Home » ന്യൂസ് & വ്യൂസ് » ലീഗിന് ഓര്‍മ്മയുണ്ടോ രജനി എസ് ആനന്ദിനെ ?

ലീഗിന് ഓര്‍മ്മയുണ്ടോ രജനി എസ് ആനന്ദിനെ ?

മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ രണ്ട് വിശിഷ്ട അതിഥികളുണ്ടായിരുന്നു. ഹൈദരാബാദ് യൂണിവേഴിസിറ്റിയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ ഇവര്‍ മുഖ്യാതിഥികളായെത്തിയത്. രോഹിതിന് വേണ്ടി, ഇനിയൊരു രോഹിത് ഉണ്ടാവാതിരിക്കാനായി പിന്തുണതേടിയാണ് മുസ്ലീം ലിഗീന്റെ കേരള യാത്രയുടെ സമാപന ചടങ്ങില്‍ ഇരുവരും എത്തിയത്. സൗഹൃദം, സമത്വം, സമന്വയം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ലീഗിന്റെ കേരളയാത്ര. മതേതരത്വത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി രാഷ്ട്രീയ വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാതെയായിരുന്നു യാത്ര മുന്നോട്ടു കൊണ്ടുപോയത്. അതിന്റെ ഭാഗമായി ദലിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ മുസ്ലിംലീഗിന്റെ സജീവ ഇടപെടല്‍ ലക്ഷ്യമിട്ടാണ് സമാപന ചടങ്ങില്‍ രോഹിതിന്റെ കുടുംബത്തെ പങ്കെടുപ്പിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. ദലിത് വിഷയങ്ങള്‍ ഏറ്റെടുത്ത് ലീഗിനെ വിമര്‍ശിക്കുന്ന തീവ്ര മുസ്ലിം സംഘടനകള്‍ക്കുള്ള മറുപടി കൂടിയായി ലീഗിന്റെ ഈ നീക്കത്തെ കാണാം. പാര്‍ലമെന്റില്‍ വിഷയമുന്നയിക്കുമെന്ന് ലീഗ് നേതൃത്വം രോഹിതിന്റെ കുടുംബത്തിന് ഉറപ്പുനല്‍കിയിട്ടുമുണ്ട്.
നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് രോഹിതിന്റെ കുടുംബം അറിയിക്കുന്നു. ജാതിവെറിക്കിരയായി ഇനി മറ്റൊരമ്മയുടെ കണ്ണീര്‍ കൂടി വീഴാതിരിക്കാനായാണ് അവര്‍ പോരാടുന്നത്. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ദളിത് പീഡനത്തിനെതിരെ ശക്തമായി പോരാടുമെന്നും പറയുന്ന ലീഗുകാര്‍ രോഹിതിനു മുമ്പ് ഒരു നോട്ട് ബുക്കിന്റെ ആദ്യ പേജില്‍ ”  i am going from the world”( ഈ ലോകത്തോട് വിട) എന്ന് കുറിച്ചിട്ട് സംസ്ഥാന പ്രവേശന കമ്മിഷന്റെ ആറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദിനെക്കൂടി മറന്നു പോയിരിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടവത്കരണത്തിനെതിരെ തന്റെ ജീവിതം കൊണ്ട് ചോദ്യ ചെയ്ത രജനി എസ്. ആനന്ദ് മരിച്ചത് 2004 ജൂലൈ 22ന് ആയിരുന്നു. അന്ന് കേരളത്തിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ തലവന്‍ ഇന്ന് കേരളയാത്രയുടെ അമരക്കാരനായ പികെ കുഞ്ഞാലിക്കുട്ടിയും. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവൃത്തിക്കേണ്ട മന്ത്രി അന്ന് രജനിയുടെ കുടുംബത്തിനോ ഇനിയൊരു രജനി കേരളത്തില്‍ ഉണ്ടാകാതിരിക്കുന്നതിനോ വേണ്ടി ഒന്നും ചെയ്യുകയുണ്ടായില്ല. അന്ന് ഭരണത്തിലുണ്ടായിരുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയായ ലീഗ് രജനിയുടെ മരണത്തില്‍ നിശബ്ദമായിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇന്ന് രോഹിത്തിന്റെ മരണം ആഘോഷിക്കുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദാരിദ്ര്യത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത രജനിയെ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ മറന്നു പോയിരിക്കുന്നു. ഇന്ന് രോഹിതിന്റെ മരണത്തിലെന്ന പോലെ അന്ന് രജനിയുടെ മരണത്തിലും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. പിന്നീട് ഇതേ എല്‍ഡിഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാവപ്പെട്ടവര്‍ക്കും പഠനം ഉറപ്പാക്കുന്ന തരത്തില്‍ സ്വാശ്രയ നിയമം വന്നു. വേണ്ടത്ര പഠനം നടത്താതെ നിലവില്‍ കൊണ്ടുവന്ന നിയമം കോടതി അസാധുവാക്കി. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് പകല്‍കൊള്ള നടത്താനുള്ള അവസരം അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എംഎ ബേബി തന്നെ നല്‍കി. രജനിയുടെ മരണത്തിന് പകരമായി സമൂഹത്തില്‍ യാതൊരു മാറ്റവും നടന്നില്ല. സിപിഐഎം പ്രവര്‍ത്തകര്‍ പിരിവെടുത്ത് നാലു ലക്ഷം രൂപയ്ക്ക് രജനിയുടെ കുടുംബത്തിന് വീട് വച്ച് നല്‍കി. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച സഹോദരന് സഹകരണ അക്കാദമിയില്‍ ക്ലാര്‍ക്ക് കം അന്റന്‍ഡറായി ജോലിയും നല്‍കി. രജനിയുടെ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണക്കമ്മീഷനെ നിയമിച്ചിരുന്നു. രജനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു അന്വേഷണക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഈ നഷ്ടപരിഹാരത്തുക ഇതുവരെയും രജനിയുടെ കുടുംബത്തിന് കിട്ടിയിട്ടില്ല. രജനിയുടെ മരണം ഇപ്പോള്‍ കുടുംബത്തിന്റെ മാത്രം നഷ്ടമായി ഒതുങ്ങിപ്പോയിരിക്കുന്നു. അതിനിടെയിലാണ് ജാതീയതയുടെ പേരില്‍ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തതും അത് രാഷ്ട്രീയമായ മുതലെടുപ്പിന് രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നതും.

Leave a Reply