറയുന്നു. ആരെയാണ് ലാക്കാക്കുന്നതെന്ന് മജീദ് ഉള്ളുതുറന്നിട്ടില്ലെങ്കിലും സ്വന്തംനിലക്ക് അണികളതിന് വ്യാഖ്യാനങ്ങൾ കൊടുത്തുതുടങ്ങി.

യുവതുർക്കികളായ നേതാക്കൾക്കുപോലും അണികളിൽ ഒരു അലയും സൃഷ്ടിക്കാനാവുന്നില്ലെന്നത് ലീഗ് നേതൃത്വത്തിന് പകപ്പായിട്ടുണ്ട്. അഴിമതിവിരുദ്ധപോരാളിയായി സ്വയം അവതരിപ്പിച്ച് സ്ഥാനാർത്ഥിത്വത്തിന് തുടക്കംതൊട്ടേ ചരടുവലിച്ച പി കെ ഫിറോസ് പാർട്ടിക്കകത്തെ ഹീറോ പരിവേഷമൊക്കെ കെട്ടഴിഞ്ഞു ചിതറിയ നിലയിലാണ്. ഫണ്ട് വെട്ടിപ്പ് ആരോപണത്തിനൊന്നും കൃത്യമായ മറുപടി നൽകാതെ തെരഞ്ഞെടുപ്പിലേക്ക് ഫിറോസിനെ കെട്ടിയിറക്കിയത് വീഴ്ചയായെന്ന് യൂത്ത് ലീഗിൽത്തന്നെ അഭിപ്രായമുണ്ട്.

ജമായത്തെ ഇസ്ലാമിയുടെ പ്രചാരണതന്ത്രങ്ങൾ മാത്രമാണ് എൽഡിഎഫിനെതിരെ എടുത്തു പയറ്റാൻ ആകെയുള്ളതെന്നതിലും ലീഗിന് നാണക്കേടുണ്ട്. ഇരു വിഭാഗം സുന്നികളുടെയും പിന്തുണ, പരമ്പരാഗത ലീഗ് കോട്ടകളിലടക്കം നഷ്ടമാക്കിയത് ഇത്തരം മതതീവ്രപക്ഷങ്ങൾക്ക് ലീഗ് നേതൃത്വം വഴിപ്പെട്ടതുകൊണ്ടാണെന്ന വിലയിരുത്തലിന് ലീഗണികളിൽ സ്വീകാര്യത ഏറി വരികയാണ്.

സുന്നി നേതൃത്വങ്ങൾ പല കാലങ്ങളിലായി ഇക്കാര്യത്തിൽ നൽകിയ മുന്നറിയിപ്പുകൾ കെ പി എ മജീദ് അടക്കമുള്ള നേതാക്കൾ തള്ളിക്കളഞ്ഞത് ഇവർ ചൂണ്ടിക്കാട്ടുന്നു. മജീദിനും ലീഗ് സ്ഥാനാർത്ഥികൾക്കും മാത്രമല്ല, മറ്റു യുഡിഎഫ് സ്ഥാനാർത്ഥികൾക്കും അതിന്റെ വില കൊടുക്കേണ്ടിവരുമെന്നതാണ് ജില്ലയിലെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സീൻ.

ജില്ലയിൽ എൽഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്ന തവനൂരിലെ സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ ടി ജലീലിന്റെ വെളിപ്പെടുത്തൽ ഒരു മണ്ഡലവും സുരക്ഷിതമല്ലെന്ന ചർച്ച ലീഗിൽ ഉണർത്തിയിട്ടുണ്ട്. ലീഗിലെ അസ്വാരസ്യങ്ങൾ അനുഭവിക്കുന്നതുകൊണ്ടു മാത്രമല്ല ജലീലിന്റെ പ്രവചനം ഇവരിൽ ബേജാറുണർത്തുന്നത്. കോൺഗ്രസിനകത്തെ ഉരുൾപൊട്ടലുകൾ പുറത്തുവരുന്നതും ദിവസമെന്നോണം അവർ കാണുന്നുണ്ട്. മറ്റ് പ്രധാന യുഡിഎഫ് കക്ഷികളെയും വിശ്വസിക്കാൻ പറ്റില്ലെന്ന തരത്തിൽ ലീഗണികളിൽ മുന്നണിസംവിധാനത്തിലുള്ള അവിശ്വാസം പുകഞ്ഞുതുടങ്ങി.

കേരളം പൊതുവിൽ പിണറായിയുടെ നേതൃത്വത്തിലൊരു സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യമാണ് ലീഗിന്റെ ഏറ്റവും വലിയ വെല്ലുവിളി. പുറമേക്ക് ലീഗണികളായി അറിയപ്പെടുന്നവരിൽനിന്നുപോലും സർക്കാരിനെതിരെ പറയിപ്പിക്കാൻ കഴിയുന്നില്ല. മാധ്യമങ്ങളിൽ വൈറലാകുന്ന പല പ്രതികരണങ്ങളും ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽനിന്നാണ്. പരമ്പരാഗത യുഡിഎഫ് വോട്ടർമാരാണെന്നും എന്നാലിക്കുറി വോട്ട് പിണറായിയുടെ തുടർഭരണത്തിനാണെന്നും മാധ്യമങ്ങളോട് തുറന്നടിക്കുകയാണീ പ്രതികരണങ്ങൾ..

മുന്നണിയെ നയിക്കാനാണ് എംപി സ്ഥാനം ഇട്ടെറിഞ്ഞ് പോന്നതെന്ന് പ്രചരിപ്പിക്കപ്പെട്ട കുഞ്ഞാലിക്കുട്ടിതന്നെ പോരാട്ടം നിസ്സാരമായിക്കാണാനാവാതെ സ്വന്തം മണ്ഡലത്തിൽ കെട്ടിയിടപ്പെട്ട നിലയിലാണ്. അതിനിടക്കാണ് നരിമടയിൽ കടന്നുകയറിയുള്ള ആക്രമണംപോലെ ഇടതുമുന്നണിയുടെ ക്യാപ്റ്റന്റെ, ജില്ലയിലെ ലീഗിനെ വിറപ്പിച്ചുകൊണ്ടുള്ള പടയോട്ടം.

Leave a Reply